Wednesday, May 27, 2015

മര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ എങ്ങനെ സുറിയാനിക്കാരായി

ഇക്കഴിഞ്ഞ ജൂണ്‍ 29 ന് പള്ളികളില്‍ വായിക്കുന്നതിനായി സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഒരു ഇടയലേഖനം പുറപ്പെടുവിച്ചിരുന്നു. ഭാരതത്തിന്റെ അപ്പസ്‌തോലനായ തോമാശ്ലീഹായുടെ ഓര്‍മ്മപ്പെരുനാള്‍ ആഘോഷിക്കുന്ന ജൂലൈ 3 ദുക്‌റാനാ ദിനം പ്രമാണിച്ചുകൊണ്ടുള്ള ഇടയലേഖനമായിരുന്നു അത്.

തോമാ ശ്ലീഹായില്‍ നിന്നും വിശ്വാസം സ്വീകരിച്ചെന്നു വിശ്വസിക്കുന്ന കേരളസഭയെ മര്‍ത്തോമ്മാ ക്രിസ്ത്യനികളുടെ സഭ എന്നാണ് മാര്‍ ആലഞ്ചേരി അഭിസംബോധന ചെയ്തിരിക്കുന്നത്. എന്നാല്‍ മര്‍ത്തോമ്മാ കത്തോലിക്കാസഭ എന്നതിനുപകരം സീറോമലബാര്‍ സഭ എന്നാണ് മര്‍ത്തോമ്മാ സഭ അറിയപ്പെട്ടുവരുന്നത്; ഇതെങ്ങനെ വന്നു എന്ന് അദ്ദേഹം പറയുന്നില്ല. ഇത്രയും പറഞ്ഞപ്പോള്‍ അതുകൂടി വിസ്തരിക്കേണ്ടതായിരുന്നു. അതുണ്ടായില്ല.

വിശ്വാസ പാര്യമ്പര്യങ്ങളുടെ വൈവിധ്യം ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പ്രത്യേകതയാണെന്ന് മാര്‍ ആലഞ്ചേരിപറയുന്നുണ്ട്. ഭാരതത്തിന്റെ മത,ഭാഷ, ജാതി,സംസ്‌ക്കാര വൈവിധ്യങ്ങളുടെ നടുവില്‍ നിന്നുവേണം നാമിന്നു ക്രസ്തുവിനെ പ്രഘോഷിക്കുവാനും അവിടുത്തേക്ക് സാക്ഷ്യം വഹിക്കുവാനും എന്ന് ഇടയലേഖനത്തിന്റെ രണ്ടാം പേജില്‍ പറഞ്ഞിരിക്കുന്നു. പിതാവിന്റെ ഈ പ്രസ്താവനയ്ക്ക് കടകവിരുദ്ധമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍. സീറോമലബാര്‍ ഹയരാര്‍ക്കിയോട് ചേര്‍ന്നുനില്‍ക്കുന്ന കോട്ടയം അതിരൂപതയില്‍പെട്ട തെക്കുംഭാഗ സമുദായത്തിന്റെ ജാതിയതയേയും സംസ്‌ക്കാരത്തെയും അവര്‍ പാലിച്ചുപോരുന്ന സ്വവംശവിവാഹ നിഷ്ഠയേയും ഉള്‍ക്കോള്ളാന്‍ അദ്ദേഹത്തിനിപ്പോള്‍ ആകുന്നില്ല. 1911 ല്‍ വികാരിയാത്തും 1923ല്‍ രൂപതയും 2005 ല്‍ അതിരൂപതയുമായി പരിശുദ്ധ സിംഹാസനത്താല്‍ ഉയര്‍ത്തപ്പെട്ടതും, അറുപതോളം രാജ്യങ്ങളിലായി സീറോമലബാര്‍ സഭയുടെ വക്താക്കളായി കഴിയുന്ന ഒന്നേമുക്കാല്‍ലക്ഷം വിശ്വാസി സമൂഹത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം സീറോമലബാര്‍ ഹയരാര്‍ക്കിയുടെ പരസ്‌നേഹത്തിന്റെ നീര്‍ച്ചാലുകള്‍ വറ്റിപ്പോയിരിക്കുന്നു. ഉത്തരേന്ത്യയിലെ ആദിവാസി ഗോത്രങ്ങളുടെ ജാതിയും സംസ്‌ക്കാരവും ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനു പൊന്നു മനസാണ്. ക്‌നാനായ വംശീയതയെ ഉള്‍കൊണ്ടാല്‍ ഭൂരിപക്ഷമായ വടക്കുംഭാഗ വിഭാഗം രണ്ടാംതരക്കാരാകുമോ എന്ന ഭയം മാര്‍ ആലഞ്ചേരിയെ അലട്ടുന്നുണ്ടാകാം.

ക്‌നാനായക്കാര്‍ എന്ന് ഇന്നറിയപ്പെടുന്ന തെക്കുംഭാഗ സമുദായത്തിന്റെ തനതായ നിലനില്‍പ്പിനാധാരമായ സ്വവംശവിവാഹം റോം അംഗീകരിക്കുന്നില്ലന്നാണ് സീറോമലബാര്‍ ഹയരാര്‍ക്കി പറയുന്നത്. ഈ സമുദായത്തിന്റെ തനതായിട്ടുള്ളതെല്ലാം അംഗീകരിച്ചുകൊണ്ട്. രൂപത അതിരൂപത ആക്കിയതിനുശേഷം ഇവിടെ എന്താണുണ്ടായത്. റോമിനു താല്പര്യമില്ല എന്നു വെറുതെ പറഞ്ഞൊഴിയാനാവില്ല. 2005നുശേഷം സീറോമലബാര്‍ ഹയരാര്‍ക്കിയില്‍ നിന്നും കോട്ടയം അതിരൂപതയ്‌ക്കെതിരെ സംഘടിതമായ നീക്കമുണ്ടായെന്ന് സ്വാഭാവികമായും അനുമാനിക്കാം.

തോമാശ്ലീഹ സുറിയാനിക്കാരാനാണോ?

വ്യക്തമായ രേഖകള്‍ ഇല്ലങ്കില്‍കൂടി കേരളത്തിലെ ക്രിസ്ത്യാനികളുടെ പാരമ്പര്യം മര്‍ത്തോമ്മാ ശ്ലീഹായില്‍ നിന്നുമാണെന്ന് അഭിമാനിക്കുന്നു നല്ലതുതന്നെ. തോമാശ്ലീഹാ വേദം പ്രചരിപ്പിച്ചു എന്നു വിശ്വസിക്കുന്ന, ശ്ലീഹായുടെ പാരമ്പര്യം അവകാശപ്പെടുന്ന തമിഴ്‌നാട്, കാശ്മീര്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ മര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ ലത്തീന്‍ ആരാധന ക്രമമാണ് പിന്തുടരുന്നത്. എങ്ങനെ കേരളത്തില്‍ മാത്രം തോമാശ്ലീഹാ സുറിയാനിക്കാരനായി? സുറിയാനി ഭാഷയും ആരാധനക്രമവും എവിടെനിന്നും മര്‍ത്തോമ്മാ ക്രിസ്ത്യനികള്‍ സ്വീകരിച്ചുഎന്ന് സീറോമലബാര്‍ ചരിത്രകാരന്മാര്‍ വ്യക്തമാക്കുന്നില്ല. സീറോമലബാര്‍ സഭയുടെ സത്യസന്ധമായ ഒരു ചരിത്രം രചിക്കുന്നതില്‍ നിന്നും ചരിത്രകാരന്മാര്‍ വിട്ടുനില്‍ക്കുന്നതിനു കാരണം ക്‌നാനായ സമുദായത്തെ പരാമര്‍ശിക്കേണ്ടിവരും എന്നതു കൊണ്ടു മാത്രമാണ്.

AD 345 ല്‍ ക്‌നായിതൊമ്മന്റെ നേതൃത്വത്തില്‍ മലങ്കരയില്‍ വന്നിറങ്ങിയ യൗസേപ്പുമെത്രാനും  വൈദികരും ശെമ്മാശന്മാരും നാന്നൂറോളം വിശ്വാസികളും അടങ്ങിയ സുറിയാനി സമൂഹമാണ് സുറിയാനി ആരാധനക്രമവും സുറിയാനിഭാഷയും ഇവിടെ കൊണ്ടുവന്നത്.

ഈ ഒരു യാഥാര്‍ത്ഥ്യം ചരിത്രത്തിന്റെ പിന്‍ബലത്തോടെ നിലനില്‍ക്കുമ്പോള്‍ അതിനെ അംഗീകരിക്കാതെ, തോമ്മാശ്ലീഹാ കേരളത്തില്‍ വന്നതിനു യാതൊരുതെളിവും ഇല്ലാതിരിക്കെ അതിനെ കണ്ണടച്ച് അംഗീകരിക്കുകയും ചെയ്യുന്ന വിരോധാഭാസമാണ് ഇവിടെ നിലവിലുള്ളത്.

പിതാവിന്റെ ഇടയലേഖനത്തില്‍ സീറോമലബാര്‍ സഭയെന്ന് ഉദ്ധരിക്കാതെയിരുന്നതിന്റെ കാരണം, ക്‌നാനായ പ്രേഷിത കുടിയേറ്റ സമൂഹത്തെ പരാമര്‍ശിക്കേണ്ടി വരുമെന്നതുകൊണ്ടാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. തെക്കുംഭാഗ സമുദായത്തിന്റെ കുടിയേറ്റചരിത്രത്തെ തമസ്‌ക്കരിച്ചാല്‍,മര്‍ത്തോമ്മാസഭ സുറിയാനി സഭ ആയതെങ്ങനെയെന്ന് നിങ്ങള്‍ക്ക് വിശദീകരിക്കാനാകാതെവരും എന്നോര്‍ക്കണം. സീറോമലബാര്‍ സഭ വെറും മലബാര്‍ സഭയായി ചുരുങ്ങി പോകും എന്ന വിചാരം ഉണ്ടായാല്‍ നന്ന്.

മര്‍ത്തോമ്മാ ശ്ലീഹാക്ക് ശേഷംനിലവില്‍വന്ന മര്‍ത്തോമ്മാ മാര്‍ഗമെന്ന ഭരണരീതിയാണ് സീറോമലബാര്‍ സഭ ഒഴികെയുള്ള കേരളത്തിലെ മര്‍ത്തോമ്മാ പാരമ്പര്യമുള്ള ഇരതസഭകള്‍ ഇന്നും പിന്തുടരുന്നത്.

മെത്രാന്‍ ആത്മീയ കാര്യങ്ങളുടെ മേലന്വേഷകനും ഇടവകയോഗക്കാര്‍ ഒന്നടങ്കം തെരഞ്ഞെടുക്കുന്ന ജാതിക്കു തലവന്‍ അര്‍ക്കദിയാര്‍ക്കോന്‍ ഭൗതിക കാര്യങ്ങളുടെ നടത്തിപ്പുകാരനുമായുള്ള തോമാമാര്‍ഗത്തെ ദൂരെ എറിഞ്ഞും,മെത്രാന്‍ കേന്ദ്രീകൃതമായ ലത്തീന്‍ ഭരണക്രമം ആവാഹിച്ചെടുത്തും, ക്‌നാനായ്ക്കാര്‍ കൊണ്ടുവന്ന സുറിയാനി ആരാധനാക്രമം എടുത്തണിഞ്ഞും, നിലനില്‍ക്കുന്ന സീറോമലബാര്‍ എന്ന സങ്കരസഭ അവരുടെ യത്ഥാര്‍ത്ഥ ചരിത്രത്തെയോ തോമാമാര്‍ഗത്തെയോ പരിഗണിക്കുന്നേയില്ല.

അല്മായ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും ഡയറക്ടര്‍മാരുടെ സമ്മേളനത്തില്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ആവശ്യം വ്യക്തമാക്കുകയുണ്ടായി എന്ന് ആലഞ്ചേരിപിതാവ് ഇടയലേഖനത്തില്‍ എഴുതുന്നുണ്ട്. സീറോമലബാര്‍ സഭയിലെ സംഘടനകളുടെയെല്ലാം ഡയറക്ടര്‍മാര്‍ വൈദികരാണെന്നോര്‍ക്കണം. ഇവര്‍ ചേര്‍ന്നിരുന്നാണ് അല്മായര്‍ക്കായി ഭാവിപരിപാടികള്‍ ആസൂത്രണംചെയ്യുന്നത് എന്തൊരു വിരോധാഭാസം. മെത്രാനാല്‍ നയിക്കുന്ന ഔദ്യോഗിക അത്മായ സംഘടനകള്‍ മെത്രാന്റെ വാലായി മാറുക എന്ന ദൗത്യമാണ് ഏറ്റെടുക്കാനാകുക എന്നത് തെളിയിക്കപ്പെട്ട സത്യമാണ്.

പിതാവെഴുതുന്നു; അന്യായ പലിശ, സാധുജന ചൂഷണം, കരാര്‍ ലംഘനങ്ങള്‍, ആഡംമ്പരചിലവുകള്‍ തുടങ്ങിയ തിന്മകളില്‍ നിന്നും സഭാമക്കള്‍ അകന്നു നില്‍ക്കണമെന്ന്. ഇതിലെ യാത്ഥാര്‍ത്ഥ്യം പരിശോധിക്കേണ്ടതുണ്ട്. സാധുജന സേവനം ചെയ്തുവന്നിരുന്ന സന്യാസി, സന്യാസിനികള്‍ സാധുജനങ്ങളെ വിട്ട് ഹൈടക് വിദ്യാലയങ്ങള്‍ നടത്തി സാധുജന ചൂഷണം നടത്തുകയാണ്. വൈദികരുമായുള്ള കരാറുകള്‍, കന്‍സ്ട്രക്ഷന്‍ മേഖല ഉള്‍പ്പെടെ കരാര്‍ ലംഘനങ്ങള്‍ നടത്തുന്നത് സഭാനേതൃത്വമാണ്. ആഡംബര ചിലവുകളുടെ കാര്യത്തില്‍ സഭാനേതൃത്വവും സമ്പന്ന വിശ്വാസികളും തമ്മില്‍ മത്സരം തന്നെയുണ്ട്. അതിനാല്‍ സഭാമക്കളെക്കാള്‍ ആദ്യം ആഡംബരത്തില്‍നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ടത് മെത്രാന്മാര്‍തന്നെയാണ്.

സീറോമലബാര്‍ സഭാകേന്ദ്രത്തില്‍നിന്നും പുറത്തുവന്ന പ്രസ്തുത ഇടയലേഖനം വളരെ ദുര്‍ബലവും, ബാലിശവും, പരസ്പര വിരുദ്ധവും, ചരിത്രവസ്തുതകളോട് നീതി പുലര്‍ത്തുന്നതായിരുന്നില്ല എന്ന് ഖോദപൂര്‍വ്വം പറയട്ടെ.
   
സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപനത്തിന്റെ ആഘോഷങ്ങള്‍ വരുന്ന കാലത്തെങ്കിലും സുറിയാനിയുടെ ആവിര്‍ഭാവത്തെക്കുറിച്ചും ക്‌നാനായക്കാരുടെ സംഭാവനയെക്കുറിച്ചും മറ്റും പരാമര്‍ശിക്കുമെന്ന് കരുതുന്നു. കാനാനായ സമൂഹത്തിനു ബാധകമാകാത്ത ഒരു ഇടയലേഖനം അവരുടെ അതിരൂപതയില്‍ വായിക്കാന്‍ അയച്ചുകൊടുത്തത് അവിവേകമായി പോയിഎന്നും പ്രസ്താവിച്ചുകൊള്ളുന്നു.

ഡോമിനിക്ക് സാവിയോ
വാച്ചാച്ചിറയില്‍
Mob - 9446140026
ക്‌നാനായക്കാരന്റെ ആത്മവീര്യം ചോര്‍ത്തി 
വംശഹത്യനടത്തുന്ന സീറോമലബാര്‍ നേതൃത്വം

