Wednesday, May 27, 2015

വിശുദ്ധവാരത്തില്‍ യേശു പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥനയും 
പ്രാര്‍ത്ഥിക്കാത്ത പ്രാര്‍ത്ഥനയും

    വയസ് മുപ്പത്തിമൂന്ന്. ഈ ഭൂമിയിലെ ജീവിതം അവസാനിക്കുകയാണെന്നും മഹത്വീകരിക്കപ്പെടുവാനുള്ള സമയം വന്നു ചേര്‍ന്നു എന്നും മനസിലാക്കിയ യേശു പതിവിനു വിപരീതമായി ശിഷ്യരെകൂടെ കൂട്ടി പ്രാര്‍ത്ഥിക്കുവാനായി മലയിലേക്കുപോയി. പ്രലോഭനങ്ങളില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍ എന്നു ശിഷ്യരോടു പറഞ്ഞിട്ട് കുറെ ദൂരെ മാറി മുട്ടിന്മേല്‍ വീണ് യേശു ഇങ്ങനെ പ്രാര്‍ത്ഥിച്ചു. “പിതാവേ അങ്ങേയ്ക്ക് ഇഷ്ടമെങ്കില്‍” ഈ പാനപാത്രം എന്നില്‍നിന്നും അകറ്റികളയണമേ! എങ്കിലും എന്റെ ഇഷ്ടമല്ല അവിടുത്തെ ഇഷ്ടം നിറവേറട്ടെ (ലൂക്ക 22:42).
    പിതാവില്‍ നിന്നും ശക്തി (സ്‌നേഹം) സംഭരിച്ച് അത് മനുഷ്യര്‍ക്ക് കൊടുക്കുന്നതിനായിരുന്നു യേശു സാധാരണ പ്രാര്‍ത്ഥിച്ചിരുന്നത്. അത് മനുഷ്യര്‍ക്ക് അനുഭവപ്പെട്ടിരുന്നത് ഭൗതിക നന്മകളായിട്ടായിരുന്നു. അഞ്ചപ്പം കൊണ്ട് അയ്യായിരം പേര്‍ക്കുവിളമ്പിയപ്പോഴും, കുഷ്ഠരോഗിയ സുഖപ്പെടുത്തിയപ്പോഴും കുരുടന്റെ കണ്ണു തുറന്നപ്പോഴും പിതാവായ ദൈവത്തിന്റെ സ്‌നേഹം യേശുവിലൂടെ മനുഷ്യരിലേക്കൊഴുകുകയായിരുന്നു. എന്നാല്‍, തന്റെ മരണത്തിലൂടെയുള്ള മനുഷ്യരക്ഷ എന്ന പിതാവിന്റെ പദ്ധതിമനസിലാക്കിയ യേശു അതിനൊരിളവ് ആഗ്രഹിച്ച അതേ സ്പീഡില്‍ തന്നെ, പിതാവേ അങ്ങയുടെ ഇഷ്ടം അങ്ങനെയെങ്കില്‍ അങ്ങനെ തന്നെയെന്നു സമ്മതിക്കുന്നു. അതോടെ അതുവരെ ഉണ്ടായിരുന്ന പ്രാര്‍ത്ഥാനാരീതി യേശുമാറ്റി. പിതാവിന്റെ ശ്ക്തിസംഭരിക്കുകയെന്ന പ്രാര്‍ത്ഥനാരീതി യേശു ആവര്‍ത്തിക്കുന്നതായി നമ്മള്‍ കാണുന്നില്ല.
