Wednesday, May 27, 2015

വിവാദങ്ങള്‍ വിതച്ച് വാര്‍ത്തകൊയ്യുന്ന ചാനലുകള്‍

കോടികള്‍ മുടക്കി ചാനലുകള്‍തുടങ്ങുന്നവരുടെ വരുമാന ലക്ഷ്യം പരസ്യം ലഭിക്കുക എന്നതാണ്. പരസ്യം ലഭിക്കണമെങ്കില്‍ ചാനലുകള്‍ കാണുന്ന ജനങ്ങളുണ്ടാകണം. അത്തരം ജനങ്ങള്‍ക്ക് വിവാദ ചര്‍ച്ചകള്‍കൊടുക്കണം. അത്തരം ചര്‍ച്ചകള്‍ക്ക് ഇതിനും മാത്രം വിവാദങ്ങള്‍ എന്നും എങ്ങനെ ഉണ്ടാകാനാ?  അതിനു ചാനലുകള്‍ അവര്‍ക്കുകഴിയാംവണ്ണം വിവാദങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കും. ചാനലുകള്‍ പെരുകിയപ്പോള്‍ ഉണ്ടാക്കാവുന്ന വിവാദങ്ങള്‍ക്കും പരിധി ഉണ്ടായി.
ഇപ്പോള്‍ ചാനലുകളില്‍ കാണുന്ന ചര്‍ച്ചകളെല്ലാം ചാനലുകള്‍ക്കു പണംകൊയ്യാനുള്ളതാണ്. നിയമസഭയില്‍ പ്രതിപക്ഷം നടത്തിയ കൈയ്യാങ്കളിയും ഗുണ്ടായിസവും പയ്യെ പയ്യെ കുറച്ചുകാണിച്ച് ഭരണപക്ഷം പ്രകോപനം ഉണ്ടാക്കിയതിനാലാണെന്നും, ലഡു വിതരണം ചെയ്തതുകൊണ്ടാണെന്നും വരുത്തിതീര്‍ക്കുക. അങ്ങനെ അല്ല എന്നു പറയുന്നവരെക്കൊണ്ട് മുഴുവന്‍ പറയിപ്പിക്കാതിരിക്കുക. ഇങ്ങനെ വിവാദങ്ങള്‍ വിതച്ച് അവര്‍ വാര്‍ത്തകൊയ്ത് പണമുണ്ടാക്കുന്നു.
മുന്‍പ് കരുണാകരനുമായി അഭിമുഖം നടത്തിയ ഒരു ചാനല്‍ അദ്ദേഹത്തെ കോണ്‍ഗ്രസില്‍ തിരികെ കയറ്റി. പിന്നീട് മുരളീധരനെ കോണ്‍ഗ്രസില്‍ പ്രവേശിപ്പിക്കാന്‍ ചാനലുകള്‍ കൂട്ടമായി രംഗത്തുവന്നു. ഇത് കരുണാകരനോടും മുരളിയോടുമുള്ള സ്‌നേഹം കൊണ്ടൊന്നുമല്ലായിരുന്നു. കോണ്‍ഗ്രസിനുള്ളില്‍ നിന്നുകൊണ്ട് കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിക്കുന്നവരായിരുന്നു ഇവര്‍ രണ്ടുപേരും. അന്ന് ചാനലുകള്‍ക്ക് ചാകരയായിരുന്നു. അവര്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തായപ്പോള്‍ അവരുടെ വിമര്‍ശനങ്ങളുടെ മുന ഒടിഞ്ഞു. ചാനലുകള്‍ക്ക് ചര്‍ച്ചാ ദാരിദ്രം വന്നു. ഇവര്‍ രണ്ടുപേരും കോണ്‍ഗ്രസിനുള്ളില്‍  ആകുമ്പോള്‍ വിമര്‍ശനങ്ങള്‍ വിവാദമാക്കാമെന്നും വാര്‍ത്ത ആക്കാമെന്നും പണം വാരാമെന്നും ചാനലുകള്‍ കണക്കുകൂട്ടി അത് കുറെവിജയിക്കുകയും ചെയ്തു.
അര്‍ത്ഥശൂന്യമായ ഇത്തരം ചര്‍ച്ചകളില്‍ ജനത്തിനു താല്പര്യമില്ലാതെയാണു വരുന്നത്. ചാനല്‍ ചര്‍ച്ചകള്‍ അവര്‍ ഉപേക്ഷിക്കാനേ ഇതു കാരണമാകൂ. ഇപ്പോള്‍ തന്നെ ചര്‍ച്ചകളില്ലാത്തതും വിനോദവും വിവരവും നല്‍കുന്ന സഞ്ചാരംപോലെയുള്ള ചാനലുകള്‍ കാണുന്നതിലേക്ക് ആളുകള്‍ മാറികൊണ്ടിരിക്കുന്നു. വിദേശ രാജ്യങ്ങളില്‍ ഇത്തരം ചാനല്‍ ചര്‍ച്ചകളും സീരിയലുകളും ജനം മടുത്തതായും ഉപേക്ഷിച്ചതായും മനസിലാക്കുന്നു. ചാനലുകള്‍ ജാഗ്രതൈ.

ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍

No comments:

Post a Comment