     AD 345 ല്‍ പ്രേഷിത പ്രവര്‍ത്തനത്തിനായി കുടിയേറിയ സുറിയാനി ക്രൈസ്തവ ജനതയാണ് ക്‌നാനായ സമൂഹം. അവരുടെ കുടിയേറ്റം വഴി നാട്ടിലുണ്ടായിരുന്ന മര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്കു ഉന്നതിയും, സമൂഹത്തില്‍ പദവികളും, ശക്തമായ ഒരു നേതൃത്വവും ലഭിച്ചിരുന്നു എന്നത് അംഗീകരിക്കപ്പെട്ട ചരിത്രമായിരുന്നു. അവര്‍ ഒരു വംശീയ സമൂഹമായി നൂറ്റാണ്ടുകള്‍ നിലനിന്നതിന്റെ ഫലമായി 1911 ല്‍ കത്തോലിക്കാ സഭ രൂപതയും മെത്രാനെയും നല്‍കി ഒരു വംശീയ വിഭാഗമായി ക്‌നാനായ സമുദായത്തെ അംഗീകരിച്ചു. 2005 ല്‍ രൂപത അതിരൂപത ആക്കുകയും ചെയ്തു.
    ക്‌നാനായക്കാരുടെ അവകാശ അധികാരങ്ങളും തനിമയും സംസ്‌ക്കാരവും അംഗീകരിച്ചുപോന്ന ഇവിടുത്തെ ഭൂരിപക്ഷ വടക്കുംഭാഗ സമൂഹത്തിലെ ന്യൂജനറേഷന്‍ നേതൃത്വം ക്‌നാനായ സമുദായത്തിന്റെ സാംസ്‌ക്കാരിക തനിമയെ ചോര്‍ത്തിക്കളഞ്ഞും സമുദായത്തെ നിലനിര്‍ത്തുന്ന സ്വവംശവിവാഹ നിഷ്ഠയെ തള്ളികളഞ്ഞും ഒരുതരം സാംസ്‌ക്കാരിക ഫാസിസം അഴിച്ചു വിട്ടിരിക്കുകയാണ്. സ്വവംശവിവാഹനിഷ്ഠ (എന്‍ഡോഗമി) മ്ലേഛതയാണെന്നു പ്രചരിപ്പിക്കുമ്പോഴും അവര്‍ അവരുടെ മക്കള്‍ക്കായി ഇണയെകണ്ടെത്തുന്നത്, പുരാതന പാരമ്പര്യവും സാംസ്‌ക്കാരിക ഉന്നതിയും നോക്കിയാണെന്ന വസ്തുത രഹസ്യമായി നിലനില്‍ക്കുകയും പരസ്യമായി വ്യക്തമാകുകയും ചെയ്യുന്നുണ്ട്. പള്ളിഭരണത്തിലും, ഇടവകയോഗങ്ങളിലും, സ്ഥാപനങ്ങളില്‍ വരുന്ന ജോലി ഒഴിവുകളിലും പുതുക്രിസ്ത്യാനികളെന്നു പറഞ്ഞ് മാറ്റി നിര്‍ത്തിയിരിക്കുന്നവരെ അടുപ്പിക്കുകപോലും ചെയ്യുന്നില്ല.
     2014 ജൂണ്‍ 2 നു സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുംമായി കൂടികാഴ്ച്ച നടത്തിയ അഞ്ചംഗ കാല്‍നടയാത്രാസംഘത്തോടു പിതാവു സംസാരിച്ചപ്പോഴും ക്‌നാനായ ജനതയുടെ തനിമ ബോധത്തെ ഉദാര ഭാവത്തില്‍ ജ്വലിപ്പിച്ചു സൂത്രത്തില്‍ അതിന്റെ മര്‍മ്മം ചോര്‍ത്തി കളയുന്നതായിട്ടാണു കണ്ടത്. പിതാവ് നീണ്ടൂര് ക്‌നാനായ പള്ളിയില്‍ വന്നപ്പോള്‍ നടവിളിച്ചു സ്വീകരിച്ചു, കോട്ടയത്തുവന്നപ്പോള്‍ നടവിളിക്കാത്തതിനാല്‍ പരിഭവം പറഞ്ഞു. എന്നു ഞങ്ങള്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു. അതിനു പിതാവു പറഞ്ഞത് എന്നെ നടവിളിച്ചു സ്വീകരിക്കണം അതെനിക്ക് ഇഷ്ടമാണ് വിളിക്കാത്തിടത്ത് പറഞ്ഞു വിളിപ്പിക്കും എന്നാണ്.
    സംഭാഷണത്തിന്റെ ആദ്യം മുതല്‍ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത് ക്‌നാനായക്കാര്‍ക്ക് രൂപത കൊടുത്തത്ത് മാര്‍പാപ്പയ്ക്കുപറ്റിയ തെറ്റാണെന്നും, ഇനി എന്‍ഡോഗമസ് പള്ളികള്‍ അനുവദിക്കുകയില്ലന്നും, ക്‌നാനായ മിഷനറിമാര്‍ ലത്തീന്‍കാര്‍ക്കു വേണ്ടിയാണ് വേല ചെയ്യുന്നതെന്നും മറ്റും പറഞ്ഞ് ക്‌നാനായക്കാരന്റെ ആത്മവീര്യം ചേര്‍ത്തിയ ശേഷം, നടവിളിയിലും ചന്തം ചാര്‍ത്തലിലും മൈലാഞ്ചി ഇടീലിലും ഒതുങ്ങിയാല്‍ മതിയെന്ന ധ്വനിയാണ് മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ ആലഞ്ചേരി കാല്‍നടക്കാരായി എത്തിയ ഞങ്ങളുടെ മുന്നില്‍ നിരത്തിയത്.
    ചോര്‍ത്തിക്കളഞ്ഞ സംസ്‌ക്കാരത്തിന്റെയും ആത്മ ദര്‍ശനത്തിന്റെയും സ്ഥാനത്തു മറ്റൊരു സംസ്‌ക്കാരവും ദര്‍ശനവും കടത്തിവെയ്ക്കുക എന്നതാണ് സീറോമലബാര്‍ നേതൃത്വത്തിന്റെ പുതിയ അജണ്ട. കുമ്പളങ്ങ മുറിക്കാതെ കുരു എടുക്കുന്നതന്ത്രം.  ക്‌നാനായക്കാരന്റെ ചോര്‍ത്തിക്കളഞ്ഞ സാംസ്‌ക്കാരിക തനിമയുടെ വിടവില്‍ ക്‌നാനായ സങ്കരപള്ളികള്‍ അനുവദിച്ചുകൊണ്ട് വടക്കേ അമേരിക്കയിലെ ക്‌നാനായരുടെമേല്‍ ഒരു കുത്തിപരീക്ഷണത്തിന് തയ്യാറെടുത്തിരിക്കുന്നു. ഇതുവരെ പറഞ്ഞു നടന്നിരുന്ന ഭാവനയിലെ പരീക്ഷണമാണ് ഇവിടെ നേരിട്ടുള്ള പരീക്ഷണത്തിനു വിധേയമാക്കിയിരിക്കുന്നത്. അതിന്റെ ഫലം കണ്ടുകൊണ്ട് സമുദായത്തെ ഒന്നാകെ വേട്ടയാടാമെന്ന് ഭൂരിപക്ഷ വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ കണക്കുകൂട്ടുന്നു.
എന്‍ഡോഗമിയാണ് പ്രശ്‌നം?
    നിങ്ങളുടെ എന്‍ഡോഗമിയാണ് പ്രശ്‌നം എന്നാണ് മാര്‍ ആലഞ്ചേരിയുമായുള്ള സംഭാഷണത്തിന്‍അദ്ദേഹം പറഞ്ഞ മറ്റൊരുകാര്യം. കഴിഞ്ഞ 17 നൂറ്റാണ്ടുകള്‍ സ്വീകരിച്ചുപോന്ന സ്വവംശ വിവാഹ നിഷ്ഠ മറ്റുള്ളവര്‍ക്കു പ്രശ്‌നമായത് എന്നു മുതലാണ്!? മാര്‍ പാറേക്കാട്ടിലിന്റെ കാലം വരെ യാതൊരു പ്രശ്‌നവും ഇല്ലായിരുന്നു. മാര്‍ പടിയറയുടെ കാലത്തും വലിയ കുഴപ്പമില്ലാതെ കടന്നുപോയി. മാര്‍ വിതയത്തിലിന്റെ കാലം ആയപ്പോള്‍ എതിര്‍പ്പുകാര്‍ രംഗത്തുവന്നു. ഒരു സാധാരണ സന്യാസി വൈദികനായിരുന്ന വര്‍ക്കിയച്ചനെ മേജര്‍ ആര്‍ച്ചുബിഷപ്പാക്കിയത് സീറോമലബാറിലെ തമ്മില്‍ തല്ലിയിരുന്ന രണ്ടു മെത്രാന്‍ ചേരിയുടെയും സമാധാനത്തിനു വേണ്ടിയായിരുന്നു. ക്‌നാനായക്കാരോടു വലിയ താല്പര്യമില്ലാത്ത അദ്ദേഹം രണ്ടു കൂട്ടരെയും തൃപ്തിപ്പെടുത്താന്‍ അവര്‍ പൊതു ശത്രുവായി കരുതിയിരുന്ന ക്‌നാനായക്കാര്‍ക്കെതിരെ തിരിയുകയും ചെയ്തു. അന്നു മുതല്‍ സമുദായം വേട്ടയാടപ്പെടു കയാണ്.
    ആരധനക്രമവിഷയം മെത്രാന്മാര്‍ക്കിടയില്‍ കത്തിനിന്ന സമയമായിരുന്നു അത്. രണ്ടു ചേരിയിലെയും സീറോമലബാര്‍ ഭീകരവാദികളില്‍ ഒരു പുതിയ സ്വത്വബോധം വളര്‍ന്നുവന്നു. അത് വേരുപിടിപ്പിക്കണമെങ്കില്‍ ക്‌നാനായ സമൂഹത്തിന്റെ സാംസ്‌ക്കാരിക തനിമയെ ഇല്ലാതാക്കണമായിരുന്നു. ക്‌നാനായര്‍ ഇന്നനുഭവിക്കുന്ന ദുരിതങ്ങള്‍ക്കുകാരണം സീറോമലബാര്‍ മെത്രാന്മാര്‍ക്കിടയിലെ ഭിന്നതയും ഹയരാര്‍ക്കിയുടെ ഈ ഫാസിസമനോഭാവമാണ്. ഭിന്നിച്ചു നിന്നിരുന്ന മെത്രാന്‍ ചേരിയിലൊന്നില്‍ ചേര്‍ന്നിരുന്നെങ്കില്‍ സമുദായത്തിനീ ദുര്‍ഗതി വരില്ലായിരുന്നു. സത്യത്തിനു നിരക്കാത്തതിനു ഓശാന പാടുക എന്നത് ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യമല്ലാത്തതിനാല്‍ സമുദായ മെത്രാന്മാര്‍ അതിനു തയ്യാറായില്ല.
    ക്‌നാനായക്കാരന്റെ തനിമ ബോധത്തിന്റെ ഭാഗമായിരുന്ന തനിമയാര്‍ന്ന സാംസ്‌ക്കാരിക പൈതൃകവും  അവര്‍ നസ്രാണി സമൂഹത്തിനു നല്‍കിയ സംഭാവനകളും എല്ലാം പരിഗണിച്ചുകൊണ്ട് കാല്‍ നൂറ്റാണ്ടു ദീര്‍ഘിച്ച ആലോചനയുടെയും ചര്‍ച്ചകളുടെയും ഫലമായി വടക്കുംഭാഗ മെത്രാന്മാരുടെ അറിവോടെ വത്തിക്കാന്‍ നേതൃത്വം അനുവദിച്ച ക്‌നാനായ വംശീയ രൂപതയെയാണ് തെറ്റെന്നും, വിശുദ്ധനായ പത്താം പിയൂസിനു തെറ്റിയെന്നും പറയാന്‍ വലിയ മെത്രാപോലീത്താക്ക് പ്രേരണനല്കിയത്. സീറോമലബാര്‍ ഹയരാര്‍ക്കി ഒരു പുത്തന്‍ കോളനി വാഴ്ച്ചയ്ക്കും വംശഹത്യയ്ക്കും തയാറെടുക്കുന്നു എന്ന സൂചനയാണിതു തരുന്നത്. കോളനി വാഴ്ച്ചക്കൊരുങ്ങുന്ന ഏകാധിപതി വിജയകരമായി ഉപയോഗിക്കുന്ന ആയുധമാണ് സംസ്‌ക്കാരം ചോര്‍ത്തല്‍, അതോടെ ഇരയുടെ ആത്മശക്തി നശിച്ചുപോകുന്നു. അവിടം കൊണ്ട് അവസാനിക്കുന്നില്ല. ചോര്‍ത്തിക്കളഞ്ഞ സംസ്‌ക്കാരത്തിന്റെയും ആത്മദര്‍ശനത്തിന്റെയും സ്ഥാനത്ത് മറ്റൊരു സംസ്‌ക്കാരവും ദര്‍ശനവും കടത്തിവെയ്ക്കുകയും ചെയ്യും. സഭയാണ് വലുതെന്നും സഭയോടൊത്തു ചിന്തിക്കണമെന്നും  എന്‍ഡോഗമി പാലിക്കേണ്ടവര്‍ അത് സ്വന്തം വീട്ടില്‍ പ്രാക്ടീസ് ചെയ്തു കൊള്ളുക എന്നു പതുക്കെ പറയുന്നതിന്റെയും ഉള്ളടക്കം മറ്റൊന്നല്ല. എന്‍ഡോഗമി പാലിക്കാത്തവരുടെ ക്‌നാനായപള്ളി എന്ന ആശയം ക്‌നാനായ സമൂഹത്തിനുമേല്‍  പരീക്ഷിക്കുന്ന നവ കൊളോണിസത്തിന്റെ ഭാവനാ സൃഷ്ടിയാണ്.
    ക്‌നാനായക്കാരന്റെ ഭാവി നിശ്ചയിക്കേണ്ടത് വത്തിക്കാന്റെ കോടതിയിലാണെന്നു പറഞ്ഞു നടക്കുകയായിരുന്നു ഇവര്‍ ഇതുവരെ. അമേരിക്കയിലെ സീറോമലബാറുകാരുടെമേല്‍ അധികാരമില്ലന്നു പറഞ്ഞു നടന്ന മാര്‍ ആലഞ്ചേരിയും മാര്‍ മൂലക്കാട്ടും ചേര്‍ന്നാണ് അമേരിക്കയിലെ ക്‌നാനായരുടെ മേല്‍ വംശഹത്യയുടെ കൊടുവാള്‍ തൂക്കിയിരിക്കുന്നത്. സമുദായമെത്രാന്‍ ശത്രുക്കളോടു ചേര്‍ന്നു നില്ക്കുന്നു എന്ന ദുര്യോഗവും, ക്‌നാനായ സമുദായം ഹൃദയം തകര്‍ന്ന് കണ്ണുനീരോടെ നോക്കി നില്ക്കുന്നു.  
    ഒരു ആര്‍ച്ചു ബിഷപ്പ് എന്ന നിലയില്‍ നിന്നും ഒരിക്കലും ഉയരാനാവില്ല എന്ന സത്യം അറിയാമായിരുന്നിട്ടും മാര്‍ വര്‍ക്കി വിതയത്തില്‍ കോട്ടയത്ത് ഒരു ക്‌നാനായ യോഗത്തില്‍ പറഞ്ഞത് മൂലക്കാട്ടുമെത്രാന്‍ സീറോമലബാര്‍ സഭയിലെ ഉദിച്ചുയര്‍ന്ന നക്ഷത്രമാണെന്നാണ്. മൂലക്കാട്ടുമെത്രാന് വലിയൊരു ഭാവിയുണ്ട്; കോട്ടയം അതിരൂപതയ്ക്കും അപ്പുറം ആ വളര്‍ച്ച സംഭവിച്ചേക്കാം. മെത്രാന്മാര്‍ പറയുന്ന സത്യ സന്ധമായ നുണകള്‍ വിശ്വാസികള്‍ക്കെന്ന പോലെ സഹമെത്രാന്മാര്‍ക്കും തിരിച്ചറിയാതായിരിക്കുന്നു. മാര്‍ മൂലക്കാട്ടിലിനും സംഭവിച്ചത് അതാണ്. സീറോമലബാര്‍ നേതൃത്വം വെച്ചു നീട്ടിയിരിക്കുന്ന എന്തൊക്കെയോ മോഹന വാഗ്ദാനങ്ങള്‍ക്കും അതി മോഹത്തിനും അടിമപ്പെട്ടു നില്‍ക്കുന്നതുകൊണ്ടാണ്; ക്‌നാനായ സമുദായത്തിന്റെ ആഗ്രഹങ്ങള്‍ക്കും അവകാശങ്ങള്‍ക്കും എതിരെ ചരിത്രബോധമില്ലാതെ എതിരു നില്‍ക്കുന്നതും സംസ്‌ക്കാരം ചോര്‍ത്തുന്നതിന് കൂട്ടു നില്‍ക്കുന്നതും.
    സഭയോടു ചേര്‍ന്നു നില്‍ക്കണമെന്നും, സഭയോടൊത്തു ചിന്തിക്കണമെന്നും നിരന്തരം ആവര്‍ത്തിക്കുമ്പോള്‍, സമുദായത്തെക്കുറിച്ചു ചിന്തിക്കുന്നതു തെറ്റാണെന്നും അത്തരക്കാര്‍ വിശ്വാസികളല്ലന്നും, മെത്രാനോടൊത്തു ചിന്തിക്കാത്തവര്‍ക്ക് കത്തോലിക്കാ സഭയില്‍ നിലനില്‍പ്പില്ലന്ന ഭീക്ഷണിയാണു മുഴങ്ങുന്നത്. മെത്രാനെ ചാരിനിന്ന് സ്വന്തം കരിയറില്‍ നേട്ടം കാംക്ഷിക്കുന്ന അഭിഷിക്തരായ ചില ക്‌നാനായ യുവതിടമ്പുകള്‍ വലിയ സമുദായ സ്‌നേഹം ഉണ്ടെന്നു പറയുകയും ആരെങ്കിലും മുഖത്തുനോക്കി ചര്‍ച്ചയ്ക്കു വിളിച്ചാല്‍ സൂത്രത്തില്‍ മുങ്ങിക്കളയുകയും ചെയ്യും. 
    സമുദായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനോ സമുദായ താല്പര്യം പ്രകടിപ്പിക്കുന്നവരോടു സംസര്‍ഗ്ഗം ചെയ്യുന്നതിനോ ഇവര്‍ ഭയപ്പെടുന്നു. 2005 നു ശേഷം സമുദായ പ്രശ്‌നങ്ങളോ സമുദായ ചരിത്രമോ   പരാമര്‍ശിച്ച് ഒരു ലേഖനം പോലും സമുദായ സ്‌നേഹം പറയുന്ന വൈദികര്‍ എഴുതിയിട്ടില്ല. ഇവരൊക്കെ മെത്രാന്‍ ചിന്തിക്കുന്നതുപോലെ ചിന്തിക്കുകയും സ്വന്തം തലച്ചോറ് ഡോളറുകള്‍ക്കായി പണയപ്പെടുത്തിയിരിക്കുകയുമാണ്. സഭയെക്കുറിച്ചുള്ള ഫ്രാന്‍സീസ് പാപ്പയുടെ ചിന്തകള്‍ക്ക് കടകവിരുദ്ധമാണിത്. അദ്ദേഹം സിനഡില്‍ പിതാക്കന്മാരോടായി പറഞ്ഞു ഓരോ മെത്രാനും മനസില്‍ തോന്നി ക്കുന്ന കാര്യങ്ങള്‍ ആരെയും ഭയപ്പെടാതെ തുറന്നു പറയേണ്ട വേദിയാണ് സിനഡ്. മാര്‍പാപ്പ എന്തു ചിന്തിക്കുന്നു എന്നു നോക്കേണ്ട കാര്യമില്ല. അതോടൊപ്പം മറ്റുള്ളവര്‍ പറയുന്നത് എളിമയോടെ ശ്രവിക്കുകയും വേണം. ഇത് തന്റെ സഹപ്രവര്‍ത്തകരായ വൈദികരോട്, വൈദികയോഗത്തില്‍ വെച്ചു പറയാന്‍ ഏതെങ്കിലും മെത്രാനു ധൈര്യമുണ്ടോ? ഏതെങ്കിലും വൈദികന് മെത്രാനെ ഈ കാര്യം ഓര്‍മ്മിപ്പിക്കാന്‍ ധൈര്യമുണ്ടോ?
    ന്യൂനപക്ഷ ക്‌നാനായ സമുദായത്തെ ഇല്ലാതാക്കിയാല്‍ സീറോമലബാര്‍ സഭയുടെ ഒരു കുനുഷ്ട്ടു ചരിത്രം രചിക്കാമെന്നവര്‍ കണക്കുകൂട്ടുന്നുണ്ട്. ക്‌നാനായ സംസ്‌ക്കാരത്തിനെതിരായി നില്ക്കുന്ന ശത്രുക്കള്‍ക്കെതിരായ പോരാട്ടത്തിനൊടുവില്‍ നടുവൊടിഞ്ഞു മുന്നില്‍ വീഴുമെന്ന് കണക്കുകൂട്ടി ഭൂരിപക്ഷ ഫാസിസ്റ്റുകള്‍ ആവേശം കൊള്ളുന്നു.
    വിശുദ്ധപത്താംപിയൂസ് മാര്‍പാപ്പയുടെ പേര് ദുരുപയോഗിച്ചുകൊണ്ടാണ് സീറോമലബാര്‍ ഹയരാര്‍ക്കി അതിക്രമം കാട്ടുന്നത്. ഇപ്പോള്‍ പൗരസ്ത്യ തിരുസംഘമാണ് ക്‌നാനായരുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നു പറയുന്നു. സംഘം ചേര്‍ന്നു ചിന്തിക്കുന്ന കാര്യലയത്തില്‍ നിന്നും ക്‌നാനായ ന്യൂനപക്ഷത്തിന് നീതിലഭിക്കുകയില്ലന്ന് ഉറപ്പാണ്. അവസാന തീരുമാനം എടുക്കുന്നത് മാര്‍പാപ്പ ആയിരുന്നെങ്കില്‍ കാര്യങ്ങള്‍ കുറെ കൂടി എളുപ്പമാകുമായിരുന്നു. കാര്യങ്ങള്‍ അവതരിപ്പിക്കേണ്ട സമുദായമെത്രാന്‍ വിഘടിച്ചു നില്ക്കുമ്പോള്‍ പ്രതിസന്ധി കൂടുന്നു. അതിനാല്‍ ഇനി നീതി, ആകാശവും ഭൂമിയും സൃഷ്ടിക്കുകയും തന്റെ പ്രത്യേക ലക്ഷ്യത്തിനായി ഒരു സമുദായത്തെ രൂപപ്പെടുത്തുകയും ചെയ്ത ദൈവത്തില്‍ നിന്നുമാണ് ലഭിക്കുക.
സങ്കരപള്ളി എന്ന ആറ്റം ബോംബ്
  
