വംശീയതയും സ്വത്വബോധവും ചില ചിന്തകള്‍
വംശശുദ്ധിയും രക്തശുദ്ധിയും ചില ചിന്തകള്‍ എന്ന പേരില്‍ ശ്രീ ജയിംസ് ഐസക്ക് കുടമാളൂരിന്റെ ഒരു ലേഖനം 2015 ഫെബ്രുവരിയിലെ സത്യജ്വാലയില്‍ കണ്ടു. ബൈബിള്‍ ആധാരമാക്കിയാണ് അദ്ദേഹം ക്‌നാനായസമൂഹത്തിന്റെ നിലപാടിനെ വിമര്‍ശിക്കാന്‍ തുടങ്ങുന്നത്. ഈ വിഷയവുമായി ബൈബിളിലേക്കു കടക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടു പോകുവാനും സമുദായത്തെ നിരന്തരം ഭള്ളു പറയുന്നതിനുംവേണ്ടിയാണ്. മനുഷ്യര്‍ വംശപരമായും സമൂഹമായും ജാതീയമായും നിലനില്‍ക്കുന്ന നമ്മുടെ സാമൂഹ്യ പശ്ചാത്തലത്തില്‍നിന്നു കൊണ്ടുവേണം ക്‌നാനായ സമൂഹത്തിന്റെ നിലപാടിനെ വിലയിരുത്താന്‍. ബൈബിളിലേക്ക് കടക്കുകയാണെങ്കില്‍, ഇസഹാക്കിനു ഭാര്യയെ കണ്ടെത്താന്‍ അബ്രാഹംതന്റെ ഗോത്രത്തിലേക്ക് സേവകനെ വിടുന്നതായും, മക്കളുടെ അപ്പം എടുത്തു നായ്ക്കള്‍ക്കു കൊടുക്കുകയില്ലന്നും, ഇസ്രായേലിന്റെ നഷ്ടപ്പെട്ട ആടുകളെ തേടിയാണ് ഞാന്‍വന്നതെന്നും യേശു പറഞ്ഞകാര്യവും പറയേണ്ടിവരും. മാത്രമല്ല സെനഹാസിന്റെ തീഷ്ണതയും എസ്രാ നെഹമിയ പ്രവാചകര്‍ നല്‍കിയ നിര്‍ദ്ദേശവും പാലിച്ചുകൊണ്ട് ക്‌നാനായ സമുദായം ഇന്നും യേശുവിന്റെ പാതയില്‍ സുവിശേഷ സന്ദേശം നല്‍കികൊണ്ട് കഴിയുന്നു. അനേകം വൈദികരെയും സന്യാസിനികളെയും, ആഗോള സഭയ്ക്ക് നല്‍കിയിരിക്കുന്നു. അറുപതോളം രാജ്യങ്ങളില്‍ വസിക്കുന്ന ക്‌നാനായ മക്കളിലൂടെ സീറോമലബാര്‍ വിശ്വാസി സമൂഹത്തിന്റെ കൊടിയടയാളമായി, സാക്ഷികളായി ജീവിക്കുകയും ചെയ്യുന്നുണ്ട്.
ജയിംസ് സാറിന്റെ ലേഖനത്തിന്റെ തലക്കെട്ട് തന്നെ ശരിയല്ല. ഒരുവിധശുദ്ധിവാദവും ക്‌നാനായര്‍ പറയുന്നില്ല. ശത്രുക്കള്‍ക്കു എടുത്തലക്കാന്‍ വേണ്ടി രക്തശുദ്ധിവാദം എന്നപദം അവര്‍ തന്നെ ഞങ്ങളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. അഉ 345 ല്‍ ക്‌നായിത്തൊമ്മന്റെ നേതൃത്വത്തില്‍ കേരളത്തില്‍ വന്നിറങ്ങിയ ഒരു കൂട്ടം ക്രിസ്ത്യാനികള്‍ മറ്റുള്ള സമുദായക്കാരെപോലെ തന്നെ അവര്‍ക്കിഷ്ടമുള്ളിടത്തുനിന്നും മാത്രം വിവാഹം കഴിക്കുന്നു, അത്രമാത്രം. ഞങ്ങളുടെ താല്പര്യം ഞങ്ങളുടെ ഗോത്രത്തില്‍നിന്നും മാത്രം വിവാഹം ചെയ്ത് വംശീയതനിലനിര്‍ത്തണം എന്നതാണ്. ഒരു വ്യക്തി എവിടെ നിന്നും വിവാഹം ചെയ്യണമെന്ന് നിശ്ചയിക്കുന്നത് ആ വ്യക്തിയും അവരുടെ കുടുംബവുമാണ് അതില്‍ എന്തിന് തെറ്റുകാണുന്നു?