     മനുഷ്യരായ നാമൊക്കെ വാവിട്ട് കരഞ്ഞു പ്രാര്‍ത്ഥിക്കുന്ന ഒരു സംഭവമാണ് യേശു തുടര്‍ന്ന് അഭിമുഖീകരിക്കുന്നത്.  ആ സമയത്ത് പ്രാര്‍ത്ഥിക്കുന്നതിനെക്കാള്‍ ഉപരിയായി ശിഷ്യരോടൊത്തായിരിക്കാനാണ് ശ്രമിക്കുന്നത് തന്നോടൊത്തായിരിക്കാന്‍ മൂന്നു തവണ വന്നു അഭ്യര്‍ത്ഥിക്കുന്നതായും കാണുന്നു (മര്‍ക്കോസ് 14/32-42) യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത സമയത്ത് പിടിക്കാന്‍ വന്നവരില്‍ ഒരുത്തനെ പത്രോസ് വാളെടുത്തുവെട്ടി. ഭാഗ്യത്തിന് അവന്റെ ചെവിമാത്രമേ മുറിഞ്ഞുള്ളു. മറ്റു ശിഷ്യന്മാര്‍ യേശുവിനു പ്രതിരോധം സൃഷ്ടിച്ചുകൊണ്ട് ചുറ്റും നിന്നിട്ടുണ്ടാകും. അപ്പോള്‍ യേശു പത്രോസിനോടായി പറയുകയാണ്. എനിക്കെന്റെ പിതാവിനോടപേക്ഷിക്കാന്‍ കഴിയുകയില്ലന്നും ഉടന്‍തന്നെ ദൂതന്മാരുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങളെ അയച്ചുതരികയില്ലന്നും നീ വിചാരിക്കുന്നുവോ? അങ്ങനെയെങ്കില്‍ ഇപ്രകാരം സംഭവിക്കുമെന്ന വിശുദ്ധലിഖിതങ്ങളിലെ പ്രവചനങ്ങള്‍ എങ്ങനെ നിറവേറും (മത്തായി 26:53,54).
    ഈ ഭൂമിയിലെ ജീവിതം ഇവസാനിച്ചുവെന്നും താന്‍ മഹത്വപ്പെടുവാനുള്ള സംഭവങ്ങള്‍ അരങ്ങേറുകയാണെന്നും നമസിലാക്കിയ യേശു പ്രാര്‍ത്ഥനയൊക്കെ അവസാനിപ്പിച്ച് പിതാവിന്റെ താല്പര്യത്തിനു വഴങ്ങുന്നതോടെയാണ് യേശുവിന്റെ ഭൗതിക ശരീരത്തിനുമേല്‍ ശത്രുവിന്, അതായത് മഹത്വീകരണത്തിന്റെ വക്താക്കള്‍ക്ക് അവസരം ലഭിക്കുന്നത്. കണ്ടുനില്‍ക്കുന്നവര്‍ക്ക് പടയാളികള്‍ യേശുവിന്റെ ശത്രുകളാണെങ്കിലും, ദ്രവിക്കാതെ കിടക്കുന്ന ഒരു വസ്തുവിനു ചിതല്‍ മിത്രമാകുന്നതുപോലെ യേശുവിനവര്‍ മിത്രങ്ങളായിരുന്നു.
    ശത്രുക്കള്‍ എല്ലാമനുഷ്യര്‍ക്കും ഉണ്ടെങ്കിലും അവര്‍ ആക്രമണത്തിനു മുതിരുന്നത് ഒരവസരം ലഭിക്കുമ്പോഴാണ്. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ആ അവസരം എന്നത്  സ്‌നേഹം തന്നെയായ ദൈവത്തോടുള്ള ഗാഢമായ ബന്ധത്തിന്റെ ആരംഭമാകുന്നു. തന്നോടു വിശ്വാസനവഞ്ചനകാണിച്ച യൂദാസിനെ തന്റെ സ്‌നേഹവലയത്തില്‍ നിന്നും ഒഴിവാക്കാതിരുന്നപ്പോഴും, നിര്‍ണായകനിമിഷത്തില്‍ തള്ളിപറഞ്ഞ പത്രോസിനെ സ്‌നേഹപൂര്‍വം നോക്കിയപ്പോഴും യേശുവിന്റെ ഉള്ളില്‍ ഇവരോടൊക്കെ നന്ദിമാത്രമായിരുന്നു ഉണ്ടായിരുന്നത്. തന്റെ മഹത്വീകരണം ത്വരിതപ്പെടുത്തിയ ന്യായാധിപസംഘത്തോടും പീലാത്തോസിനോടും, ഹേറോദേസിനോടും, അവനെ ക്രൂശിക്കുവിന്‍ എന്നു പ്രമാണിമാരുടെ പ്രേരണയില്‍ വിളിച്ചുപറഞ്ഞ ജനക്കൂട്ടത്തോടും യേശുവിനു സ്‌നേഹമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. സ്‌നേഹം മാത്രമായ ദൈവത്തിന്റെ പുത്രനു സ്‌നേഹിക്കാനല്ലേ അറിയൂ.