   ക്‌നാനായ സമുദായത്തെ  മൂന്നു മെത്രാന്മാര്‍ ചേര്‍ന്ന് പരീക്ഷണ വസ്തു ആക്കിയിരിക്കുന്നു. കുടുംബത്തെ വിഘടിപ്പിച്ചു കൊണ്ടാണ് വടക്കേ അമേരിക്കയില്‍ പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. ആറ്റം വിഘടിച്ചപ്പോള്‍ എന്തു സംഭവിച്ചു എന്ന് ഹിറോഷിമായിലും നാഗസാക്കിയിലും നമ്മള്‍ കണ്ടതാണ്. ഒരു വസ്തുവിന്റെ എല്ലാ ഗുണങ്ങളോടും കൂടിയ ഏറ്റവും ചെറിയ ഘടകമാണ് അണു അഥവാ ആറ്റം. പ്രോട്ടോണ്‍ ഇലക്ട്രാണ്‍ ന്യൂട്രോണ്‍ എന്നീ മൂന്നുതരം സവിശേഷ കണങ്ങള്‍കൊണ്ടാണ് അണു നിര്‍മ്മിച്ചിരിക്കുന്നത്. പ്രോട്ടോണിനു പോസിറ്റീവ് ചാര്‍ജും ഇലക്‌ട്രോണിനു നെഗറ്റീവ് ചാര്‍ജുമാണുള്ളത് ന്യൂട്രോണിനാകട്ടെ ചാര്‍ജോന്നുമില്ല. പ്രോട്ടോണും ന്യൂട്രോണും ഒരുമിച്ചു ചേര്‍ന്നിരിക്കുന്ന ആറ്റത്തിന്റെ കേന്ദ്രഭാഗമാണ് അണുകേന്ദ്രം(ന്യൂക്ലിയസ്).
    ഈ യാഥാര്‍ത്ഥ്യത്തെ ഞങ്ങള്‍ വിഭാവനം ചെയ്യുന്നതിങ്ങനെയാണ്. സീറോമലബാര്‍ സിനഡിലെ ഏറ്റവും ചെറിയ അണുവാണ് കോട്ടയം രൂപത അഥവാ ക്‌നാനായ സമുദായം. പ്രോട്ടോണ്‍, ഇലക്‌ട്രോണ്‍, ന്യൂട്രോണ്‍ എന്ന കണങ്ങള്‍ കൊണ്ടു ആറ്റം നിര്‍മ്മിച്ചിരിക്കുന്നു എന്നതുപോലെ സമൂഹത്തിനു ഗുണകരമായ എല്ലാ സവിശേഷ പാരമ്പര്യങ്ങളും ക്‌നാനായ സമുദായത്തിലുണ്ടെന്ന് സാരം. പ്രോട്ടോണിന്റെ പോസിറ്റീവ് ചാര്‍ജുപോലെ, മാര്‍ ആലഞ്ചേരിക്ക് സീറോമലബാറിലെ സങ്കരവിഭാഗത്തോട് ഈ സമുദായത്തെ ചേര്‍ക്കണമെന്ന പോസിറ്റീവ് മനോഭാവമാണുള്ളത്. വടക്കേ അമേരിക്കയിലെ ക്‌നാനായക്കാര്‍ക്കു പ്രത്യേക സംവിധാനം ഒന്നും  തരില്ല, അവര്‍ സീറോമലബാറിലെ അംഗങ്ങളായിരിക്കും എന്ന നെഗറ്റീവ് എനര്‍ജ്ജിയായിരുന്നു മാര്‍ അങ്ങാടിയത്തിന്. പ്രത്യേക ചാര്‍ജോന്നും ഇല്ലാതെ ന്യുട്രടിച്ചു നില്ക്കുന്ന ന്യുട്രോണാണ് മാര്‍ മൂലക്കാട്ട്. ഇവര്‍ മൂന്നുപേരും ചേര്‍ന്നാണ് ക്‌നാനായ സങ്കരപള്ളി എന്ന അണുബോംബ് ഉണ്ടാക്കി വെച്ചിരിക്കുന്നത്. ഈ ആറ്റത്തിന്റെ അണുകേന്ദ്രമായ ന്യൂക്ലിയസ്സാണ് സീറോമലബാര്‍ സിനഡ്. അമേരിക്കയിലെ ക്‌നാനായക്കാര്‍ വിലയ്ക്കുവാങ്ങിയ പള്ളികളില്‍ സങ്കര വിഭാഗക്കാര്‍ ഇടവക ചേരാന്‍വരുമ്പോള്‍ ഈ ബോംബ് പൊട്ടും.   
ഫ്രാന്‍സീസ് മാര്‍പാപ്പായുടെ വാക്കുകളിലേക്ക്
   * സഭ അതിന്റെ പതിവുമാര്‍ഗ്ഗങ്ങളില്‍ നിന്നും വ്യതിചലിച്ച് കരുണകാണിക്കേണ്ട സമയമാണിത്. പല വൈദികരുടെയും നിഷേധാത്മകമായ നിലപാടുകള്‍ വിശ്വാസികളില്‍ വലിയ മുറിവുകള്‍ ഉണ്ടാക്കീട്ടുണ്ട്. വിശ്വാസികള്‍ക്കെതിരെ ഉള്ള സഭയുടെ ചില നിലപാടുകളും മുറിവുകള്‍ ഉണ്ടാകുന്നുണ്ട്.
   * ശരിയെന്നു ഉറപ്പുള്ളകാര്യങ്ങള്‍ വെല്ലുവിളികളായി ഏറ്റെടുത്തു ചെയ്യുവാന്‍ പാപ്പ ആഹ്വാനം ചെയ്യുന്നു.
   * നമ്മുടേത് ഒരിക്കലും പരീക്ഷണശാലയിലെ വിശ്വാസമല്ല; മറിച്ച് ഒരു ജീവിതയാത്രയിലെ വിശ്വാസമാണ്. ഒരു ചരിത്ര വിശ്വാസമാണ്. ദൈവം ചരിത്രമായിട്ടാണ് നമുക്ക് സ്വയം വെളിപ്പെടുത്തിയിരിക്കുന്നത്. അല്ലാതെ അമൂര്‍ത്ത സത്യങ്ങളുടെ സംഗ്രഹമായിട്ടല്ല. ഞാന്‍ പരീക്ഷണശാലകളെ ഭയപ്പെടുന്നു; കാരണം പരീക്ഷണശാലകളില്‍ നമ്മുടെ പ്രശ്‌നങ്ങളെ അവയുടെ ഉത്ഭവസാഹചര്യങ്ങളില്‍ നിന്നും അടര്‍ത്തി മാറ്റി പരിഹരിക്കാന്‍ ശ്രമിക്കുന്നു. പിന്നീട് അവയെമെരുക്കാനും ചായമടിച്ച് ഭംഗി യാക്കാനുമായി നമ്മുടെ വീട്ടിലേക്ക് കൊണ്ടുവരുന്നു.
   * ക്രിസ്ത്യാനികള്‍ ഒന്നും കീഴടക്കാന്‍ വന്നവരല്ല. ആരുടെയും സാംസ്‌കാരിക തനിമകവര്‍ന്നെടുക്കില്ല. വിവിധ സംസ്‌കാരമുള്ള ജനങ്ങളെ ശ്രവിക്കണമെന്നും അവരെ സത്യവിശ്വാസത്തില്‍ നയിക്കണമെന്നും മെത്രാന്മാരെ പാപ്പ ഓര്‍മ്മിപ്പിച്ചു.
  * ഒരു ജനതയുടെ ഭാഗമാകാതെ ഒരുവന് പൂര്‍ണ്ണമായ സ്വത്വമുണ്ടാവില്ല.
  * ചില അവസരങ്ങളില്‍ നന്നായി പ്രവര്‍ത്തിക്കാതെ സെന്‍സര്‍ഷിപ്പിനുള്ള സ്ഥാപനങ്ങളായി ''റോമന്‍ കൂരിയായിലെ ഡിക്കാസ്റ്ററികള്‍ (ഡിപ്പാര്‍ട്ടുമെന്റുകള്‍) മാറുന്ന അപകടത്തില്‍ അവ ചെന്നുപെടാറുണ്ട്. കുറ്റം വിധിക്കാനും തെറ്റു തിരുത്താനുമായി റോമിലേക്കെത്തുന്ന രേഖകള്‍ വിസ്മയകരമാണ്. പ്രാദേശിക മെത്രാന്‍ സംഘങ്ങള്‍ തന്നെ ഇത്തരം കേസുകള്‍ അന്വേഷിക്കണമെന്നാണ് എനിക്കു തോന്നുന്നത്. റോമില്‍ നിന്നും മെത്രാന്‍ സംഘങ്ങള്‍ക്ക് സഹായം ലഭിക്കും. ഈ പ്രശ്‌നങ്ങളൊക്കെ നന്നായി കൈകാര്യം ചെയ്യാവുന്നത് പ്രാദേശിക സഭകള്‍ക്കാണ്. റോമന്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ മധ്യസ്ഥരാണ്. മറിച്ച് അവര്‍ ഇടനിലക്കാരോ, മാനേജര്‍മാരോ ആകുന്നത് ശരിയല്ല.''
  * ''നമ്മുടെ വ്യത്യാസങ്ങളോടുകൂടെ നാം ഐക്യത്തോടെ മുന്നോട്ടു നടക്കണം.സഭൈക്യത്തിന് മറ്റൊരു വഴിയുമില്ല. ഇതാണ് യേശുവിന്റെ വഴി.''
     ക്‌നാനായ സമുദായത്തെ സീറോമലബാര്‍ സിനഡ് പരീക്ഷണ വസ്തു ആക്കിയിരിക്കുന്നു. സമുദായത്തിന്റെ യഥാര്‍ത്ഥ ഉല്‍ഭവ സാഹചര്യങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി, എന്‍ഡോഗമസ് പള്ളികള്‍ക്ക് വിലക്കേര്‍പ്പെടുത്തി പുതിയ ചായമടിച്ച സങ്കരപള്ളികളിലേക്ക് സമുദായത്തെ നയിക്കുകയാണ്. 
    ഒരു ജനതയുടെ ഭാഗമാകാതെ ഒരുവന് പൂര്‍ണ്ണമായ സ്വത്വം ഉണ്ടാവില്ല എന്നു മാര്‍പാപ്പ പറഞ്ഞത്; ഒരു സമുദായത്തില്‍ അംഗത്വം ഉള്ളവനേ ശക്തമായ വിശ്വാസത്തിന് ഉടമയാകാന്‍ കഴിയു എന്നാണ്. വിശ്വാസവും സമുദായവും ഒരു പക്ഷിയുടെ ഇരു ചിറകുകളാണെന്ന് ഞങ്ങള്‍ നേരത്തെമുതല്‍ പറയുന്ന കാര്യമാണ്.
    പ്രാദേശിക സഭാ പ്രശ്‌നങ്ങള്‍ അവിടെ തന്നെ കൈകാര്യം ചെയ്യണമെന്ന പാപ്പയുടെ ആഹ്വാനം സീറോമലബാര്‍ സിനഡിനോടാണെന്നു പറയാം. ഒരു സ്വയാധികാര സഭയിലെ പ്രശ്‌നങ്ങള്‍ അവിടെ തന്നെ പരിഹരിക്കണമെന്നും റോമിലേക്ക് അതൊന്നും കൊണ്ടുവരരുതെന്നും പാപ്പ അറിയിച്ചിരിക്കുകയാണ്. ക്‌നാനായരുടെ ആവശ്യങ്ങള്‍ റോമില്‍നിന്നും വരണമെന്നു പറയുന്നവര്‍ ആവശ്യാനുസരണം മെത്രാന്മാരെ ഇവിടെത്തന്നെ സൃഷ്ടിക്കുകയും റോമില്‍ അറിയിച്ചു ഒപ്പുവാങ്ങുകയും ചെയ്യുന്നു. നീതിക്കു നിരക്കാത്ത വിവേചനമാണിത്. സീറോമലബാര്‍ സിനഡിലെ പിതാക്കന്മാരുടെ മനസ്സു നന്നായാല്‍ ക്‌നാനായരുടെ ആവശ്യങ്ങള്‍ ഇവിടെത്തന്നെ പരിഹരിക്കപ്പെടും. 
    നമ്മുടെ വ്യത്യാസങ്ങളോടെ ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് മാര്‍പാപ്പ പറഞ്ഞത് സീറോമലബാര്‍ നേതൃത്വം മുഖവിലക്കെടുക്കണം. ക്‌നാനായക്കാരെ വളമാക്കി വളരുകയല്ല അവരുടെ വ്യത്യാസങ്ങള്‍ അംഗീകരിക്കണമെന്നു തന്നെയാണ്. വേറെവഴിയില്ല, യേശുവിന്റെ വഴി അതാണെന്നും പറഞ്ഞ് അദ്ദേഹം ആണി അടിച്ചിരിക്കുന്നു.
    ഫ്രാന്‍സീസ് മാര്‍പാപ്പയുടെ വാക്കുകളില്‍നിന്നും സഭയെ പുതിയ ഒരു ദിശാ ബോധത്തിലേക്കാണ് കൊണ്ടുപോകുന്നതെന്ന് മനസിലാക്കാം. മനുഷ്യനാണ് പ്രാധാന്യം അല്ലാതെ നിയമങ്ങള്‍ക്കല്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 17 നൂറ്റാണ്ടു ചരിത്രമുള്ള ക്‌നാനായ ജനതയെ നുള്ളിയെടുത്ത് മാറ്റാമെന്ന സീറോമലബാര്‍ സിനഡിന്റെ അതിമോഹം അതിരൂവിട്ടതാണ്. ഇറാക്കിലും സിറിയയിലും പാക്കിസ്ഥാനിലും ഉത്തരേന്ത്യയില്‍ പല സ്ഥലങ്ങളിലും ക്രൈസ്തവരെ വേട്ടയാടുന്നുണ്ട്. അതിലും ഭീകരമാണ് ഒരു വിശ്വാസസമൂഹത്തിന്റെ ആത്മവീര്യം ചോര്‍ത്തി ഇല്ലാതാക്കുന്നത്. ശാരീരികമായ പീഡനംകൊണ്ട് വിശ്വാസം ദൃഢപ്പെടുന്നു. സാംസ്‌ക്കാരിക ഫാസിസം നടപ്പിലാക്കുമ്പോള്‍ ഒരു ജനതതന്നെ ഇല്ലാതാകുന്നു. 