അനേകം ജാതികളില്‍നിന്നും സമുദായത്തില്‍ നിന്നും വിശ്വാസം സ്വീകരിച്ചുവന്നവരുടെ സമൂഹമാണ് സീറോമലബാര്‍ സുറിയാനി ക്രിസ്ത്യാനികളെന്ന് അഭിമാനിക്കുന്നവര്‍. അവരിലെ കുറെപേരെ പുതു ക്രിസ്ത്യാനികളെന്നും കീഴ്ജാതിക്കാരെന്നും തിരിച്ച് വിവാഹത്തിനു ഭ്രഷ്ടകല്പ്പിച്ചിരിക്കുന്നതില്‍ ആരും തെറ്റുകാണുന്നേയില്ല. മറ്റുള്ളവര്‍ക്കു നന്മമാത്രം ചെയ്തുകൊണ്ട് സമാധാനത്തില്‍ കഴിയുന്ന ക്‌നാനായ ,മുദായത്തിന്റെ വംശീയതയിലേക്കും ചരിത്രത്തിലേക്കും ഇടിച്ചുകയറി, ഒറ്റ രാത്രികൊണ്ട് തറവാടിയാകാന്‍ ശ്രമിക്കുന്ന സ്വഭാവം അത്രനല്ലതാണോ എന്നു ചിന്തിക്കണം. സ്വന്തം തറവാടിനെക്കുറിച്ചുള്ള അകര്‍ഷതയാണ് ഇതിനുകാരണം. ചങ്ങനാശ്ശേരി പാലാ തുടങ്ങിയരൂപതകളിലുള്ള ദളിത് വിഭാഗത്തില്‍പ്പെട്ട ചെറുപ്പക്കാര്‍ സ്വന്തം രൂപതയില്‍ നിന്നും ഇണയെകണ്ടെത്താനാകാതെ മറ്റ് വിശ്വാസകൂട്ടങ്ങളില്‍ ചെന്ന് വിവാഹിതരാകുന്നുണ്ട്. കത്തോലിക്കാ സഭ ഉപേക്ഷിച്ചുപോകുന്ന, വിശ്വാസപരമായ ഈ വലിയ പ്രതിസന്ധി കണ്ടില്ലന്നു നടിച്ച് മറ്റുള്ളവന്റെ കണ്ണില്‍ കരടിരിക്കുന്നുഎന്ന് വിൡുപറയുന്ന തടിവാഹകരോട് പറയട്ടെ നിങ്ങളുടെ ഇടയിലെ വലിയ പ്രശ്‌നങ്ങള്‍ ആദ്യം പരിഹരിക്കൂ.
ഇവിടുത്തെ ലത്തീന്‍ സമുദായക്കാരെ പുതു ക്രിസ്ത്യാനികളെന്നു പറഞ്ഞ് ആക്ഷേപിക്കുന്ന സുറിയാനി ക്രിസ്ത്യാനികള്‍, അല്പംവെളുപ്പും നല്ല ജോലിയുമുള്ള ലത്തീന്‍ പെണ്ണുങ്ങളെ അടിച്ചുമാറ്റുന്ന സംഭവങ്ങളും ഉണ്ട്. കോട്ടയത്ത് രണ്ടു രൂപതകള്‍ തമ്മിലുള്ള ഒരു വലിയ പ്രശ്‌നവുമാണിത്.
ക്‌നാനായക്കാരുടെ ശുദ്ധരക്തവാദവും സുറിയാനികത്തോലിക്കരുടെ ബ്രാഹ്മണരക്തവാദവുമെല്ലാം ശുദ്ധമായ ജാതിക്കിറുക്കാണ് എന്നു പറഞ്ഞാണ് ജയിംസ് സാര്‍ ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്. ബ്രാഹ്മണരക്തശുദ്ധിവാദത്തെ ചാരി ക്നാനായക്കാര്ക്കിട്ടടിച്ചിരി ക്കുകയാണദ്ദേഹം. എന്നാല്‍ ഈ ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന് സമാധാനവും സന്തോഷവും ലഭ്യമാകുവാന്‍ സ്വത്വബോധം ഉണ്ടാകേണ്ടത് ആവശ്യമാണ്. സ്വത്വബോധം ഉള്ളവന് സത്യസന്ധമായും മാന്യമായും കഴിയാതിരിക്കാനാവില്ല. ഒരു പരിധിവിട്ട് വിമര്‍ശിക്കാനും മറ്റുള്ളവരുടെ തനിമയില്‍ നുഴഞ്ഞുകയറാനും, അതിനു കഴിഞ്ഞില്ലങ്കില്‍ ഭള്ളുപറയാനും തുടങ്ങുന്നത് സ്വയാവബോധം ഇല്ലാത്ത മനുഷ്യരാണ്. ക്‌നാനായക്കാരെ പരസ്‌നേഹമുള്ളവരും പരസ്പരസഹായം ചെയ്യുന്നവരുമായി നിലനിര്‍ത്തുന്നത് അവരുടെ സ്വത്വബോധമാണ്.