    സ്വഭാവത്താലേ യേശുവിനു ആരോടും വിരോധിക്കാനാവില്ല. അപ്പോള്‍, തന്നെ മഹത്വപ്പെടുത്താന്‍ സഹായിക്കുന്നവരോടും കൂടുതല്‍ സ്‌നേഹം യേശുകാണിക്കാതിരിക്കുമോ? ഒരു പക്ഷെ ഇതു മുന്നില്‍ കണ്ടുകൊണ്ടാകുമോ ശത്രുവിനെ സ്‌നേഹിക്കുവിന്‍, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍ എന്ന് യേശു നേരത്തെപറഞ്ഞതുവെച്ചത്. ശത്രുഎന്നതിനു മഹത്വീകരണസഹായി എന്നൊരുപര്യായം യേശുതരുകയായിരുന്നു.
     യേശുവിന്റെ മഹത്വീകരണത്തിനു സമാനമായ മഹത്വീകരണമാണ് യേശുവിനോടുകൂടി സ്‌നേഹത്തില്‍ ഒന്നായിരിക്കുന്ന ഒരോമനുഷ്യരേയും കാത്തിരിക്കുന്നത്. യേശുവിനെ പിന്‍പറ്റുന്നവര്‍ അവന്‍ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു എന്ന ബൈബിള്‍ വചനം നമുക്കായി നമുക്കു മുന്‍പേ നടന്നവര്‍ തന്നിട്ടുണ്ട്.
    യേശു ഒരു നല്ല മനുഷ്യന്‍ എന്നാണറിയപ്പെട്ടിരുന്നത്. യേശുവിനു വേണമെങ്കില്‍ ഒരു പുരുഷായുസായ എഴുപതുവയസുവരെയെങ്കിലും നല്ലമനുഷ്യനായി ജീവിച്ച് മരിച്ചാല്‍  മതിയായിരുന്നു. ഗെത്സമനില്‍വച്ച് പിതാവിനോടു പറയാമായിരുന്നു പിതാവേ, അങ്ങുപറയുന്നതുപോലെ ഞാന്‍ മരിച്ചുകൊള്ളാം, കുറെ വര്‍ഷം കൂടി ആയുസു തന്നാല്‍ കുറെപേരോടും കൂടി അങ്ങയെക്കുറിച്ച് പറയാമല്ലോ എന്ന്. ഒരു നല്ല മനുഷ്യനായി ഭൂമിയില്‍ ദീര്‍ഘനാള്‍ ജീവിച്ചാല്‍ ഒരു നല്ല മരണം ലഭിക്കുമെന്നല്ലാതെ അത് പിതാവായ ദൈവത്തിന്റെ പദ്ധതിപ്രകാരമായിരിക്കണമെന്നില്ല. ആ ജീവിതം യേശു നടന്ന അതേവഴിയായിരിക്കണമെന്നുമില്ല.  