ഡോമിനിക്ക് സാവിയോ
വാച്ചാച്ചിറയില്‍
mob-9446140026
വിശ്വാസവും സമുദായവും 
ഒരു പക്ഷിയുടെ ഇരു ചിറകുകള്‍
ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍ എഴുതി ക്രിസ്പിന്‍ പബ്ലിക്കേഷന്‍ 2012 ല്‍ പുറത്തിറക്കിയ വേട്ടമഗം ചരിത്രമെഴുതുന്നു എന്ന പുസ്തകത്തില്‍നിന്നെടുത്ത ഒരദ്ധ്യായം പുനപ്രസിദ്ധീകരിക്കുന്നു.
     വിശ്വാസത്തിനാണോ സമുദായത്തിനാണോ ക്രിസ്തീയജീവിതത്തില്‍ പ്രാധാന്യം എന്ന ചോദ്യം ഉയര്‍ന്നാല്‍ എന്തുത്തരമാകും പറയാനാകുക? ചിലര്‍ പറയുന്നതു കേട്ടിട്ടുണ്ട് സഭയ്ക്കാണ് അതായത് വിശ്വാസത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന്; സമുദായം രണ്ടാമതു വരുന്ന കാര്യമാണെന്ന്. മനുഷ്യന്‍ ബോധപൂര്‍വ്വം സ്വീകരിക്കുന്ന ജീവിതചര്യയാണ് ക്രൈസ്തവവിശ്വാസം. അതൊരു വസ്തു എന്നതുപോലെ എടുത്തു കാട്ടുവാനാവില്ലല്ലോ. അതിനു പൊതുവായ ഒരു നിര്‍വ്വചനവും ഉണ്ടായെന്നുവരില്ല. സ്വീകരിച്ച വിശ്വാസത്തിന്റെ അനുരണനങ്ങള്‍ ബുദ്ധിയിലും, പ്രവര്‍ത്തിയിലും, ഇടപെടലുകളിലും, തീരുമാനങ്ങളിലുമൊക്ക ഉണ്ടായിരിക്കും, ഉണ്ടായിരിക്കണം. വിശ്വാസത്തിന് വ്യക്തിപരമായ നിര്‍വ്വചനമാണ് കൃത്യമായിട്ടുള്ളത്.
വ്യത്യസ്തങ്ങളായ കമ്പനികള്‍ രാസവളങ്ങള്‍ വിവിധ ആകൃതിയില്‍ നിര്‍മ്മിക്കുന്നുണ്ട്. തരിതരിയായും പൊടിയായും കാണുന്ന വസ്തുക്കളില്‍ ചില രാസഘടകങ്ങള്‍ ചേര്‍ക്കുമ്പോഴാണ് ആ വസ്തു രാസവളമാകുന്നത്. റൂബറം എന്ന വെളുത്തുരുണ്ട വസ്തുവിന്മേല്‍ രോഗിയുടെ പ്രത്യേകതയനുസരിച്ച് തുള്ളിമരുന്ന് ചേര്‍ക്കുമ്പോഴാണ് അത് ഹോമിയോ ഗുളികയാകുന്നത്. ഒരു സമുദായം ക്രൈസ്തവസമൂഹമാണെന്നറിയപ്പെടണമെങ്കില്‍ വ്യത്യസ്തമായ പല ലക്ഷണങ്ങളും പ്രത്യേകതകളും ആ സമൂഹത്തില്‍ ഉണ്ടായിരിക്കണം. പ്രഥമദൃഷ്ട്യാ തിരിച്ചറിയപ്പെടുവാന്‍ ഉത്തരീയം എന്നറിയപ്പെടുന്ന വെന്തിങ്ങയും കുരിശുരൂപവും ക്രൈസ്തവര്‍ ധരിച്ചിരുന്ന കാലമുണ്ടായിരുന്നല്ലോ! ഇന്ന് ഇത്തരം അടയാളങ്ങളെക്കാള്‍ ഇടപെടലുകളിലെ ക്രൈസ്തവചൈതന്യത്തിനാണ് ഏറെ പ്രസക്തി.
പ്രപഞ്ചത്തിന്റെ ഉടയവനായ ദൈവം തന്റെ സ്‌നേഹം പ്രകടിപ്പിക്കുവാന്‍ വേണ്ടി മനുഷ്യനു രൂപം കൊടുക്കുകയും അത് തന്റെ തന്നെ ആകൃതിയില്‍ ആയിരിക്കണമെന്ന് നിശ്ചയിക്കുകയും ചെയ്തു. കാലാന്തരത്തില്‍ അവരില്‍ ഒരു വിഭാഗത്തെ പ്രത്യേകമായ ഒരു ദൗത്യം ഏല്പിക്കുന്നതിനായി തെരഞ്ഞെടുക്കുകയും ചെയ്തു. അവര്‍ ഒരു സമുദായമായി അറിയപ്പെട്ടു. ബലവും ബലഹീനതയുമുള്ള ഒരു വംശീയസമൂഹം. ദൈവത്തിന്റെ പദ്ധതികള്‍ നിര്‍വ്വഹിക്കുന്നതിനായി വേറെയും തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനെക്കുറിച്ചും തിരുവചനത്തില്‍ നാം വായിക്കുന്നുണ്ട്. ഭിന്നത കൂടാതെ ഒറ്റക്കെട്ടായി നില്ക്കും എന്നതാണ് ഒരു സമുദായകൂട്ടായ്മയുടെ പ്രത്യേകത. ഏകദൈവവിശ്വാസത്തിനുപുറമെ ഒന്നിച്ചുനിര്‍ത്തുന്ന പല ഘടകങ്ങളും ഒരു സമുദായസംവിധാനത്തിലുണ്ട്.
ഉദരത്തില്‍ കിടന്ന് കുഞ്ഞുങ്ങള്‍ മല്ലിട്ടപ്പോള്‍ കര്‍ത്താവിന്റെ മനസറിയാന്‍ ഗര്‍ഭാവസ്ഥയില്‍ റെബേക്ക കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുന്നു.അതിനു മറുപടിയായി കിട്ടിയ ദൈവീക വെളിപ്പെടുത്തല്‍ ഇങ്ങനെയായിരുന്നു രണ്ടു വംശങ്ങളാണ്‌നിന്റെ ഉദരത്തിലുള്ളത് നിന്നില്‍ നിന്നും പിറക്കുന്നവര്‍ രണ്ടു ജനതയായി പിരിയും. ഒന്ന് മറ്റൊന്നിനെക്കാള്‍ ശക്തമായിരിക്കും (ഉല്പത്തി 25/23)
ജാതിവ്യവസ്ഥയും വര്‍ഗ്ഗീയതയും സ്ഥലകാലത്തോടു ബന്ധപ്പെട്ടതും മനുഷ്യനിര്‍മ്മിതവുമാണ്.എന്നാല്‍ വംശീയത ജന്മനാ ലഭിക്കുന്നതും സ്വാഭാവികവും ജന്മാവകാശവുമാണ്. വംശീയത ദൈവത്തിന്റെ ദാനമാണ്. തുല്യരാണെങ്കിലും മനുഷ്യരെ അത് വ്യത്യസ്തരാക്കുന്നു. യഹൂദസമുദായത്തെ വിളിച്ചു ചേര്‍ത്തുനിര്‍ത്തിയപ്പോള്‍ അവര്‍ ദൈവത്തിന്റെ സ്വന്തം ജനം എന്നറിയപ്പെട്ടു. എന്നാല്‍ പിന്നീട് പുതിയനിയമകാലത്ത് യേശുവിന്റെ ഉത്ഥാനശേഷം അപ്പസ്‌തോലന്മാരുടെ നടപടികളിലൂടെ യേശുവിനെ വിളിച്ചപേക്ഷിക്കുന്നവര്‍ക്കെല്ലാം യേശുക്രിസ്തുവഴി പിതാവായ ദൈവത്തോടു ബന്ധം സ്ഥാപിക്കപ്പെട്ടു. അപ്പോഴും ദൈവത്തിന്റെ ആദ്യതെരഞ്ഞെടുപ്പായ യഹൂദസമുദായകൂട്ടായ്മ അപ്രസക്തമാകുകയല്ല ദൈവത്തെ അറിഞ്ഞവര്‍ എന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ വേണ്ടി നിലനിര്‍ത്തുകയാണു ചെയ്തത്. ദൈവത്തിന്റെ ഒരു തെരഞ്ഞെടുപ്പ് മറ്റൊരു തെരഞ്ഞെടുപ്പു മൂലം അസാധുവാകുന്നില്ല. ദൈവവുമായി നടത്തിയ ഉടമ്പടിയില്‍ വീഴ്ച വരുത്തിയപ്പോഴും യഹൂദനോടുള്ള കൂട്ടായ്മ നിലനിര്‍ത്തി, അവരെ കൂടെ ചേര്‍ത്ത്
നിര്‍ത്തി, അവരില്‍ നിന്നൊരാളെ പരുവപ്പെടുത്തിയെടുത്ത് തന്റെ രക്ഷാകരപദ്ധതിയുടെ  ഫലം അനുഭവിപ്പാന്‍ ഏകജാതനായ യേശുക്രിസ്തുവിലൂടെയും ദൈവം പ്രവര്‍ത്തിക്കുന്നതായി നമ്മള്‍ കാണുന്നു.
അപ്പസ്‌തോലന്മാരുടെ പിന്മുറക്കാരായ മെത്രാന്മാരുടെ നേതൃത്വത്തില്‍ നയിക്കപ്പെടുന്ന രൂപതകളിലും ഈ വിധമുള്ള പല പ്രത്യേകതകളും കാണുവാന്‍ കഴിയും. പ്രത്യേക സംസ്‌ക്കാരങ്ങളും തനിമയും പാരമ്പര്യങ്ങളും മറ്റും കാത്തുസൂക്ഷിക്കുന്ന ജനതയോ ജനതകളെയോ ഓരോ രൂപതകളിലും കാണാവുന്നതാണ്. പ്രമുഖ പള്ളികളെ കേന്ദ്രീകരിച്ചും പ്രത്യേക സമൂഹങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇക്കാരണത്താല്‍ രണ്ടായിരവും അതിലധികവും കുടുംബങ്ങളുള്ള പല പള്ളികളും വിഭജിക്കാനാകാതെ അധികാരികള്‍ പ്രയാസപ്പെടാറുണ്ട്. പ്രസിദ്ധമായ പല പള്ളികളില്‍ നിന്നും ഇടവക പിരിയാനാകാത്തവിധം അവര്‍ അവിടെ തന്നെ സമൂഹമായി കഴിയാനാണിഷ്ടപ്പെടുന്നത്. വളരെ അകലെ താമസിച്ചാലും ഇടവക മാറുവാന്‍ താല്പര്യം കാട്ടാത്തവിധം വികാരപരമായി നിലകൊള്ളുന്നവരും ഉണ്ട്. ചില സ്ഥലങ്ങളില്‍ നിര്‍ബന്ധമായി ഇടവക വിഭജിച്ചതില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുകയും ആ തീരുമാനം പിന്‍വലിച്ച് കൂടുതല്‍ അസിസ്റ്റന്റ് വികാരിമാരെ നിയമിച്ച് പ്രശ്‌നം അവസാനിപ്പിക്കേണ്ടിയും വന്നിട്ടുണ്ട്.
തെക്കുംഭാഗ സമുദായത്തെ സംബന്ധിച്ചിടത്തോളം അവരുടേതായ സംസ്‌ക്കാരവും തനിമയും നൂറ്റാണ്ടുകളോളം നിലനിര്‍ത്തി പോരുവാന്‍ സഹായകരമായ പാരമ്പര്യങ്ങളും കീഴ്‌വഴക്കങ്ങളും കലകളും പാട്ടുകളും  അവര്‍ക്കുണ്ടായിരുന്നു. ശക്തമായ ഈ നിലപാട് കണ്ടുകൊണ്ടു കൂടിയാണ് സഭാപരമായ ചട്ടക്കൂടെന്ന നിലയില്‍1911 ല്‍ വികാരിയാത്ത് അനുവദിച്ചത്. ഒരു വലിയപള്ളിയെ കേന്ദ്രീകരിച്ചല്ല തെക്കുംഭാഗരുടെ കൂട്ടായ്മ നിലനില്ക്കുന്നത്. ഏതെങ്കിലുമൊരു ഇടവക വിഭജിക്കേണ്ടിവരുമ്പോള്‍ അവരുടെ നേതൃത്വത്തിന് യാതൊരു പ്രതിസന്ധിയും നേരിടേണ്ടിവരുന്നില്ല. അതിരൂപതയിലെ ഏതിടവകയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനും ക്‌നാനായര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ല അവര്‍ ഒരു ജനതയാണ്. അതിരൂപതയിലെ ഏതിടവകയില്‍ ചെന്നാലും അവരെ അറിയുന്നവരോ ബന്ധുക്കളോ ഉണ്ടാകും അതിനാല്‍ തന്നെ അവര്‍ ഒരിടവകയിലും അന്യരല്ല. 
ഓരോ ജനസമൂഹങ്ങളിലാണ് വിശ്വാസം സന്നിവേശിച്ചു ക്രൈസ്തവകൂട്ടായ്മകളായി വളര്‍ന്നതെങ്കിലും വിശ്വാസത്തിന്റെ വിന്യാസത്തിലൂടെപുതിയജനതകളും രൂപം കൊണ്ടിരുന്നു. വിവിധങ്ങളായ ജാതിസമൂഹങ്ങള്‍ ഏകസത്യവിശ്വാസത്തില്‍ ഒരുമിച്ചു ചേര്‍ന്നതാണ് ഇന്നുള്ള പ്രാദേശിക സഭകള്‍ പലതും. സീറോ മലബാര്‍ സഭ അതിലൊന്നാണ്. ഇതില്‍നിന്നും വ്യത്യസ്തമായി പുനരൈക്യപ്പെട്ടു വന്നവരെയും ഒരു പ്രത്യേക ജനതയായി കണക്കാക്കി പരിഗണിക്കുവാന്‍ ആഗോളസഭ തയ്യാറായി. സീറോമലങ്കര ഹയരാര്‍ക്കിയുടെ ചരിത്രം അതാണ്. ഒരു ജനതയില്ലാതെ വിശ്വാസം നിലനിര്‍ത്താനാവില്ല; സഭക്ക് നിലനില്ക്കാനാവില്ല. വ്യക്തികളില്‍ രൂപം കൊണ്ട വിശ്വാസം ദൃഢപ്പെടുന്നത്് ഒരു കൂട്ടായ്മയിലാണ്. കൂട്ടായ്മയുടെ ഐക്യം മൂലം ദൃഢപ്പെടുന്ന വിശ്വാസവും ഉണ്ട്. കൂട്ടായ്മകള്‍ ചേരുന്ന പ്രദേശികസഭകള്‍, ഇവയെല്ലാം ചേരുന്ന ആഗോളസഭ. ജനസമൂഹങ്ങളാകട്ടെ വംശീയതയുടെയും സംസ്‌കാരത്തിന്റെയും തനിമയുടെയും ഇടവകയുടെയും ആരാധനക്രമത്തിന്റെയും ഒക്കെ വികാരങ്ങളാല്‍ നിലനില്ക്കുകയും ചെയ്യുന്നു. ഇതെല്ലാം അംഗീകരിച്ചുകൊണ്ടാണ് 1599ല്‍ നടന്ന ഉദയംപേരൂര്‍ സൂനഹദോസിനെ വരെ തള്ളി പറഞ്ഞുകൊണ്ട്, ഉറവിടങ്ങളിലേക്ക് തിരികെ പോകാനും, ഉറവിടം ഏതെന്ന് അവരവര്‍ തന്നെ കണ്ടുപിടിക്കണമെന്നും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തത്. സുറിയാനിക്കാര്‍ അമൂല്യമായി സൂക്ഷിച്ചത് പലതും നഷ്ടപെട്ടത് ഉദയംപേരൂര്‍ സൂനഹദോസില്‍ വെച്ചായിരുന്നല്ലോ! അവിടെ അഗ്നിക്കിരയാക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ പലതും അമൂല്യങ്ങളായവയായിരുന്നു. കളകളെ നശിപ്പിക്കുവാന്‍ വയലിനു തീവെച്ചതുപോലെയാണ് പ്രസ്തുത സൂനഹദോസ് സമാപിച്ചതെന്നു പറയുന്നതാവും ശരി. സുറിയാനി സമൂഹത്തെ ഒന്നിപ്പിച്ചു നിര്‍ത്തിയിരുന്ന ആചാരാനുഷ്ഠാനങ്ങള്‍ നിരോധിച്ചത് ഉദയംപേരൂര്‍ സൂനഹദോസായിരുന്നു. അതിനെതിരെ സംഘംചേര്‍ന്ന് പ്രതിഷേധിച്ച തെക്കുംഭാഗസമുദായനേതാക്കള്‍ക്ക് അവയൊക്കെ നിഷേധിച്ചവര്‍തന്നെ തുടരാന്‍ അനുവാദം കൊടുക്കുകയായിരുന്നു എന്നത് ചരിത്രത്തിന്റെ ഭാഗം. പ്രതിഷേധിക്കാതിരുന്ന സുറിയാനിക്കാരിലെ വലിയ വിഭാഗമായ വടക്കുംഭാഗക്കാര്‍ക്ക് സുറിയാനി ആചാരാനുഷ്ഠാനങ്ങളും മറ്റും എന്നന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്തു. 
ഈ  പശ്ചാത്തലത്തില്‍ സഭാചരിത്രകാരനായ സേവ്യര്‍ കൂടപ്പുഴ അച്ചന്റെ വാക്കുകള്‍ പ്രസക്തമാണ്. ''വത്തിക്കാന്‍ കൗണ്‍സില്‍ നവീകരണത്തിനും പുനഃരൈക്യത്തിനുമായി സമ്മേളിച്ചു. സഭയുടെ നവീകരണത്തിന്റെ പാതയില്‍ വെളിച്ചം വീശാന്‍ വളരെയധികം സഹായിച്ച ദൈവശാസ്ത്രവീക്ഷണമാണ്, ഇീാാൗിശീി ീള രവൗൃരവ (സഭകളുടെ കൂട്ടായ്മ) എന്ന പ്രബോധനം. കത്തോലിക്കാസഭ ഏകസഭയാണെന്നും അവിടെ ഭരണരീതിയും ആദ്ധ്യാത്മികതയും ദൈവശാസ്ത്രവീക്ഷണവും ശിക്ഷണക്രമവുമെല്ലാം ഐക്യരൂപ്യമുള്ളതാണെന്നും തെറ്റിദ്ധരിച്ചിരുന്നൊരു കാലഘട്ടമുണ്ടായിരുന്നു. വൈവിധ്യം അനൈക്യത്തിനു വഴിതെളിക്കുമെന്നൊരു ധാരണയും നിലവിലിരുന്നു. എന്നാല്‍, ഈ കാഴ്ചപ്പാടിനെ പാടെ തിരുത്തികൊണ്ട് വൈവിധ്യത്തില്‍ വരുത്തിയ ഗാഢമായ ഐക്യമാണ് സഭയുടേതെന്ന് കഴിഞ്ഞ വത്തിക്കാന്‍ കൗണ്‍സില്‍ ഔദ്യോഗികമായി പഠിപ്പിച്ചു. ഈ വീക്ഷണത്തില്‍ കത്തോലിക്കാസഭ സഭകളുടെ കൂട്ടായ്മയാണ്.'' ബഹു: കൂടപ്പുഴ അച്ചന്റെ ഈ പരാമര്‍ശനത്തിന്റെ വിശദാംശത്തിലേക്ക് വന്നാല്‍ കത്തോലിക്കാസഭ സഭകളുടെ കൂട്ടായ്മയും ഓരോ സഭകളും വിവിധ സംസ്‌ക്കാരങ്ങളും പാരമ്പര്യങ്ങളും വെച്ചു പുലര്‍ത്തുന്നവരുടെ കൂട്ടായ്മയാണെന്നും വ്യക്തമാകുകയാണ്. ഓരോ പ്രാദേശിക സഭയും തനതായ പാരമ്പര്യം വച്ചുപുലര്‍ത്താന്‍ റോം ആഗ്രഹിക്കുകയും ചെയ്യുന്നു.