പ്രാദേശികസഭകളോടു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറഞ്ഞിരിക്കുന്നത് അവരവരുടെ തനിമയും സംസ്‌ക്കാരവും സ്വത്വവും ഉള്‍പ്പെട്ട ഉറവിടങ്ങള്‍ കണ്ടെത്താനാണ്. പ്രാദേശിക സഭകള്‍ വളരണമെങ്കില്‍ സ്വത്വബോധം ഉണ്ടാകണം എന്ന് പിതാക്കന്മാര്‍ തിരിച്ചറിഞ്ഞിരുന്നു. സഭ ഇവിടെ വളരണമെങ്കില്‍ സമുദായങ്ങളും കുടുംബങ്ങളും വ്യക്തികളും അവരവരുടെ സ്വത്വം തിരിച്ചറിയുകതന്നെവേണം.
പണമില്ലാത്തവന് പണക്കാരനോട് അസൂയ, അവര്‍ പ്രസംഗിക്കുന്നത് പണക്കാരന്‍ പണം പങ്കുവയ്ക്കണം എന്നു മാത്രമാണ്. സംസ്‌ക്കാരം ഇല്ലാത്തവന്‍ അതുള്ളവനെ ആക്ഷേപിച്ചുകൊണ്ടിരിക്കും. സൗന്ദര്യം ഇല്ലന്നുതോന്നുന്നവന്, സുന്ദരനെന്നു ഇവനുതോന്നുന്നവനെ കാണുമ്പോള്‍ പുച്ഛം. വിവാഹം പുരുഷനും സ്ത്രീയും തമ്മിലാണെന്നും ജാതിയോ മതമോ അതില്‍ ഇടപെടരുതെന്നും ആയിരിക്കും ഇവന്റെ തത്വശാത്രം, കാരണം കറുത്തവന് വെളുത്ത പെണ്ണിനെ കെട്ടണം. ഇവരൊക്കെ ബലത്തിനുവേണ്ടി ബൈബിളിനെ കൂട്ടുപിടിക്കുകയും ചെയ്യും.
എല്ലാവരും അവരവരുടെ സ്വത്വം കണ്ടെത്തട്ടെ ഒരു ജാതിയും കൂടിയതോ കുറഞ്ഞതോ അല്ല. ജനിച്ചു വളര്‍ന്ന ജാതിയില്‍ അഭിമാനം തോന്നുകയാണ് വേണ്ടത്. ജാതിയും മതവും വംശീയതയും ഒരു യാത്ഥാര്‍ത്ഥ്യമാണ് അതില്ലാതാക്കാന്‍ കാലാകാലങ്ങളില്‍ നടത്തിയ ശ്രമങ്ങളെല്ലാം വൃഥാ വിലാകുകയായിരുന്നു എന്നു ചരിത്രം പറയുന്നു.
നായരുടെയും നമ്പൂതിരിയുടെയും പറയന്റെയും ഉള്ളാടന്റേയുമൊക്കെ സ്വവംശവിവാഹനിഷ്ഠയെ അംഗീകരിക്കുകയും എതിര്‍ക്കാതിരിക്കുകയും ചെയ്യുന്നവര്‍ ക്‌നാനായക്കാരുടെ എന്‍ഡോഗമിയെ (സ്വവംശവിവാഹം) എതിര്‍ക്കുന്നതിന്റെ രഹസ്യം പരസ്യമായാല്‍ അത് നിങ്ങള്‍ക്കുതന്നെ ആക്ഷേപകരമാണ്.
സ്വത്യബോധമില്ലാത്ത കുറെപേരോടു ചേര്‍ന്ന് നിലനില്ക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ തള്ളിപ്പറയാന്‍ ജയിംസ് സാര്‍ മുന്നോട്ടുവന്നതില്‍ വലിയ ഖേദമുണ്ട്.
ഡോമിനിക്ക് സാവിയോ
വാച്ചാച്ചിറയില്‍
9446140026
No comments:
Post a Comment