ക്‌നാനായക്കാര്‍ വിദേശങ്ങളില്‍ നേരിടുന്ന പ്രതിസന്ധി
ഗള്‍ഫ് മേഖലയില്‍ നാലുലക്ഷത്തിമുപ്പതിനായിരം സീറോമലബാര്‍ ക്രൈസ്തവരുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്. 2010 ഒക്‌ടോബറില്‍ മദ്ധ്യപൂര്‍വ്വദേശത്തു നിന്നുള്ള മെത്രാന്മാരുടെ ഒരു സിനഡ് മാര്‍പാപ്പ റോമില്‍ വിളിച്ചു കൂട്ടിയിരുന്നു. സീറോമലബാര്‍ സഭയില്‍ നിന്നും പ്രത്യേക ക്ഷണിതാവായി കൂരിയാ ബിഷപ്പ് മാര്‍ ബോസ്‌ക്കോ പുത്തൂര്‍ അതില്‍ സംബന്ധിച്ച് സീറോമലബാര്‍ സഭ ഗള്‍ഫില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. അവിടങ്ങളില്‍ നമുക്കു പള്ളികളും വൈദികരും ഇല്ലാത്തതിനാല്‍ പെന്തക്കോസ്തു പോലുള്ള വിഘടിതഗ്രൂപ്പുകളിലേക്ക് നമ്മുടെ വിശ്വാസികള്‍ പോകുന്നു എന്നാണ് മാര്‍ പുത്തൂര്‍ മുഖ്യമായും വിവരിച്ചത്. ഒരു വ്യക്തി സ്വയം സ്വീകരിച്ചതോ പരമ്പരാഗതമായി  ലഭിച്ചതോ ആയ വിശ്വാസം നിലനിര്‍ത്തണമെങ്കില്‍ ഒരു കൂട്ടായ്മ അനിവാര്യമാണെന്നു വരുന്നു. ആ കൂട്ടായ്മ സ്വന്തം ഭാഷയും ആരാധനക്രമവും പാരമ്പര്യങ്ങളും പാലിക്കുന്ന സഹോദരരും സ്വന്തം സംസ്‌ക്കാരം കാത്തുസൂക്ഷിക്കുന്ന നേതൃത്വങ്ങളും ചേര്‍ന്നതാകുമ്പോള്‍ അതിനു ഊര്‍ജ്ജസ്വലതയും ജീവനും പ്രധാനം ചെയ്യുന്നു. വിശ്വാസം നിലനില്ക്കാനും പരിപോഷിപ്പിക്കാനും തനിമയിലും സംസ്‌ക്കാരത്തിലും ഒന്നിച്ചുചേരുന്ന പരസ്പരം അറിയുന്ന ഒരു ജനസമൂഹം ഉണ്ടായിരിക്കണം എന്നു തന്നെയാണ് ഇതു തെളിയിക്കുന്നത്.
ഗള്‍ഫിലെ സീറോമലബാറുകാരുടെ അജപാലനശുശ്രൂഷ സീറോമലബാര്‍ നേതൃത്വത്തെ തന്നെഏല്പ്പിക്കണമെന്നും ബിഷപ്പ് മാര്‍ പുത്തൂര്‍ സിനഡില്‍ ആവശ്യപ്പെട്ടിരുന്നു. ഗള്‍ഫ് മേഖലയിലെ ലത്തീന്‍ മെത്രാന്മാര്‍ക്ക് വ്യക്തിഗതസഭകളുടെ പാരമ്പര്യത്തിനനുസൃതമായ അജപാലനശുശ്രൂഷ നല്‍കുവാന്‍ പ്രാപ്തിയില്ലന്നും കൂരിയാ ബിഷപ്പ് സിനഡില്‍ വെളിപ്പെടുത്തിയിരുന്നു. ഞായറാഴ്ച്ചകളില്‍ നിര്‍ബന്ധമായും സീറോമലബാറുകാര്‍ സ്വന്തം ഇടവകയില്‍ തന്നെ കുര്‍ബാനയില്‍ പങ്കെടുക്കണമെന്ന് മെത്രാന്മാര്‍ മുന്‍പ് കര്‍ശന നിലപാടെടുത്തിരിക്കുന്നത് ഈ അടിസ്ഥാനത്തിലാണല്ലോ.
കത്തോലിക്കാസഭയില്‍ ഇരുപത്തിമൂന്നു ആരാധനക്രമങ്ങള്‍ (റീത്തുകള്‍) ഉണ്ട്. അതിന്റെ ഇരട്ടിയോളം വ്യക്തിഗത സഭകളും ഉണ്ട്. അതായത് ഒരേ ആരാധനാക്രമം ഉള്ള ഒന്നിലധികം സഭകള്‍ ഉണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യത്തില്‍ നിലനില്ക്കുന്ന ഈ സ്വയാധികാരസഭകളെല്ലാം തന്നെ വിവിധ സമുദായങ്ങള്‍ക്കോ വംശങ്ങള്‍ക്കോ ഭാഷക്കാര്‍ക്കോ വേണ്ടി നിലനില്ക്കുന്നവയാണ്. സ്വയാധികാരസഭയായ സീറോമലബാര്‍ സഭയുടെ അംഗങ്ങള്‍ ഉള്ളിടങ്ങളിലെല്ലാം അവരുടെ തന്നെ ആരാധനക്രമം പിന്തുടരണമെന്നും അവരുടെ വൈദികരുടെ സേവനം ആവശ്യപ്പെടുന്നതിനും കാരണം കത്തോലിക്കാവിശ്വാസം നിലനിര്‍ത്തുന്നതിനുവേണ്ടി മാത്രമല്ല അവരുടെ ആരാധനാക്രമവും വംശീയതയും ദേശീയതയും സംസ്‌ക്കാരവും നിലനിര്‍ത്തുന്നതിനുവേണ്ടി കൂടിയാണ്. ഞായറാഴ്ച കുര്‍ബാനക്ക് സ്വന്തം ഇടവകയില്‍ തന്നെ പോകണമെന്നു നിര്‍ബന്ധിക്കാന്‍ കാരണവും മറ്റൊന്നല്ല. വിശ്വാസം തനിയെ ഒരാളില്‍ നിലനില്ക്കുകയില്ല എന്നതുകൊണ്ടു തന്നെയാണ് മെത്രാന്മാര്‍ അങ്ങനെ നിര്‍ദ്ദേശിക്കാന്‍ കാരണം.
കോട്ടയം അതിരൂപതയിലെ ദൈവജനം സീറോമലബാര്‍ ഹയരാര്‍ക്കിയോടാവശ്യപ്പെടുന്നതും ഇതു തന്നെയാണ്, ഞങ്ങളുടെ ക്‌നാനായ പാരമ്പര്യത്തിനനുസൃതമായ ശുശ്രൂഷ നല്‍കുവാന്‍ സീറോമലബാര്‍ സഭയിലെ മറ്റ് വൈദികര്‍ക്കു സാധിക്കില്ല, സമുദായ വൈദികര്‍ക്കു മാത്രമേ കഴിയൂ എന്നാണ്. ക്‌നാനായക്കാര്‍ അമൂല്യമായി കരുതി സൂക്ഷിക്കുന്നതെല്ലാം നിലനിര്‍ത്തുവാന്‍ കേരളത്തിനുപുറത്തും വിദേശങ്ങളിലും ഇടവകയും മറ്റു സംവിധാനങ്ങളും വേണമെന്നാണ് ആവശ്യപ്പെടുന്നത്. പരസ്പരം അറിയുന്ന, തനിമയിലും, പാരമ്പര്യങ്ങളാലും ബന്ധിതമായ ഒരു സമൂഹത്തിലാണ് വിശ്വാസം ദൃഢമായി നിലനില്ക്കുന്നത്. കൂട്ടായ്മകള്‍ നഷ്ടപ്പെട്ട സമൂഹത്തിലെ വ്യക്തികള്‍ മറ്റു വിശ്വാസകൂട്ടങ്ങളില്‍ ചെന്നുചേരുവാന്‍ കാരണമാകുന്നു; അങ്ങനെയാണ് പെന്തക്കോസ്തു സമൂഹങ്ങള്‍ രൂപപ്പെടുന്നതും. സാമ്പത്തികമായി ഉന്നതി നേടുമ്പോള്‍ സംസ്‌ക്കാരങ്ങള്‍ക്കും ജാതിമതങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും വിലകല്പിക്കാതെ പണത്തിന്റെ തുല്യതയും അതിന്റെ കൂടുതല്‍ സാദ്ധ്യതയും കണക്കാക്കി ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുകയും കുറേകഴിഞ്ഞ് ഉപേക്ഷിക്കുകയും ചെയ്യുന്ന പ്രവണത പരിഷ്‌കൃത യൂറോപ്യന്‍ രാജ്യങ്ങളില്‍ കണ്ടു വരുന്നുണ്ട്. ഇത്തരക്കര്‍ ക്രൈസ്തവ സിശ്വാസവും ഈ വിധമുള്ള കാഴ്ച്ചപാടിനു വിധേയമാക്കിക്കൊണ്ടിരിക്കുന്നതായും നമ്മള്‍ കാണുന്നു സഭയുടെ നിയമങ്ങളും വിശ്വാസ സംഹിതകളും അവര്‍ക്കു പ്രശ്‌നമല്ല. സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഓരോ ദിവസവും തോന്നുന്ന ഇഷ്ടങ്ങള്‍ അവര്‍ നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമെന്തായി എന്നു ചോദിച്ചാല്‍ ക്രൈസ്തവ വിശ്വാസികള്‍ പള്ളികള്‍ ഉപേക്ഷിക്കുകയും പിന്നെ വിശ്വാസം തന്നെ ഉപേക്ഷിക്കുകയും ചെയ്യുന്നു. അനാഥമാകുന്ന പള്ളി മറ്റുകാര്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട പള്ളികളാണ് നമ്മുടെ ആളുകള്‍ അമേരിക്കയിലും മറ്റും വാങ്ങുന്നത്.
കേരളത്തില്‍ നിന്നും കുടിയേറിയ ക്‌നാനായ ക്രൈസ്തവരും മറ്റ് സിറിയന്‍, ലത്തീന്‍, മലങ്കര കത്തോലിക്കരും കത്തോലിക്കാ വിശ്വാസത്തിനു പുറമെ ഏതെങ്കിലുമൊരു വംശീയ കൂട്ടായ്മയിലും അംഗമായിരിക്കും. ഏതു രാജ്യത്തു ചെന്നാലും അവരെ ആദ്യം ഒന്നിച്ചു ചേര്‍ക്കുന്നത് ഈ വംശീയ കൂട്ടായ്മയാണ്. ക്‌നാനായക്കാരും  സുറിയാനിക്കാരും ലത്തീന്‍ക്കാരും മലങ്കരക്കാരും വംശീയതയും ആരാധനാക്രമവും എന്ന വികാരത്താല്‍ ഒരുമിച്ചു ചേര്‍ന്നാണ് വിശ്വാസം പ്രഘോഷിക്കുന്നതും ആരാധന നടത്തുന്നതും. സുറിയാനിക്കാരെ അവരുടെ വൈദീകരാല്‍ നയിക്കപ്പെടണമെന്ന് പുത്തൂര്‍ പിതാവ് റോമില്‍ ആവശ്യപെടുവാനും അതാണ് കാരണം.യൂറോപ്യന്മാരില്‍ നിന്നും ക്രൈസ്തവ വിശ്വസം ഒഴിഞ്ഞു പോകുവാനുണ്ടായ കാരണം സമുദായികമായ ഒരു കൂട്ടായ്മ ഇല്ലാതെ പോയി എന്നു തന്നെയാണെന്നു കണ്ടെത്തുവാന്‍ പ്രയാസമില്ല.
ഇവിടെ ആദ്യം സൂചിപ്പിച്ച ഇസ്രായേല്‍ ജനതയെ ദൈവം തെരഞ്ഞെടുത്തത് അവര്‍ വിശ്വാസത്തിലും സംസ്‌ക്കാരത്തിലും വംശീയതയിലും നിലനില്ക്കുന്ന ഒരു സമൂഹം ആകേണ്ടതിനായിരുന്നു. കത്തോലിക്കാമിഷണറിമാര്‍ കടന്നു ചെന്നിടങ്ങളിലെല്ലാം അതാതു സമൂഹങ്ങളുടെ സംസ്‌ക്കാരങ്ങളിലൂടെയാണ് വിശ്വാസം സന്നിവേശിപ്പിച്ചിരുന്നത്. 1605-ല്‍ ഇന്‍ഡ്യയില്‍ സേവനം ആരംഭിച്ച ഇറ്റാലിയന്‍ ഈശോ സഭാവൈദികനായ റോബര്‍ട്ട് ഡിനോബിലി ക്രൈസ്തവവിശ്വാസത്തിനു ഭാരതീയ മുഖം നല്‍കിയാണ് ചരിത്ര പുരുഷനായത്. സവര്‍ണ്ണര്‍ക്കും അവര്‍ണ്ണര്‍ക്കും ഇടയില്‍ പ്രവര്‍ത്തിക്കാന്‍ രണ്ടുവിഭാഗം മിഷനറിമാരെ അദ്ദേഹം സജ്ജരാക്കി.
യഹൂദനായ വിശുദ്ധ മത്തായി സുവിശേഷം എഴുതിയത് യഹൂദക്രൈസ്തവരെ മുന്നില്‍ കണ്ടുകൊണ്ടാണ്. വിജാതീയ ക്രൈസ്തവനായ വിശുദ്ധ ലൂക്കാ വിജാതീയ ക്രൈസ്തവരെ മുന്നില്‍ കണ്ടുകൊണ്ടും സുവിശേഷം എഴുതിയെന്നാണ് നമ്മള്‍ പഠിക്കുന്നത്. അവര്‍ ആ നയം സ്വീകരിച്ചില്ലായിരുന്നെങ്കില്‍ പ്രസ്തുത സമൂഹങ്ങളെ ക്രൈസ്തവരാക്കുവാന്‍ കഴിയുമായിരുന്നില്ല. 
പുരാതന ഈജിപ്തില്‍ ജീവിച്ചിരുന്ന പേഗന്‍മതക്കാര്‍ കൂട്ടത്തോടെ ക്രൈസ്തവരായി, എങ്കിലും അവര്‍ ആരാധിച്ചിരുന്ന സൂര്യദേവന്റെ ജന്മദിനം അവര്‍ക്ക് വികാരപരമായ ഒരോര്‍മ്മയായിരുന്നു. അക്കാലത്ത്  യേശുവിന്റെ ജന്മദിനത്തിന് ക്രൈസ്തവര്‍ക്കിടയില്‍ ഒരു ഏകീകരണം ഉണ്ടായിരുന്നില്ല. സൂര്യദേവന്റെ ജന്മദിനമായ ഡിസംബര്‍ 25 ക്രൈസ്തവരായ പേഗന്‍മതക്കാര്‍ക്ക് ഉപേക്ഷിക്കാനാവാത്ത ഓര്‍മ്മയായി നിലനില്ക്കുകയും ചെയ്തു. ഇതു കണക്കാക്കി സൂര്യതേജസ്വിയായ യേശുവിന്റെ ജന്മദിനം ഡിസംബര്‍ 25 ആയി സഭ നിജപ്പെടുത്തി. ഇതുപോലുള്ള പാരമ്പര്യങ്ങളും സാംസ്‌ക്കാരികാനുരൂപണങ്ങളും സഭയുടെ ഭാഗത്തുനിന്നും ഉണ്ടായതുകൊണ്ടാണ് വിവിധങ്ങളായ സംസ്‌ക്കാരങ്ങളില്‍ സഭ വളരാന്‍ ഇടയായത്. 1921ല്‍ മലങ്കര ആരാധനാക്രമം അംഗീകരിച്ചതുവഴി പുനരൈക്യം എളുപ്പമായി. 2009ല്‍ ആംഗ്ലിക്കല്‍ ആരാധനക്രമം അംഗീകരിച്ചതുവഴി 16-ാം നൂറ്റാണ്ടില്‍ വേര്‍പെട്ടുപോയ ഇംഗ്ലണ്ടിലെ സഭയും സത്യസഭയോടു ചേര്‍ന്നുകൊണ്ടിരിക്കുന്നു. ഈ സമൂഹങ്ങളെയൊക്കെ സത്യസഭയോടു ചേര്‍ക്കാന്‍ അവര്‍ക്കു സ്വന്തമായതൊക്കെ അംഗീകരിക്കുകയായിരുന്നു. ഇവിടെ ചിലര്‍ പറഞ്ഞു നടക്കുന്നതുപോലെ ജാതികള്‍ക്കതീതമായി മനുഷ്യരെ ഒന്നാക്കുന്നത് സഭയുടെ പദ്ധതിയല്ല. എല്ലാ ജാതി മത സമൂഹങ്ങളിലും യേശുവിന്റെ സ്‌നേഹം കൊടുക്കുകമാത്രമാണ് സഭയുടെ ലക്ഷ്യം. വ്യക്തിപരമോ തൊഴില്‍പരമോ ആയ കാരണങ്ങളാല്‍ ഒറ്റപ്പെട്ടു കഴിയേണ്ടി വരുമ്പോഴാണ് പരമ്പരാഗതമായ കൂട്ടായ്മ നഷ്ടപ്പെടുന്നതും, മറ്റു പല പ്രാര്‍ത്ഥനാകൂട്ടങ്ങളില്‍ ചെന്നുപെടുന്നതും,
എന്നന്നേക്കുമായി ഒറ്റപ്പെട്ടു നാശമടയുന്നതും. പല കാരണങ്ങളാല്‍ പലയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആടുകളെ അന്വേഷിച്ച് ഇടയന്മാര്‍ പുറപ്പെടുകയും അവര്‍ക്കാവശ്യമായ ആലകള്‍ ഉണ്ടാക്കുവാനുള്ള അനുവാദം കൊടുക്കുകയും വേണം. വിശ്വാസമാണോ സമുദായമാണോ ആദ്യം പ്രസക്തമാകുന്നത് എന്ന ഒരു ചോദ്യം ഉണ്ടെങ്കില്‍ വിശ്വാസവും സമുദായവും ഒരു പക്ഷിയുടെ ഇരു ചിറകുകളാണ്. രണ്ടിനും തുല്യപ്രാധാന്യമാണ് എന്നാണതിനുത്തരം. വിശ്വാസത്തിനു താഴെയായി സമുദായസ്‌നേഹം കാണാനാവില്ല. സമുദായത്തിനുവേണ്ടി സ്ഥാപിതമായ കോട്ടയം അതിരൂപത ഇന്നും പ്രസക്തമാകുന്നതും അതുകൊണ്ടാണ്. സമുദായക്കാരുടെ പരസ്പര സ്‌നേഹത്തിന്റെയും പരസ്‌നേഹത്തിന്റെയും കെട്ടുപാടില്‍ വിശ്വാസം കൂടുതല്‍ ദൃഢപ്പെടുകയും ചെയ്യുന്നു. ചെല്ലുന്ന ഇടങ്ങളില്‍ സീറോമലബാര്‍ സഭയുടെ പതാക വാഹകരാകുവാനും പെട്ടെന്ന് ഒന്നിച്ചു ചേരുവാനും ഇടയാകുന്നതിനു കാരണം തെക്കുംഭാഗന്റെ ഉടല്‍ ഒന്നുതന്നെ ആയതു കൊണ്ടാണ്. ഉടല്‍ ഇക്കരെയും ഉയിര് അക്കരെയുമായി കഴിയാന്‍ ക്‌നാനായക്കാരനാവില്ല.
വംശീയതയും സ്വത്വബോധവും ചില ചിന്തകള്‍

    വംശശുദ്ധിയും രക്തശുദ്ധിയും ചില ചിന്തകള്‍ എന്ന പേരില്‍ ശ്രീ ജയിംസ് ഐസക്ക് കുടമാളൂരിന്റെ ഒരു ലേഖനം 2015 ഫെബ്രുവരിയിലെ സത്യജ്വാലയില്‍ കണ്ടു. ബൈബിള്‍ ആധാരമാക്കിയാണ് അദ്ദേഹം ക്‌നാനായസമൂഹത്തിന്റെ നിലപാടിനെ വിമര്‍ശിക്കാന്‍ തുടങ്ങുന്നത്. ഈ വിഷയവുമായി ബൈബിളിലേക്കു കടക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടു പോകുവാനും സമുദായത്തെ നിരന്തരം ഭള്ളു പറയുന്നതിനുംവേണ്ടിയാണ്. മനുഷ്യര്‍ വംശപരമായും സമൂഹമായും ജാതീയമായും നിലനില്‍ക്കുന്ന നമ്മുടെ സാമൂഹ്യ പശ്ചാത്തലത്തില്‍നിന്നു കൊണ്ടുവേണം ക്‌നാനായ സമൂഹത്തിന്റെ നിലപാടിനെ വിലയിരുത്താന്‍. ബൈബിളിലേക്ക് കടക്കുകയാണെങ്കില്‍, ഇസഹാക്കിനു ഭാര്യയെ കണ്ടെത്താന്‍ അബ്രാഹംതന്റെ ഗോത്രത്തിലേക്ക് സേവകനെ വിടുന്നതായും, മക്കളുടെ അപ്പം എടുത്തു നായ്ക്കള്‍ക്കു കൊടുക്കുകയില്ലന്നും, ഇസ്രായേലിന്റെ നഷ്ടപ്പെട്ട ആടുകളെ തേടിയാണ് ഞാന്‍വന്നതെന്നും യേശു പറഞ്ഞകാര്യവും പറയേണ്ടിവരും. മാത്രമല്ല സെനഹാസിന്റെ തീഷ്ണതയും എസ്രാ നെഹമിയ പ്രവാചകര്‍ നല്‍കിയ നിര്‍ദ്ദേശവും പാലിച്ചുകൊണ്ട് ക്‌നാനായ സമുദായം ഇന്നും യേശുവിന്റെ പാതയില്‍ സുവിശേഷ സന്ദേശം നല്‍കികൊണ്ട് കഴിയുന്നു. അനേകം വൈദികരെയും സന്യാസിനികളെയും, ആഗോള സഭയ്ക്ക് നല്‍കിയിരിക്കുന്നു. അറുപതോളം രാജ്യങ്ങളില്‍ വസിക്കുന്ന ക്‌നാനായ മക്കളിലൂടെ സീറോമലബാര്‍ വിശ്വാസി സമൂഹത്തിന്റെ കൊടിയടയാളമായി, സാക്ഷികളായി ജീവിക്കുകയും ചെയ്യുന്നുണ്ട്.  
     ജയിംസ് സാറിന്റെ ലേഖനത്തിന്റെ തലക്കെട്ട് തന്നെ ശരിയല്ല. ഒരുവിധശുദ്ധിവാദവും ക്‌നാനായര്‍ പറയുന്നില്ല. ശത്രുക്കള്‍ക്കു എടുത്തലക്കാന്‍ വേണ്ടി രക്തശുദ്ധിവാദം എന്നപദം അവര്‍ തന്നെ ഞങ്ങളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. അഉ 345 ല്‍ ക്‌നായിത്തൊമ്മന്റെ നേതൃത്വത്തില്‍ കേരളത്തില്‍ വന്നിറങ്ങിയ ഒരു കൂട്ടം ക്രിസ്ത്യാനികള്‍ മറ്റുള്ള സമുദായക്കാരെപോലെ തന്നെ അവര്‍ക്കിഷ്ടമുള്ളിടത്തുനിന്നും മാത്രം വിവാഹം കഴിക്കുന്നു, അത്രമാത്രം. ഞങ്ങളുടെ താല്പര്യം ഞങ്ങളുടെ ഗോത്രത്തില്‍നിന്നും മാത്രം വിവാഹം ചെയ്ത് വംശീയതനിലനിര്‍ത്തണം എന്നതാണ്. ഒരു വ്യക്തി എവിടെ നിന്നും വിവാഹം ചെയ്യണമെന്ന് നിശ്ചയിക്കുന്നത് ആ വ്യക്തിയും അവരുടെ കുടുംബവുമാണ് അതില്‍ എന്തിന് തെറ്റുകാണുന്നു?
    അനേകം ജാതികളില്‍നിന്നും സമുദായത്തില്‍ നിന്നും വിശ്വാസം സ്വീകരിച്ചുവന്നവരുടെ സമൂഹമാണ് സീറോമലബാര്‍ സുറിയാനി ക്രിസ്ത്യാനികളെന്ന് അഭിമാനിക്കുന്നവര്‍. അവരിലെ കുറെപേരെ പുതു ക്രിസ്ത്യാനികളെന്നും കീഴ്ജാതിക്കാരെന്നും തിരിച്ച് വിവാഹത്തിനു ഭ്രഷ്ടകല്പ്പിച്ചിരിക്കുന്നതില്‍ ആരും തെറ്റുകാണുന്നേയില്ല. മറ്റുള്ളവര്‍ക്കു നന്മമാത്രം ചെയ്തുകൊണ്ട് സമാധാനത്തില്‍ കഴിയുന്ന ക്‌നാനായ ,മുദായത്തിന്റെ വംശീയതയിലേക്കും ചരിത്രത്തിലേക്കും ഇടിച്ചുകയറി, ഒറ്റ രാത്രികൊണ്ട് തറവാടിയാകാന്‍ ശ്രമിക്കുന്ന സ്വഭാവം അത്രനല്ലതാണോ എന്നു ചിന്തിക്കണം. സ്വന്തം തറവാടിനെക്കുറിച്ചുള്ള അകര്‍ഷതയാണ് ഇതിനുകാരണം. ചങ്ങനാശ്ശേരി പാലാ തുടങ്ങിയരൂപതകളിലുള്ള ദളിത് വിഭാഗത്തില്‍പ്പെട്ട ചെറുപ്പക്കാര്‍ സ്വന്തം രൂപതയില്‍ നിന്നും  ഇണയെകണ്ടെത്താനാകാതെ മറ്റ് വിശ്വാസകൂട്ടങ്ങളില്‍ ചെന്ന് വിവാഹിതരാകുന്നുണ്ട്. കത്തോലിക്കാ സഭ ഉപേക്ഷിച്ചുപോകുന്ന, വിശ്വാസപരമായ  ഈ വലിയ പ്രതിസന്ധി കണ്ടില്ലന്നു നടിച്ച് മറ്റുള്ളവന്റെ കണ്ണില്‍ കരടിരിക്കുന്നുഎന്ന് വിൡുപറയുന്ന തടിവാഹകരോട് പറയട്ടെ നിങ്ങളുടെ ഇടയിലെ വലിയ പ്രശ്‌നങ്ങള്‍ ആദ്യം പരിഹരിക്കൂ.
     ഇവിടുത്തെ ലത്തീന്‍ സമുദായക്കാരെ പുതു ക്രിസ്ത്യാനികളെന്നു പറഞ്ഞ് ആക്ഷേപിക്കുന്ന സുറിയാനി ക്രിസ്ത്യാനികള്‍, അല്പംവെളുപ്പും നല്ല ജോലിയുമുള്ള ലത്തീന്‍ പെണ്ണുങ്ങളെ അടിച്ചുമാറ്റുന്ന സംഭവങ്ങളും ഉണ്ട്. കോട്ടയത്ത് രണ്ടു രൂപതകള്‍ തമ്മിലുള്ള ഒരു വലിയ പ്രശ്‌നവുമാണിത്.
    ക്‌നാനായക്കാരുടെ ശുദ്ധരക്തവാദവും സുറിയാനികത്തോലിക്കരുടെ ബ്രാഹ്മണരക്തവാദവുമെല്ലാം ശുദ്ധമായ ജാതിക്കിറുക്കാണ് എന്നു പറഞ്ഞാണ് ജയിംസ് സാര്‍ ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്.  ബ്രാഹ്മണരക്തശുദ്ധിവാദത്തെ ചാരി ക്‌നാനായക്കാര്‍ക്കിട്ടടിച്ചിരിക്കുകയാണദ്ദേഹം. എന്നാല്‍ ഈ ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന് സമാധാനവും സന്തോഷവും ലഭ്യമാകുവാന്‍ സ്വത്വബോധം ഉണ്ടാകേണ്ടത് ആവശ്യമാണ്. സ്വത്വബോധം ഉള്ളവന് സത്യസന്ധമായും മാന്യമായും കഴിയാതിരിക്കാനാവില്ല. ഒരു പരിധിവിട്ട് വിമര്‍ശിക്കാനും മറ്റുള്ളവരുടെ തനിമയില്‍ നുഴഞ്ഞുകയറാനും, അതിനു കഴിഞ്ഞില്ലങ്കില്‍ ഭള്ളുപറയാനും തുടങ്ങുന്നത് സ്വയാവബോധം ഇല്ലാത്ത മനുഷ്യരാണ്. ക്‌നാനായക്കാരെ പരസ്‌നേഹമുള്ളവരും പരസ്പരസഹായം ചെയ്യുന്നവരുമായി നിലനിര്‍ത്തുന്നത് അവരുടെ സ്വത്വബോധമാണ്.
     പ്രാദേശികസഭകളോടു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറഞ്ഞിരിക്കുന്നത് അവരവരുടെ തനിമയും സംസ്‌ക്കാരവും സ്വത്വവും ഉള്‍പ്പെട്ട ഉറവിടങ്ങള്‍ കണ്ടെത്താനാണ്. പ്രാദേശിക സഭകള്‍ വളരണമെങ്കില്‍ സ്വത്വബോധം ഉണ്ടാകണം എന്ന് പിതാക്കന്മാര്‍ തിരിച്ചറിഞ്ഞിരുന്നു. സഭ ഇവിടെ വളരണമെങ്കില്‍ സമുദായങ്ങളും കുടുംബങ്ങളും വ്യക്തികളും അവരവരുടെ സ്വത്വം തിരിച്ചറിയുകതന്നെവേണം.
     പണമില്ലാത്തവന് പണക്കാരനോട് അസൂയ, അവര്‍ പ്രസംഗിക്കുന്നത് പണക്കാരന്‍ പണം പങ്കുവയ്ക്കണം എന്നു മാത്രമാണ്. സംസ്‌ക്കാരം ഇല്ലാത്തവന്‍ അതുള്ളവനെ ആക്ഷേപിച്ചുകൊണ്ടിരിക്കും. സൗന്ദര്യം ഇല്ലന്നുതോന്നുന്നവന്, സുന്ദരനെന്നു ഇവനുതോന്നുന്നവനെ കാണുമ്പോള്‍ പുച്ഛം.  വിവാഹം പുരുഷനും സ്ത്രീയും തമ്മിലാണെന്നും ജാതിയോ മതമോ അതില്‍ ഇടപെടരുതെന്നും ആയിരിക്കും ഇവന്റെ തത്വശാത്രം, കാരണം കറുത്തവന് വെളുത്ത പെണ്ണിനെ കെട്ടണം. ഇവരൊക്കെ ബലത്തിനുവേണ്ടി ബൈബിളിനെ കൂട്ടുപിടിക്കുകയും ചെയ്യും.
    എല്ലാവരും അവരവരുടെ  സ്വത്വം കണ്ടെത്തട്ടെ ഒരു ജാതിയും കൂടിയതോ കുറഞ്ഞതോ അല്ല. ജനിച്ചു വളര്‍ന്ന  ജാതിയില്‍ അഭിമാനം തോന്നുകയാണ് വേണ്ടത്. ജാതിയും മതവും വംശീയതയും ഒരു യാത്ഥാര്‍ത്ഥ്യമാണ് അതില്ലാതാക്കാന്‍ കാലാകാലങ്ങളില്‍ നടത്തിയ ശ്രമങ്ങളെല്ലാം വൃഥാ വിലാകുകയായിരുന്നു എന്നു ചരിത്രം പറയുന്നു.
    നായരുടെയും നമ്പൂതിരിയുടെയും പറയന്റെയും ഉള്ളാടന്റേയുമൊക്കെ സ്വവംശവിവാഹനിഷ്ഠയെ അംഗീകരിക്കുകയും എതിര്‍ക്കാതിരിക്കുകയും ചെയ്യുന്നവര്‍ ക്‌നാനായക്കാരുടെ എന്‍ഡോഗമിയെ (സ്വവംശവിവാഹം) എതിര്‍ക്കുന്നതിന്റെ രഹസ്യം പരസ്യമായാല്‍ അത് നിങ്ങള്‍ക്കുതന്നെ ആക്ഷേപകരമാണ്.
   സ്വത്യബോധമില്ലാത്ത കുറെപേരോടു ചേര്‍ന്ന് നിലനില്ക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ തള്ളിപ്പറയാന്‍ ജയിംസ് സാര്‍ മുന്നോട്ടുവന്നതില്‍ വലിയ ഖേദമുണ്ട്.

ഡോമിനിക്ക് സാവിയോ
വാച്ചാച്ചിറയില്‍ 
9446140026
ദൈവമേ,വലിയ തുക ദശാംശം കൊടുക്കാന്‍ 
“എന്നെ” വലിയൊരു ലോട്ടറി അടിക്കണമേ!
ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍
ഏതാനും ആഴ്ച്ചകളായി യൂറ്റൂബില്‍ പ്രചരിക്കുന്ന ഒരു മലയാളം വീഡിയോ കാണുവാനിടയായി മലയാളി വൈദികര്‍ നടത്തുന്ന ഒരു ധ്യാനകേന്ദ്രം ഒരിടവകയില്‍ നടത്തിയ കണ്‍വന്‍ഷനിലെ ആരാധനയുടെയും പ്രാര്‍ത്ഥനയുടെയും  വീഡിയോയാണത്.
വിശ്വാസികളുടെ വരുമാനത്തിന്റെ പത്തിലൊന്ന് വചന ശുശ്രൂഷയ്ക്കും മറ്റും കൊടുക്കണമെന്നും ധ്യാനകേന്ദ്രം പുറത്തിറക്കുന്ന പുസ്തകങ്ങളും മാസികകളും വാങ്ങി വിതരണം ചെയ്യണമെന്നും സ്‌തോത്രകാഴ്ച്ചയിടണമെന്നുമൊക്കെ ധ്യാനഗുരു ആരാധനാ സമയത്ത് വിളിച്ചു പറയുകയാണ്. അങ്ങനെയൊക്കെ ചെയ്താല്‍ ഒരു വര്‍ഷം കൊണ്ട് നിങ്ങളുടെ പ്രശ്‌നങ്ങള്‍ മാറി സമ്പന്നരാകുമെന്നു പറഞ്ഞ് പ്രാര്‍ത്ഥിപ്പിക്കുകയും ചെയ്യുന്നു. ദശാംശം കൊടുത്ത് അങ്ങയെ ആരാധിക്കേണ്ടതിന് എന്നെ സമ്പന്നനാക്കണമെ എന്ന പ്രാര്‍ത്ഥന അച്ചന്‍ ചൊല്ലിക്കൊടുക്കുന്നു വിശ്വാസികള്‍ ഏറ്റുചൊല്ലുന്നു.
ഈ വൈദികന്റെ പ്രാര്‍ത്ഥന മനുഷ്യാവതാരത്തെയും ദൈവത്തിന്റെ പദ്ധതിയെയും തെറ്റായി വ്യഖ്യാനിക്കലായിട്ടേ കാണാനാകു. വിധവ നേര്‍ച്ചയിട്ട കുഞ്ഞുകാശ്, സമ്പത്ത് എവിടെയോ നിങ്ങളുടെ ഹൃദയവും അവിടെയായിരിക്കും എന്നു പറഞ്ഞ് പഠിപ്പിച്ച യേശു, ദൈവത്തേയും പണത്തേയും ഒരുപോലെ ആരാധിക്കാനാവില്ല എന്നു പറഞ്ഞ യേശുവിന്റെ വാക്കുകള്‍, ഇതൊക്കെ നിലനില്‍ക്കുമ്പോള്‍, ഈ കര്‍ത്താവിനെയാണോ ഇത്തരം വൈദികര്‍ വിശ്വാസികള്‍ക്കു ഈ വിധം പരിചയപ്പെടുത്തുന്നത്?!
ധ്യാനങ്ങള്‍ നടത്തി അലഞ്ഞു നടന്നിരുന്ന സന്യാസ വൈദികരാണ് ഒരുകാലത്തുണ്ടായിരുന്നത്. ധ്യാനകേന്ദ്രങ്ങള്‍ വലിയ വരുമാനത്തിനിടനല്‍കും എന്നു കണ്ടെത്തുകയും അതുവഴി സമ്പന്നരായി മാറിയതും വീണ്ടും സമ്പത്തിനായി ദാഹിക്കുന്നതും പുതിയ തലമുറയിലെ വൈദികരാണ്. ഇതു വലിയ എതിര്‍സാക്ഷ്യമാണ് നല്‍കുന്നത്. ധ്യാനകേന്ദ്രങ്ങളിലൂടെ മാത്രമല്ല പുതിയ പുതിയ നൊവേന പ്രസ്ഥാനങ്ങള്‍ ആരംഭിച്ചുകൊണ്ടും സമ്പത്ത് വാരിക്കൂട്ടുന്ന വൈദികരുണ്ട്. ഇവിടെയെല്ലാം പ്രഘോഷിക്കുന്നത്, നിങ്ങള്‍ കൊടുത്താല്‍ നിങ്ങള്‍ക്ക് എന്നെങ്കിലും കിട്ടും എന്നാണ്. ലോട്ടറി കച്ചവടക്കാരന്‍ പറയുന്നത് ഇന്ന് എടുത്താല്‍ നാളെകിട്ടും എന്നാണ്. ധ്യാനഗുരു പറയുന്നു ഒരു വര്‍ഷം ദശാംശം കൊടുത്താല്‍ നിങ്ങള്‍ സമ്പന്നരാകും എന്ന്. നൊവേനക്കാരന്‍ വൈദികന്‍ പറയുന്നത് ഒമ്പത് ആഴ്ച്ചവന്ന് നേര്‍ച്ചയിട്ടു പ്രാര്‍ത്ഥിച്ചാല്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ സാധിക്കുമെന്നാണ്. ഈ രീതിയില്‍ പ്രാര്‍ത്ഥിക്കാനും സമ്പന്നരാകാനും ഇന്നത്തെ ചെറുപ്പക്കാരെ കിട്ടില്ല ചിന്തിക്കുന്ന അവരില്‍ നിന്നും വിശ്വാസംതന്നെ ഒഴിഞ്ഞുപോകാനും ഈ പ്രവര്‍ത്തികള്‍മൂലം ഇടയാകും.
മാര്‍പാപ്പ പറഞ്ഞതുപോലെ ഇത്തരക്കാര്‍ ദൈവത്തെമാജിക്കുകാരനാക്കുകയാണ്. പണത്തിന്റെ ഈ “വിശേഷം” പ്രചരിപ്പിക്കുന്ന വൈദികരെ നിലയ്ക്കുനിര്‍ത്താന്‍ മെത്രാന്മാര്‍ പോലും അശക്തരായിരിക്കുന്നു എന്നുതോന്നുന്നു. സമ്പത്തിട്ടുകളിക്കുന്ന വൈദികരെ ആര്‍ക്കും നിയന്ത്രിക്കാനാവാതെ വന്നിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാക്കി സമ്പന്നരായ സന്യാസ സന്യാസിനീ സഭകള്‍ ഇവിടെ ഏറെയുണ്ട്. സഭയുടെ പേരില്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കാപ്പിറ്റേഷന്‍ ഫീസ് വാങ്ങരുതെന്ന് വലിയ മെത്രാപോലീത്ത മാര്‍ വര്‍ക്കിവിതയത്തില്‍ ആവശ്യപ്പെട്ടിട്ട് കൂടുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്ന സന്യാസ സന്യാസിനികള്‍ അത് കേട്ടതായി പോലും ഭാവിച്ചില്ല എന്ന ചരിത്രം ഇവിടെയുണ്ട്. 
വലിയ വരുമാനം ഉള്ളവര്‍ക്ക് രണ്ട് അക്കൗണ്ട് വേണമെന്നാണ് ധ്യാനഗുരു നിര്‍ദ്ദേശിക്കുന്നത് ഒന്ന് നിങ്ങളുടെ ആവശ്യത്തിനുള്ളതും മറ്റേത് ശതമാനം നിക്ഷേപിക്കാനുള്ളതും. ശതമാനത്തിന്റെ അകൗണ്ട് ധ്യാനഗുരു ഓപ്പറേറ്റ് ചെയ്തുകൊള്ളാം എന്ന് അടുത്ത കണ്‍വന്‍ഷനില്‍ പറയാതിരിക്കില്ല. 
വചന പ്രഘോഷണത്തിന് പണം ആവശ്യമാണെന്നും അത് നിര്‍വ്വഹിക്കേണ്ടത് വചനം ശ്രവിക്കുന്നവരായിരിക്കണമെന്നും അറിയാത്തവരല്ല ഇവിടുത്തെ ക്രിസ്ത്യാനികള്‍ അവര്‍ നന്നായി പണം കൊടുക്കുന്നുമുണ്ട്. പിന്നെ എന്തിന് നനയുന്നിടം കുഴിക്കുന്ന പണി ഈ ഗുരുക്കന്മാര്‍ നടത്തുന്നു? ജനങ്ങള്‍ക്ക് തെറ്റായ മോഹങ്ങള്‍ കൊടുത്ത് അവരുടെ പോക്കറ്റടിക്കുന്നു? ഇതാണ് ചോദ്യം.
ശാസ്ത്രീയമായും അല്ലാതെയും ദൈവത്തിന്റെ ആസ്തിത്വം  വിശകലനം ചെയ്തു പഠിച്ചിട്ടു വരുന്ന വൈദികര്‍ സത്യത്തിനു നിരക്കാത്ത കാര്യങ്ങള്‍ പറഞ്ഞ് വിശ്വാസികളെ പറ്റിക്കുന്നത് അവസാനിപ്പിക്കണം. നിങ്ങള്‍ ഞങ്ങള്‍ക്കു പണം തന്നാല്‍ അതിന്റെ പതിന്മടങ്ങ് വേറൊരാള്‍ നിങ്ങള്‍ക്കുതരും എന്നു പറയുന്ന വൈദികന്‍ ഉള്ളില്‍ ചിരിക്കുന്നുണ്ടെന്നതാണ് വസ്തുത. മാജിക്കുകാരന്‍പോലും അപ്പോള്‍തന്നെ കാണികളെ തൃപ്തിപ്പെടുത്തുന്നുണ്ട്. കൊടുത്താല്‍ എവിടെനിന്നു കിട്ടും എന്ന ഒരു സ്ഥലം കൃത്യമായി പറയാതെ ദൈവം തരുമെന്ന് പറഞ്ഞിട്ട്, കിട്ടിയില്ലന്നു ആരെങ്കിലും പരാതി പറഞ്ഞാല്‍, അത് നീ കൊടുത്തത് പോരാഞ്ഞിട്ടാണെന്ന് പറഞ്ഞ് അച്ചന് രക്ഷ പെടുകയും ചെയ്യാം.
എന്തെന്നാല്‍ അറിവുള്ളവനായ നീ വിഗ്രഹാലയത്തില്‍ ഭക്ഷണത്തിനിരിക്കുന്നതായി ദുര്‍ബലമനസാക്ഷിയുള്ള ഒരുവന്‍ കണ്ടാല്‍ വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണസാധനം കഴിക്കുവാന്‍ അത് അവന് പ്രോത്സാഹനമാകുകയില്ലേ? അങ്ങനെ നിന്റെ അറിവ് ക്രിസ്തുവിന്റെ മരണത്തിന്റേതായ ഫലം ലഭിക്കേണ്ട ആ ബലഹീനസഹോദരനു നാശകാരണമായിത്തീരുന്നു. (1കൊറിന്തോസ് 8/10-11)
അറിവുള്ളവനായ ധ്യാനഗുരു പണത്തോടു ഇത്ര ആക്രാന്തംകാണിച്ചാല്‍ മറ്റുമനുഷ്യരും അങ്ങനെകാണിക്കുമെന്നും, ദൈവം മനുഷ്യനാകുകയും പീഡസഹിക്കുകയും മരിക്കുകയും ഉത്ഥാനം ചെയ്യുകയും ചെയ്തത് ആര്‍ക്കു വേണ്ടിയാണോ ആ സഹോദരങ്ങള്‍ക്കു നാശകാരണമാകും എന്ന് ധ്യാന ഗുരുക്കന്മാരെ പൗലോസ് ശ്ലീഹാ ഓര്‍മ്മപ്പെടുത്തുകയാണിവിടെ.
നൊവേനകള്‍ പോലുള്ള ഭക്ത അഭ്യാസങ്ങളും ധ്യാനങ്ങളും ഒക്കെ വിശ്വാസജീവിതയാത്രയില്‍ സഹായകരമാണ്. അതൊക്കെ ദുര്‍ബലരെ ചൂഷണം ചെയ്യുന്ന മാധ്യമമാകുമ്പോള്‍ വിമര്‍ശന വിധേയമാകും. മാത്രമല്ല ക്രൈസ്തവ ജീവിതത്തിന്റെ പൂര്‍ണ്ണതയിലേക്ക് പ്രവേശിക്കാന്‍ ഭക്തപ്രസ്ഥാനങ്ങളുടെ അമിതമായ ആരവം തടസ്സമാകുകയും ചെയ്യും. വി: അമ്മത്യേസ്യായേപോലെയും കുരിശിലെ യോഹന്നാനെപ്പോലെയും അല്‍ഫോന്‍സാമ്മയെപോലെയുമൊക്കെ ജീവിച്ചുതീരേണ്ട മനുഷ്യരെയാണ് നൊവേന പള്ളികളിലും ധ്യാനകേന്ദ്രങ്ങളിലും സൗജന്യശുശ്രൂഷകരാക്കിയും ആശ്രിതരാക്കിയും തളച്ചിടുന്നത്. കാലത്തിന്റെ പൂര്‍ണ്ണതയില്‍ യഥാര്‍ത്ഥ വിശ്വാസത്തിലെത്തി ഇവിടം കടന്നു പോകേണ്ടവരാണ് വിശ്വാസികള്‍. ക്രിസ്തുവിന്റെ വചനത്തിന്റെ ബാല പാഠങ്ങള്‍ വിട്ട് എന്നാണിനി ഇവരെ പക്വതയിലേക്കു വളര്‍ത്തുക!  (ഹെബ്രായര്‍- 6:1) ഗുരുവായഭക്ഷണം ആര് ഇവര്‍ക്കു കൊടുത്തുതുടങ്ങും?(കൊറി 3.2)
ഞാന്‍ പ്രാര്‍ത്ഥിച്ചിട്ട് ഒത്തിരി അത്ഭുതങ്ങള്‍ നടന്നിട്ടുണ്ട് മരിച്ച ആള്‍മാത്രം ജീവിച്ചിട്ടില്ല മൃതശരീരംവെച്ച് ഞാന്‍ ഇതുവരെ പ്രാര്‍ത്ഥിച്ചിട്ടില്ല, അതാണതിനു കാരണം. ഇത് കേരളത്തിലെ പ്രശസ്തമായ ധ്യാനകേന്ദ്രത്തിലെ വൈദികന്‍ ഒരു കണ്‍വന്‍ഷനില്‍ പറഞ്ഞത് ഈയുള്ളോന്‍ കേട്ടതാണ്. ഇത്തരം വര്‍ത്തമാനം പറയാനുള്ള ചങ്കൂറ്റം അവര്‍ക്കുകിട്ടിയത് പുരോഹിതന്റെ സ്വാര്‍ത്ഥതയില്‍ നിന്നും ലഭിക്കുന്ന അമിത സമ്പത്തും അഹങ്കാരവും മൂലമാണ്.
കരിസ്മാറ്റിക്ക് ധ്യാനങ്ങളുടെ തുടക്കത്തില്‍, സ്‌നേഹവാനായ ദൈവത്തിന്റെ സ്‌നേഹം ആര്‍ജിച്ച് എല്ലാവരെയും സ്‌നേഹിക്കാനായിരുന്നു ഞങ്ങളെ പരിശീലിപ്പിച്ചിരുന്നത്. ഉള്ളിലുള്ള ആത്മാവിനെ പ്രജ്ജ്വലിപ്പിക്കലായിരുന്നു അവിടെ നടന്നിരുന്നത്. പണം ആരും ആവശ്യപ്പെട്ടിരുന്നില്ല. കരിസ്മാറ്റിക്കിന്റെ ചിറക് വെച്ചുകെട്ടിവന്ന ന്യൂജനറേഷന്‍ വൈദീകര്‍ സമ്പത്തിന്റെ ധ്യാന പ്രചാരകരായി മാറി.സമ്പന്നരും ശക്തരുമായി തീരുന്ന ഇവര്‍ സഭയെ ഭിന്നിപ്പിക്കുകയില്ലന്ന് ആരറിഞ്ഞു.
മുന്‍പറഞ്ഞവീഡിയോയില്‍, കര്‍ത്താവേ ഞങ്ങളുടെ വായ്‌നാറ്റം മാറ്റിത്തരണമേ എന്നും അവിടെകൂടിയിരിക്കുന്നവരെക്കൊണ്ട് പ്രാര്‍ത്ഥിപ്പിക്കുന്നുണ്ട്. ചെറുപ്പക്കാരായ പലവൈദികരും പള്ളികളില്‍ പരസ്യമായി പറയുന്ന ഒരാവിശ്യമാണിത് കുമ്പസാരിക്കാന്‍ വരുമ്പോള്‍ വായ്ശുചിയാക്കിക്കൊണ്ടുവരണമെന്ന്. അറപ്പോടുകൂടി പറയുന്ന ഈ കാര്യം സ്‌നേഹത്തിനു ചേര്‍ന്നതല്ല എന്നു പറഞ്ഞു കൊള്ളട്ടെ. മുന്‍ കാലങ്ങളിലെ വൈദികന്മാരാരും പറയാത്ത ഇത്തരമൊരാവശ്യം പൂതിയ വൈദികരുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമാണ്. പന്നിക്കൂട്ടില്‍ നിന്നും പിതാവിന്റെ അരികിലേക്കുവന്ന ധൂര്‍ത്ത പുത്രനെയാണ് സ്‌നേഹവാനായ പിതാവ് കെട്ടിപ്പിടിച്ച് സ്വീകരിച്ചത് കുളിച്ചിട്ടുവരാനല്ല അവനോടു പറഞ്ഞത്. കുമ്പസാരം ഒരു കൂദാശയാണെങ്കില്‍ ഒരു രോഗ കാരണത്തിന്റെ പേരില്‍ ആരെങ്കിലും കുമ്പസാരിക്കാതിരിക്കുന്നെങ്കില്‍ അതിന്റെ കുറ്റം ആ വൈദികനായിരിക്കും എന്ന് ഓര്‍മ്മിപ്പിക്കുന്നു.
മനുഷ്യന്‍, ആയിരിക്കുന്ന അവസ്ഥയില്‍ ഉള്‍ക്കൊള്ളുവാന്‍ വന്ന യേശുക്രിസ്തുവിനെ വൈദികര്‍ ഇനിയും ആവാഹിക്കേണ്ടിയിരിക്കുന്നു അല്ലെങ്കില്‍ കുമ്പസാരകൂട്ടില്‍ ഇരിക്കാതിരിക്കുക. ടെലിഫോണിലൂടെയും സ്‌കൈപ്പിലൂടെയും കുമ്പസാരിപ്പിക്കാവുന്ന സമീപസ്ഥമായ കാലം വരുന്നതുവരെ വൈദികര്‍ ഇതൊക്കെ സഹിക്കുകതന്നെവേണം. പൗരോഹിത്യത്തിന്റെ മേന്മ പറയുകയും അതിന്റെ നന്മമാത്രം ആസ്വദിക്കുകയും അതിന്റെ ചൈതന്യം നിഷേധിക്കുകയും ചെയ്യുന്നവരെ മറ്റുവൈദികര്‍ തന്നെ തിരുത്തണം. വൈദികരെ വിശ്വാസികള്‍ ഒരുപോലെയാണ് കാണുന്നത്. അതിനാല്‍ വൈദികവിമര്‍ശനം എല്ലാവരെയുമാണ് ബാധിക്കുന്നത്. വൈദിക വിമര്‍ശനം മൂലം ദുരന്തമാണ് വരുന്നതെങ്കില്‍ അതിന്റെ ഫലം അനുഭവിക്കുന്നത് നിങ്ങള്‍ ഒരുമിച്ചായിരിക്കും. ഒരു നാഴി മറ്റൊരു നാഴിയില്‍ ഇറങ്ങുകയില്ലെന്ന പഴഞ്ചൊല്ലുപോലെ വൈദികര്‍ പരസ്പരം തിരുത്തുന്നില്ലന്നാണ് അനുഭവം പഠിപ്പിക്കുന്നത്.
 ഈ കുറിപ്പെഴുതുവാന്‍ ഇടയായത് ചിലവൈദികരുടെ വഴിവിട്ട സഞ്ചാരം മൂലമാണ.് ഞാന്‍ പ്രയോജനമില്ലാത്ത ദാസന്‍ കടപ്പെട്ടതേ ചെയ്തിട്ടുള്ളു. (ലൂക്കാ 17-10) ഇതൊരുകുറ്റമാണെങ്കില്‍ അതിനു കാരണക്കാരായവര്‍ അതിന്റെ കുറ്റവും ഏല്‌ക്കേണ്ടിവരും.
മാര്‍പാപ്പായുടെ വാക്കുകള്‍ ശ്രദ്ധിക്കൂ......!!
വൈദികരുടെ ബലഹീനതകള്‍ വിശ്വാസികള്‍ ക്ഷമിച്ചെന്നുവരും.എന്നാല്‍,പണത്തോടുള്ള അവരുടെ ആര്‍ത്തിയുംതങ്ങളോടുള്ള മര്യാെദ ഇല്ലാത്തപെരുമാറ്റവും അവര്‍ പൊറുക്കുകയില്ല. അത് വലിയ ഉതപ്പാണ്. ഫ്രാന്‍സീസ് മാര്‍പാപ്പ. 
---------- Forwarded message ----------
പിള്ളവാതത്തിനെതിരെ സൗജന്യ കുത്തിവെയ്പ്പ്
                                                                                    22/2/2015
    കേരളത്തിലെ ഒരു മെത്രാന്‍ തന്റെ അജഗണത്തിനായി ഇറക്കിയ സര്‍ക്കുലറാണ് ഇതെഴുതാന്‍ പ്രേരണ, സര്‍ക്കുലര്‍ തുടങ്ങുന്നതിങ്ങനെ. ദൈവജനത്തിന്റെ സജീവ പങ്കാളിത്തം നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകുവാന്‍ സഹായിക്കുന്ന സഭാ സംവിധാനങ്ങളാണ് അതിരൂപതാതലത്തില്‍  പാസ്റ്ററല്‍ കൗണ്‍സിലും ഇടവകതലത്തില്‍ പാരിഷ്‌കൗണ്‍സിലും. ദൈവജനമാണ് സഭയെന്ന രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനം പൂര്‍ണമായ അര്‍ത്ഥത്തില്‍ ഈ സമിതികളിലൂടെ നമ്മുടെ അതിരൂപതയില്‍ പ്രകാശിതമാക്കുന്നതില്‍ ദൈവത്തിനു നന്ദിപറയാം.
    ഇത്രയും പറഞ്ഞിട്ട് മുന്‍പറഞ്ഞ രണ്ടു സമിതികളിലേക്കും  തെരഞ്ഞെടുക്കപ്പെടുന്നവര്‍ എങ്ങനെയുള്ളവരായിരിക്കണമെന്നും തെരഞ്ഞെടുപ്പ് എങ്ങനെയായിരിക്കണമെന്നും കൃത്യമായ നിര്‍ദ്ദേശവും കൊടുത്തിരിക്കുന്നു.
    തെരഞ്ഞെടുക്കപ്പെടുന്നവര്‍ ചില രംഗത്ത് പ്രവര്‍ത്തിക്കാത്തവരായിരിക്കണമെന്നും നിര്‍ദ്ദേശിച്ചിരിക്കുന്നു. ആതായത് തെരഞ്ഞെടുക്കപ്പെട്ടു വരുന്നവര്‍ ആരൊക്കെ ആയിരിക്കുമെന്നു തെരഞ്ഞെടുപ്പിനു മാസങ്ങള്‍ക്കു മുന്‍പേ മെത്രാനു നിശ്ചയിക്കാനാകും. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് കൂരിയായുടെ അംഗീകാരത്തിനായി സമര്‍പ്പിക്കണമെന്നും വികാരിമാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തിരിക്കുകയാണ്. ദൈവജനം ആര് എന്നതിനുള്ള വിശദീകരണം രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ രേഖകളില്‍നിന്നും കൊടുത്തതിനു ശേഷം തനിക്ക് അപ്രീയരായ കുറെപേര്‍ ദൈവജനമല്ല എന്നുകൂടി മെത്രാന്‍ തീരുമാനിച്ചിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ടുവരുന്നവരെ കൂരിയായിലുള്ളവര്‍ക്കും കൂടി ഇഷ്ടപെടേണ്ടതുണ്ട്. ചുരുക്കത്തില്‍ തെരഞ്ഞെടുപ്പ് വെറും പ്രഹസനം മാണെന്നു നേരത്തെ പറഞ്ഞുവെച്ചിരിക്കുന്നു.
    ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് എന്തിനാണെന്ന് മനസിലാക്കാന്‍ ഒരു പ്രയാസവുമില്ല. മെത്രാനു ദൈവജനത്തെ പേടിതന്നെ കാരണം. ഒരു സംഘത്തില്‍ എതിരഭിപ്രായം പറയില്ലന്ന് ഉറപ്പുള്ളവരെ മാത്രം ചേര്‍ക്കുകയെന്നാല്‍ ആ നേതാവ് ഏകാധിപതിതന്നെയാണെന്ന് തീരുമാനിക്കാവുന്നതാണ്. മാത്രമല്ല ഏകാഭിപ്രായമുള്ളവരുടെ കമ്മറ്റിയില്‍ നിന്നും പുതിയതൊന്നും ഉരുതിരിയുകയില്ലന്നു വളരെ വ്യക്തവുമാണ്, എന്തിനിങ്ങനെ മനുഷ്യരെമെനക്കെടുത്തുന്നു എന്നു മനസിലാകുന്നില്ല.
ഇക്കാലത്ത് ഒരു കല്യാണം വിളിച്ചാല്‍ പോലും പോകാന്‍ ആളുകള്‍ക്കു മടിയാണ് കാരണം ഒരു ദിവസം നഷ്ടപ്പെടും. അവിടെയും ഒരു ഊണ് കിട്ടും പാസ്റ്ററല്‍ കൗണ്‍സിലും ഉച്ച ഊണ്കിട്ടും. കല്യാണത്തിന് ചെന്നാല്‍ ബന്ധുക്കളെയും കൂട്ടുകാരെയും കാണാം സംസാരിക്കാം പാസ്റ്ററല്‍ കൗണ്‍ലില്‍ മിണ്ടാതിരിക്കണം. ഈ അവസരത്തില്‍ ഫ്രാന്‍സീസ് പാപ്പായുടെ ചില വാക്കുകള്‍ ഓര്‍ക്കുന്നത് ഉചിതമായിരിക്കും.
   1) സഭാമേലദ്ധ്യക്ഷന്മാര്‍ പലപ്പോഴും ആത്മാനുരാഗികളായിരുന്നിട്ടുണ്ട് കൊട്ടാരവിദൂഷകരുടെ മുഖസ്തുതികളില്‍ കോള്‍മയിര്‍ കൊള്ളുന്ന ആത്മാനുരാഗികള്‍, ഈ കൊട്ടാര വിദൂഷകരാണ് പേപ്പസിയുടെ കുഷ്ഠരോഗം.
   2) സഭയോടൊത്ത് ചിന്തിക്കുക എന്നുപറഞ്ഞാല്‍ സഭയുടെ ഹയരാര്‍ക്കിയോടൊത്തു ചിന്തിക്കുകയാണെന്നു നാം ഒരിക്കലും കരുതരുത്.
   3) ചിലപ്പോഴൊക്കെ സഭ ചെറിയകാര്യങ്ങളിലും ഇടുങ്ങിയ മനസിന്റെ നിയമങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്.
    4) നമ്മുടെ അല്പത്വത്തെ സംരക്ഷിക്കുന്ന കിളികൂടായി ആഗോള സഭയുടെ മടിത്തട്ടിനെ നാം ചുരുക്കരുത്. 
   5) അജപാലകരെയാണ് ദൈവത്തിനാവശ്യം. അല്ലാതെ സര്‍ക്കാരുദ്യോഗസ്ഥരെ പോലെ പെരുമാറുന്ന പുരോഹിതരെയല്ല.
   6) ഇടവകയിലെ പാസ്റ്ററല്‍ (പാരിഷ്) കൗണ്‍സിലിന്റെ പ്രാധാന്യം വളരെവലുതാണ് അല്മായരുടെ വ്യത്യസ്തങ്ങളായ കഴിവുകളും സമര്‍പ്പണവും അംഗീകരിക്കപ്പെടണം. വൈദിക മേധാവിത്തം അല്മായരുടെ വളര്‍ച്ചയെ മുരടിപ്പിക്കും. ക്രിസ്തുവിന്റെ മൗതിക ശരീരമായ സഭ വ്യത്യസ്തതകളുടെ കൂട്ടായ്മയാണ്.  
    നോക്കു എത്ര കൃത്യതയോടെയാണ് പാപ്പ പാരിഷ്, പാസ്റ്ററല്‍ കൊണ്‍സിലുകളിലേക്കുള്ള  തെരഞ്ഞെടുപ്പിനെക്കുറിച്ചും മറ്റും പറഞ്ഞിരിക്കുന്നത് അതൊന്നും ശ്രദ്ധിക്കാതെ പഴയ ബ്രിട്ടീഷുകാരന്റെ കമ്പനിപട്ടാളത്തിന്റെ ശൈലി ഇപ്പോഴും തുടരുന്ന മെത്രാന്മാരെയാണ് നാം കാണുക. ഓരോ ഫോറോനായില്‍ നിന്നും തെരഞ്ഞെടുത്തുവരുന്ന നാലുപേരില്‍ പകുതി സ്ത്രീകളാണ്. പുരുഷന്മാര്‍പോലും മെത്രാനെ പേടിച്ച്മിണ്ടാതിരിക്കുന്നിടത്ത് സ്ത്രീകള്‍ എന്തെങ്കിലും അഭിപ്രായം പറയുമെന്ന് വിചാരിക്കുന്നുണ്ടോ? ഇനി ഒരു പുരുഷന്‍ വല്ലതും പറഞ്ഞാല്‍ അതിനെ പിന്താങ്ങാന്‍ ആരും കാണുകയുമില്ല.
മറ്റുള്ളവര്‍ ചേര്‍ന്ന് അദ്ദേഹത്തെ എതിര്‍ക്കുകയും ചെയ്യും. അജപാലന കമ്മീഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കണമെന്നതാണ് പാരിഷ് കൗണ്‍സില്‍ മെംബര്‍മാരുടെയൊക്കെ ജോലി എന്നൊക്കെയാണ് സര്‍ക്കുലറില്‍ പറയുന്നത്. അതിനു യോഗ്യതയുള്ള സാങ്കേതിക വിഭഗ്ദ്ധരെ നിയമിക്കുന്നതല്ലേ നല്ലത്. പാരിഷ് കൗണ്‍സില്‍ ആംഗങ്ങളെ അജപാലന കമ്മറ്റിയില്‍ അംഗമാക്കുമെങ്കിലും ഇവരെയോഗത്തിലേക്കു വിളിക്കാറേയില്ല.
    മെത്രാനെ ഉപദേശിക്കലാണ് പാസ്റ്ററല്‍ കൗണ്‍സിലിന്റെ ജോലി എന്നാണ് വെയ്പ്. ഉപദേശം തള്ളിക്കളഞ്ഞ് തന്നിഷ്ടം നടത്താന്‍ മെത്രാന് ആധികാരമുണ്ട്. അടുത്ത കൗണ്‍സില്‍ കൂടുമ്പോള്‍ കഴിഞ്ഞതവണത്തെ ഉപദേശം വല്ലതും സ്വീകരിച്ചോ എന്നൊന്നും ചോദിക്കാനും പാടില്ല എന്നാണ് നിയമം. മെത്രാന് ഇഷ്ടപ്പെടാത്തതുവല്ലതും പറഞ്ഞാല്‍ അദ്ദേഹവും അനുചരന്മാരും പിണങ്ങും പറഞ്ഞവന്‍ നോട്ടപ്പുള്ളിയാകും. കൗണ്‍സിലില്‍ എതിരഭിപ്രായം എന്നല്ല ഒരഭിപ്രായവും പറയാത്തവരെ മെത്രാന്‍ വിൡച്ചിരുത്തുകയും ചെയ്യുന്നു. മെത്രാനു വിശ്വാസികളെ പേടി വിശ്വാസികള്‍ക്കു മെത്രാനെയും. പരസ്പരം പേടിക്കുന്ന രണ്ടുകൂട്ടര്‍ ഒരുമിച്ചുകൂടുന്ന പാസ്റ്റല്‍ കൗണ്‍സില്‍കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ ചിന്തിക്കുന്നതു നല്ലതാണ്. മെത്രാനെ ഉപദേശിക്കുന്ന, യാതൊരു ഗുണവുമില്ലാത്ത പണിക്ക് കുടുംബം പോറ്റാന്‍ പാടുപെടുന്ന വിശ്വാസികളെ എന്തിന് ക്ഷണിച്ചിരുത്തുന്നു?
     പ്രത്യേക നിര്‍ദ്ദേശം ഒന്നും കൊടുക്കാതെ ഇടവകയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടുവരുന്ന, സ്വന്തമായി അഭിപ്രായങ്ങളുള്ളവരെ ഉള്‍പ്പെടുത്തി അവരുടെ അഭിപ്രായങ്ങളും സ്വീകരിച്ച് പോകുമ്പോഴാണ് പുതിയ ആശയങ്ങള്‍ രൂപപ്പെടുന്നതും ഈ സഭ എന്റേതും കൂടി ആണെന്ന തോന്നല്‍ വിശ്വാസികള്‍ക്കുണ്ടാകുന്നതും. വിശ്വാസികള്‍ സഭാകാര്യങ്ങളില്‍ വ്യാപൃതരാകണമെന്ന മെത്രാന്മാരുടെ സ്റ്റേജ് പ്രസംഗങ്ങള്‍ അപ്പോള്‍ യഥാര്‍ത്ഥ്യമാകുന്നതും.
     സിനഡില്‍ ഓരോമെത്രാനും മനസില്‍തോന്നിക്കുന്ന കാര്യങ്ങള്‍ ആരെയും ഭയപ്പെടാതെ തുറന്നുപറയണമെന്നാണ് മാര്‍പാപ്പ പറഞ്ഞിരിക്കുന്നത്. ഇക്കാര്യം മെത്രാന്‍ പാസ്റ്ററല്‍കൗണ്‍സില്‍ അംഗങ്ങളോടും തുറന്നു പറയണം.
      മാര്‍പാപ്പായുടെ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ മെത്രാന്മാര്‍ എല്ലാ രംഗത്തും പുതിയ കാഴ്ച്ചപാടോടെ വിശ്വാസികളെ കാണുവാനും ഇടപെടുവാനും തയ്യാറാകുകതന്നെവേണം. മെത്രാനെ കോള്‍മയിര്‍കൊള്ളിക്കുന്ന വിദൂഷകരെയും മുഖസ്തുതിക്കാരെയും അകറ്റിനിര്‍ത്തി കാര്യങ്ങള്‍ നേരിട്ടുമനസിലാക്കാന്‍ ശ്രമിക്കണം. നേതൃത്വത്തെ വിമര്‍ശിക്കുന്നവര്‍ ചിന്തിക്കുന്നവരും, കാര്യങ്ങള്‍ നന്നാകണമെന്ന് ആഗ്രഹമുള്ളവരും, മെത്രാനെയും വൈദികരെയും മറ്റും സ്‌നേഹിക്കുന്നവരാണെന്നും അംഗീകരിക്കണം. 
    പേപ്പസിക്ക് കുഷ്ഠരോഗമുണ്ടെന്ന് മാര്‍പാപ്പാ സ്ഥിരീകരിച്ചുകഴിഞ്ഞു. ഇനി പിള്ളവാതം കൂടി പിടിപെടാതിരിക്കാനുള്ള സൗജന്യ കുത്തിവെയ്പ്പാണ് പാപ്പ നടത്തികൊണ്ടിരുന്നത്. അതിനെതിരെ പിറുപിറുക്കാതെ നല്ലമനസോടെ കേരളത്തിലെ സഭാ നേതൃത്വം അംഗീകരിച്ചു മുന്നോട്ടുപോയാല്‍ നന്നായിരുന്നു. 
ഡോമിനിക്ക് സാവിയോ
വാച്ചാച്ചിറയില്‍
9446140026
വിശുദ്ധവാരത്തില്‍ യേശു പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥനയും 
പ്രാര്‍ത്ഥിക്കാത്ത പ്രാര്‍ത്ഥനയും

    വയസ് മുപ്പത്തിമൂന്ന്. ഈ ഭൂമിയിലെ ജീവിതം അവസാനിക്കുകയാണെന്നും മഹത്വീകരിക്കപ്പെടുവാനുള്ള സമയം വന്നു ചേര്‍ന്നു എന്നും മനസിലാക്കിയ യേശു പതിവിനു വിപരീതമായി ശിഷ്യരെകൂടെ കൂട്ടി പ്രാര്‍ത്ഥിക്കുവാനായി മലയിലേക്കുപോയി. പ്രലോഭനങ്ങളില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍ എന്നു ശിഷ്യരോടു പറഞ്ഞിട്ട് കുറെ ദൂരെ മാറി മുട്ടിന്മേല്‍ വീണ് യേശു ഇങ്ങനെ പ്രാര്‍ത്ഥിച്ചു. “പിതാവേ അങ്ങേയ്ക്ക് ഇഷ്ടമെങ്കില്‍” ഈ പാനപാത്രം എന്നില്‍നിന്നും അകറ്റികളയണമേ! എങ്കിലും എന്റെ ഇഷ്ടമല്ല അവിടുത്തെ ഇഷ്ടം നിറവേറട്ടെ (ലൂക്ക 22:42).
    പിതാവില്‍ നിന്നും ശക്തി (സ്‌നേഹം) സംഭരിച്ച് അത് മനുഷ്യര്‍ക്ക് കൊടുക്കുന്നതിനായിരുന്നു യേശു സാധാരണ പ്രാര്‍ത്ഥിച്ചിരുന്നത്. അത് മനുഷ്യര്‍ക്ക് അനുഭവപ്പെട്ടിരുന്നത് ഭൗതിക നന്മകളായിട്ടായിരുന്നു. അഞ്ചപ്പം കൊണ്ട് അയ്യായിരം പേര്‍ക്കുവിളമ്പിയപ്പോഴും, കുഷ്ഠരോഗിയ സുഖപ്പെടുത്തിയപ്പോഴും കുരുടന്റെ കണ്ണു തുറന്നപ്പോഴും പിതാവായ ദൈവത്തിന്റെ സ്‌നേഹം യേശുവിലൂടെ മനുഷ്യരിലേക്കൊഴുകുകയായിരുന്നു. എന്നാല്‍, തന്റെ മരണത്തിലൂടെയുള്ള മനുഷ്യരക്ഷ എന്ന പിതാവിന്റെ പദ്ധതിമനസിലാക്കിയ യേശു അതിനൊരിളവ് ആഗ്രഹിച്ച അതേ സ്പീഡില്‍ തന്നെ, പിതാവേ അങ്ങയുടെ ഇഷ്ടം അങ്ങനെയെങ്കില്‍ അങ്ങനെ തന്നെയെന്നു സമ്മതിക്കുന്നു. അതോടെ അതുവരെ ഉണ്ടായിരുന്ന പ്രാര്‍ത്ഥാനാരീതി യേശുമാറ്റി. പിതാവിന്റെ ശ്ക്തിസംഭരിക്കുകയെന്ന പ്രാര്‍ത്ഥനാരീതി യേശു ആവര്‍ത്തിക്കുന്നതായി നമ്മള്‍ കാണുന്നില്ല.
     മനുഷ്യരായ നാമൊക്കെ വാവിട്ട് കരഞ്ഞു പ്രാര്‍ത്ഥിക്കുന്ന ഒരു സംഭവമാണ് യേശു തുടര്‍ന്ന് അഭിമുഖീകരിക്കുന്നത്.  ആ സമയത്ത് പ്രാര്‍ത്ഥിക്കുന്നതിനെക്കാള്‍ ഉപരിയായി ശിഷ്യരോടൊത്തായിരിക്കാനാണ് ശ്രമിക്കുന്നത് തന്നോടൊത്തായിരിക്കാന്‍ മൂന്നു തവണ വന്നു അഭ്യര്‍ത്ഥിക്കുന്നതായും കാണുന്നു (മര്‍ക്കോസ് 14/32-42) യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത സമയത്ത് പിടിക്കാന്‍ വന്നവരില്‍ ഒരുത്തനെ പത്രോസ് വാളെടുത്തുവെട്ടി. ഭാഗ്യത്തിന് അവന്റെ ചെവിമാത്രമേ മുറിഞ്ഞുള്ളു. മറ്റു ശിഷ്യന്മാര്‍ യേശുവിനു പ്രതിരോധം സൃഷ്ടിച്ചുകൊണ്ട് ചുറ്റും നിന്നിട്ടുണ്ടാകും. അപ്പോള്‍ യേശു പത്രോസിനോടായി പറയുകയാണ്. എനിക്കെന്റെ പിതാവിനോടപേക്ഷിക്കാന്‍ കഴിയുകയില്ലന്നും ഉടന്‍തന്നെ ദൂതന്മാരുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങളെ അയച്ചുതരികയില്ലന്നും നീ വിചാരിക്കുന്നുവോ? അങ്ങനെയെങ്കില്‍ ഇപ്രകാരം സംഭവിക്കുമെന്ന വിശുദ്ധലിഖിതങ്ങളിലെ പ്രവചനങ്ങള്‍ എങ്ങനെ നിറവേറും (മത്തായി 26:53,54).
    ഈ ഭൂമിയിലെ ജീവിതം ഇവസാനിച്ചുവെന്നും താന്‍ മഹത്വപ്പെടുവാനുള്ള സംഭവങ്ങള്‍ അരങ്ങേറുകയാണെന്നും നമസിലാക്കിയ യേശു പ്രാര്‍ത്ഥനയൊക്കെ അവസാനിപ്പിച്ച് പിതാവിന്റെ താല്പര്യത്തിനു വഴങ്ങുന്നതോടെയാണ് യേശുവിന്റെ ഭൗതിക ശരീരത്തിനുമേല്‍ ശത്രുവിന്, അതായത് മഹത്വീകരണത്തിന്റെ വക്താക്കള്‍ക്ക് അവസരം ലഭിക്കുന്നത്. കണ്ടുനില്‍ക്കുന്നവര്‍ക്ക് പടയാളികള്‍ യേശുവിന്റെ ശത്രുകളാണെങ്കിലും, ദ്രവിക്കാതെ കിടക്കുന്ന ഒരു വസ്തുവിനു ചിതല്‍ മിത്രമാകുന്നതുപോലെ യേശുവിനവര്‍ മിത്രങ്ങളായിരുന്നു.
    ശത്രുക്കള്‍ എല്ലാമനുഷ്യര്‍ക്കും ഉണ്ടെങ്കിലും അവര്‍ ആക്രമണത്തിനു മുതിരുന്നത് ഒരവസരം ലഭിക്കുമ്പോഴാണ്. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ആ അവസരം എന്നത്  സ്‌നേഹം തന്നെയായ ദൈവത്തോടുള്ള ഗാഢമായ ബന്ധത്തിന്റെ ആരംഭമാകുന്നു. തന്നോടു വിശ്വാസനവഞ്ചനകാണിച്ച യൂദാസിനെ തന്റെ സ്‌നേഹവലയത്തില്‍ നിന്നും ഒഴിവാക്കാതിരുന്നപ്പോഴും, നിര്‍ണായകനിമിഷത്തില്‍ തള്ളിപറഞ്ഞ പത്രോസിനെ സ്‌നേഹപൂര്‍വം നോക്കിയപ്പോഴും യേശുവിന്റെ ഉള്ളില്‍ ഇവരോടൊക്കെ നന്ദിമാത്രമായിരുന്നു ഉണ്ടായിരുന്നത്. തന്റെ മഹത്വീകരണം ത്വരിതപ്പെടുത്തിയ ന്യായാധിപസംഘത്തോടും പീലാത്തോസിനോടും, ഹേറോദേസിനോടും, അവനെ ക്രൂശിക്കുവിന്‍ എന്നു പ്രമാണിമാരുടെ പ്രേരണയില്‍ വിളിച്ചുപറഞ്ഞ ജനക്കൂട്ടത്തോടും യേശുവിനു സ്‌നേഹമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. സ്‌നേഹം മാത്രമായ ദൈവത്തിന്റെ പുത്രനു സ്‌നേഹിക്കാനല്ലേ അറിയൂ.
    സ്വഭാവത്താലേ യേശുവിനു ആരോടും വിരോധിക്കാനാവില്ല. അപ്പോള്‍, തന്നെ മഹത്വപ്പെടുത്താന്‍ സഹായിക്കുന്നവരോടും കൂടുതല്‍ സ്‌നേഹം യേശുകാണിക്കാതിരിക്കുമോ? ഒരു പക്ഷെ ഇതു മുന്നില്‍ കണ്ടുകൊണ്ടാകുമോ ശത്രുവിനെ സ്‌നേഹിക്കുവിന്‍, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍ എന്ന് യേശു നേരത്തെപറഞ്ഞതുവെച്ചത്. ശത്രുഎന്നതിനു മഹത്വീകരണസഹായി എന്നൊരുപര്യായം യേശുതരുകയായിരുന്നു.
     യേശുവിന്റെ മഹത്വീകരണത്തിനു സമാനമായ മഹത്വീകരണമാണ് യേശുവിനോടുകൂടി സ്‌നേഹത്തില്‍ ഒന്നായിരിക്കുന്ന ഒരോമനുഷ്യരേയും കാത്തിരിക്കുന്നത്. യേശുവിനെ പിന്‍പറ്റുന്നവര്‍ അവന്‍ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു എന്ന ബൈബിള്‍ വചനം നമുക്കായി നമുക്കു മുന്‍പേ നടന്നവര്‍ തന്നിട്ടുണ്ട്.
    യേശു ഒരു നല്ല മനുഷ്യന്‍ എന്നാണറിയപ്പെട്ടിരുന്നത്. യേശുവിനു വേണമെങ്കില്‍ ഒരു പുരുഷായുസായ എഴുപതുവയസുവരെയെങ്കിലും നല്ലമനുഷ്യനായി ജീവിച്ച് മരിച്ചാല്‍  മതിയായിരുന്നു. ഗെത്സമനില്‍വച്ച് പിതാവിനോടു പറയാമായിരുന്നു പിതാവേ, അങ്ങുപറയുന്നതുപോലെ ഞാന്‍ മരിച്ചുകൊള്ളാം, കുറെ വര്‍ഷം കൂടി ആയുസു തന്നാല്‍ കുറെപേരോടും കൂടി അങ്ങയെക്കുറിച്ച് പറയാമല്ലോ എന്ന്. ഒരു നല്ല മനുഷ്യനായി ഭൂമിയില്‍ ദീര്‍ഘനാള്‍ ജീവിച്ചാല്‍ ഒരു നല്ല മരണം ലഭിക്കുമെന്നല്ലാതെ അത് പിതാവായ ദൈവത്തിന്റെ പദ്ധതിപ്രകാരമായിരിക്കണമെന്നില്ല. ആ ജീവിതം യേശു നടന്ന അതേവഴിയായിരിക്കണമെന്നുമില്ല.  രോഗിക്ക് ഡോക്ടറെകൊണ്ട് ആവശ്യമുണ്ട്. രോഗത്തിനു മരുന്നുവാങ്ങണം  കഴിക്കണം. കൂട്ടരെക്കൊണ്ടൊക്കെ പ്രാര്‍ത്ഥിപ്പിക്കണം. എല്ലാം വേണം, അതോടൊപ്പം ദൈവമേ എനിക്കിത് എന്റെ മഹത്വീകരിണത്തിനുതരുന്നതാണോ എന്ന് അന്വേഷിക്കുവാനുള്ള അവസരമായിട്ടെടുക്കുന്നതിന് യേശുതന്നെ ഒറു മാതൃക തന്നിരിക്കുന്നു. യേശുവിന്റെ  മഹത്വീകരണം 33 -ാം വയസിലായിരുന്നുയെന്ന് നമുക്കൊക്കെ അറിയാം. യേശു നിരന്തരം പിതാവിനോടു ബന്ധപ്പെട്ടിരുന്നതിനാല്‍ പിതാവിന്റെ ഇംഗിതം ആദ്യത്തെ അവസരത്തില്‍ തന്നെ നിര്‍വഹിക്കാന്‍ യേശു തയ്യാറായി. ക്രിസ്ത്യാനികളായ നാമെല്ലാവരും നല്ല മനുഷ്യരെപോലെ ജീവിക്കുന്നു. നല്ല മനുഷ്യര്‍ക്ക് ജീവിതത്തിനു അനര്‍ത്ഥങ്ങള്‍ ഒന്നും സംഭവിക്കുകയില്ലന്നും അഥവാ അങ്ങനെ സംഭവിച്ചാല്‍ അതു ദൈവത്തിന്റെ ശ്രദ്ധക്കുറവെന്ന രീതിയില്‍ ദൈവത്തിന്റെ  ശ്രദ്ധയില്‍കൊണ്ടുവരാന്‍ കൂട്ട പ്രാര്‍ത്ഥനനടത്തി ഒഴിവാക്കാന്‍ ശാഠ്യം പിടിക്കുന്നു. എന്നാല്‍ ആരെങ്കിലും, തനിക്കു വന്നുഭവിച്ചിരിക്കുന്ന ദു:ഖത്തെ ദൈവംതന്നതെന്ന രീതിയില്‍ സുബോധത്തോടെ നന്ദിയോടെ സന്തോഷമായി സ്വീകരിക്കാറുണ്ടോ?
     തിരക്കുപിടിച്ച മക്കള്‍ മാതാപിതാക്കളുടെ രോഗവും ഏകാന്തതയും ശ്രദ്ധിക്കാത്തപ്പോഴും, അവര്‍ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുമ്പോഴും മുട്ടിന്മേല്‍ വീണുകൊണ്ടുള്ള യേശുവിന്റെ പ്രാര്‍ത്ഥനയുടെ അനുകരണത്തിന് അവസരമൊരുങ്ങുകയാവും. നമ്മില്‍ ദൈവപിതാവിന്റെ ഇഷ്ടം പൂര്‍ത്തിയാകുന്നതിനും  നമ്മുടെ മഹത്വീകരണത്തിനുമുള്ള കാരണമാകാം ഇത്. മാത്രമല്ല, അതു മക്കള്‍ക്കു സ്വാതന്ത്രം നല്‍കുകയും ചെയ്യും. 
ആദ്യത്തെ പ്രാര്‍ത്ഥനയിക്കുശേഷം, ശിഷ്യരാരെങ്കിലും തന്നെ മനസിലാക്കുന്നുണ്ടോയെന്നു ശ്രദ്ധിച്ച യേശു വീണ്ടുംപോയി പ്രാര്‍ത്ഥിക്കുകയാണ്. പിതാവേ ഞാന്‍ കുടിക്കാതെ ഇതുകടന്നുപോകുകയില്ലങ്കില്‍ നിന്റെ ഇഷ്ടം നിറവേറട്ടെ (മത്തായി 26:42).
ഇതിനുശേഷമാണ് ഗെത്സമനിതോട്ടത്തില്‍ വെച്ച് യേശു പ്രാര്‍ത്ഥിക്കാതിരുന്ന പ്രാര്‍ത്ഥനയുടെ ആരംഭം. എനിക്കെന്റെ പിതാവിനോടപേക്ഷിക്കാന്‍ കഴിയുകയില്ലന്നും ഉടന്‍ തന്നെ അവിടുന്ന് എനിക്കു തന്റെ ദൂതന്‍ന്മാരുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങളെ അയച്ചുതരികയില്ലന്നും നീ വിചാരിക്കുന്നുവോ? യേശു മുപ്പത്തിമൂന്നാംവയസില്‍ തോട്ടത്തില്‍ വച്ചു ചൊല്ലാതിരുന്ന പ്രാര്‍ത്ഥന നമ്മുടെ എഴുപതാം വയസിലോ ഗുരുതരമായ രോഗാവസ്ഥയിലോ ഒന്നുപരീക്ഷിക്കരുതോ?
അധികാരികളുടെയോ പിന്‍ഗാമികളുടേയോ (മക്കളുടെ) അവഗണനയെന്ന കുരിശില്‍ കിടന്നുകൊണ്ട്  മഹത്വീകരണത്തിലേക്കു കടക്കുന്നവരുടെ ഒരേയൊരു പ്രാര്‍ത്ഥന എല്ലാകാലത്തും അതുമാത്രമായിരിക്കണം. പാതാവേ എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ.
ഒലിവുമലയിലെ തോട്ടത്തിലിരുന്നുള്ള പ്രാര്‍ത്ഥനയ്ക്കുശേഷം കുരിശില്‍കിടന്ന് യേശുപ്രാര്‍ത്ഥിക്കുന്നുണ്ട്. അതുമറ്റുള്ളവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയായിരുന്നു. ഇവര്‍ ചെയ്യുന്നതെന്തെന്നറിയായ്കയാല്‍ ഇവരോടു ക്ഷമിക്കണമേ എന്നായിരുന്നു ആ പ്രാര്‍ത്ഥന (ലൂക്കാ.23:34). 
ദൈവം മഹത്വപ്പെടുത്തുന്നത് മരണത്തിലൂടെ മാത്രമല്ല. ദൈവവും മനുഷ്യനുമായുള്ള ബന്ധത്തിന്റെ ഉന്നതനിലയാണ് മഹത്വീകരണം. ഇത് മനുഷ്യര്‍ക്ക് ഭൂമിയില്‍ വെച്ചുതന്നെ ലഭ്യമാക്കാവുന്നതാണ്. മരണമെന്നതു മഹത്വീകരണത്തിന്റെ പൂര്‍ത്തീകരണമായ ഉയിര്‍പ്പിന്റെ ആരംഭമാകുന്നു. ദൈവത്താല്‍ മഹത്വീകരിക്കപ്പെട്ടവര്‍ക്കുമാത്രമേ മറ്റുമനുഷ്യരേയും മഹത്വത്തിലേക്ക് ആനയിക്കാനാകു. ആദ്യം നാം കണ്ടത് ശത്രുക്കളാല്‍ യേശുവിന്റെ  മഹത്വീകരണം ആരംഭിക്കുന്നതാണ്. മനുഷ്യരായ നമ്മുടെ മഹത്വീകരണം ആരംഭിക്കുന്നതും ശത്രുക്കളാലായിരിക്കാം, അല്ലായിരിക്കാം. നമ്മള്‍ മഹത്വപ്പെടുകയെന്നാല്‍ നമ്മുടെ ജീവിതത്തില്‍ യേശുവിന്റെ നാമം മഹത്വപ്പെടുകയെന്നാകുന്നു. ഇക്കാര്യം യോഹന്നാന്റെ സുവിശേഷം 17-ാം ആധ്യായത്തില്‍ ആദ്യം മുതലേ നമുക്കുകാണാവുന്നതാണ്. ശിഷ്യന്മാര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന തുടങ്ങുന്നതിങ്ങനെയാണ്. പിതാവേ സമയമായിരിക്കുന്നു പുത്രന്‍ അങ്ങയെ മഹത്വപ്പെടുതേണ്ടതിന് പുത്രനെ നീ മഹത്വപ്പെടുത്തേണമേ! അല്ലാ ഇതിനു വേണ്ടിയാണെല്ലോ ഈ മണിക്കൂറിലേക്കു ഞാന്‍ വന്നത്. പിതാവേ നിന്റെ നാമത്തെ മഹത്വപ്പെടുത്തണമേ! അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നൊരു സ്വരമുണ്ടായി. ഞാന്‍ മഹത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹത്വപ്പെടുത്തുകയും ചെയ്യും (യോഹ.12:27). ഇതിനു ശേഷമാണ് നമ്മള്‍ പറയുന്ന പീഡാസഹനം യേശു അഭിമുഖീകരിക്കാന്‍ തുടങ്ങിയത്. 
മരിച്ച ലാസറിനെ ഉയിര്‍പ്പിക്കാന്‍ തുടങ്ങിയപ്പോള്‍ സംശയം പ്രകടിപ്പിച്ച സഹോദരിയോടു യേശു പറഞ്ഞു; വിശ്വസിച്ചാല്‍ നീ ദൈവമഹത്വം കാണുമെന്ന്. തുടര്‍ന്നു യേശു പ്രാര്‍ത്ഥിക്കുന്നു. പിതാവേ എന്നെ അയച്ചതു നീയാണെന്നു ചുറ്റും നില്ക്കുന്ന ജനം വിശ്വസിക്കേണ്ടതിനു ഇതു ചെയ്തു തരണമേ.
ജീവിത പ്രശ്‌നങ്ങളെ നേരിടാന്‍ പിതാവിന്റെ ശക്തിലഭിക്കുവാന്‍വേണ്ടി പ്രാര്‍ത്ഥിച്ച് മാതൃകകാണിച്ച യേശു, ജീവിതത്തിന്റെ പ്രത്യേകഘട്ടത്തില്‍ പ്രാര്‍ത്ഥനയെല്ലാം നിര്‍ത്തി നേരിടേണ്ടിവരുന്ന അനര്‍ത്ഥങ്ങള്‍ക്ക് വിധേയപ്പെടുന്നു. യേശുവിനെ പിന്‍പറ്റുന്നവരായ  നമ്മള്‍ അവന്‍ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടതിനാല്‍ പ്രാര്‍ത്ഥനയെല്ലാം നിര്‍ത്തി വിധേയപ്പെട്ടു മഹത്വീകരണത്തിലേക്കു പ്രവേശിക്കേണ്ട ഒരു സമയമുണ്ട്. ആണ്ടുവട്ടത്തിലെ വിശുദ്ധവാരത്തിലെങ്കിലും അതിനുള്ള സമയം നമ്മള്‍ കണ്ടെത്തുകതന്നെ വേണം. 
എനിക്കെല്ലാം ദൈവം ചെയ്തുതരുമെന്നറിയാം, എന്നാല്‍ ഇനി എനിക്കതുവേണ്ട എന്ന പ്രാര്‍ത്ഥനഎല്ലാ പ്രാര്‍ത്ഥനയുടേയും മുകളിലാണ്. മഹത്വത്തിലേക്കു പ്രവേശിപ്പിക്കുന്നതും പ്രാര്‍ത്ഥിക്കാത്ത ഈ പ്രാര്‍ത്ഥനയാണ്. 

ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍ Mob- 9446140026
കോട്ടയെ അതിരൂപതയുടെ മുഖപത്രമായ അപ്നാദേശില്‍ 2006 ഏപ്രില്‍ 2 ന് പ്രസിദ്ധീകരിച്ച ലേഖനം