രോഗിക്ക് ഡോക്ടറെകൊണ്ട് ആവശ്യമുണ്ട്. രോഗത്തിനു മരുന്നുവാങ്ങണം  കഴിക്കണം. കൂട്ടരെക്കൊണ്ടൊക്കെ പ്രാര്‍ത്ഥിപ്പിക്കണം. എല്ലാം വേണം, അതോടൊപ്പം ദൈവമേ എനിക്കിത് എന്റെ മഹത്വീകരിണത്തിനുതരുന്നതാണോ എന്ന് അന്വേഷിക്കുവാനുള്ള അവസരമായിട്ടെടുക്കുന്നതിന് യേശുതന്നെ ഒറു മാതൃക തന്നിരിക്കുന്നു. യേശുവിന്റെ  മഹത്വീകരണം 33 -ാം വയസിലായിരുന്നുയെന്ന് നമുക്കൊക്കെ അറിയാം. യേശു നിരന്തരം പിതാവിനോടു ബന്ധപ്പെട്ടിരുന്നതിനാല്‍ പിതാവിന്റെ ഇംഗിതം ആദ്യത്തെ അവസരത്തില്‍ തന്നെ നിര്‍വഹിക്കാന്‍ യേശു തയ്യാറായി. ക്രിസ്ത്യാനികളായ നാമെല്ലാവരും നല്ല മനുഷ്യരെപോലെ ജീവിക്കുന്നു. നല്ല മനുഷ്യര്‍ക്ക് ജീവിതത്തിനു അനര്‍ത്ഥങ്ങള്‍ ഒന്നും സംഭവിക്കുകയില്ലന്നും അഥവാ അങ്ങനെ സംഭവിച്ചാല്‍ അതു ദൈവത്തിന്റെ ശ്രദ്ധക്കുറവെന്ന രീതിയില്‍ ദൈവത്തിന്റെ  ശ്രദ്ധയില്‍കൊണ്ടുവരാന്‍ കൂട്ട പ്രാര്‍ത്ഥനനടത്തി ഒഴിവാക്കാന്‍ ശാഠ്യം പിടിക്കുന്നു. എന്നാല്‍ ആരെങ്കിലും, തനിക്കു വന്നുഭവിച്ചിരിക്കുന്ന ദു:ഖത്തെ ദൈവംതന്നതെന്ന രീതിയില്‍ സുബോധത്തോടെ നന്ദിയോടെ സന്തോഷമായി സ്വീകരിക്കാറുണ്ടോ?
     തിരക്കുപിടിച്ച മക്കള്‍ മാതാപിതാക്കളുടെ രോഗവും ഏകാന്തതയും ശ്രദ്ധിക്കാത്തപ്പോഴും, അവര്‍ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുമ്പോഴും മുട്ടിന്മേല്‍ വീണുകൊണ്ടുള്ള യേശുവിന്റെ പ്രാര്‍ത്ഥനയുടെ അനുകരണത്തിന് അവസരമൊരുങ്ങുകയാവും. നമ്മില്‍ ദൈവപിതാവിന്റെ ഇഷ്ടം പൂര്‍ത്തിയാകുന്നതിനും  നമ്മുടെ മഹത്വീകരണത്തിനുമുള്ള കാരണമാകാം ഇത്. മാത്രമല്ല, അതു മക്കള്‍ക്കു സ്വാതന്ത്രം നല്‍കുകയും ചെയ്യും. 
ആദ്യത്തെ പ്രാര്‍ത്ഥനയിക്കുശേഷം, ശിഷ്യരാരെങ്കിലും തന്നെ മനസിലാക്കുന്നുണ്ടോയെന്നു ശ്രദ്ധിച്ച യേശു വീണ്ടുംപോയി പ്രാര്‍ത്ഥിക്കുകയാണ്. പിതാവേ ഞാന്‍ കുടിക്കാതെ ഇതുകടന്നുപോകുകയില്ലങ്കില്‍ നിന്റെ ഇഷ്ടം നിറവേറട്ടെ (മത്തായി 26:42).
ഇതിനുശേഷമാണ് ഗെത്സമനിതോട്ടത്തില്‍ വെച്ച് യേശു പ്രാര്‍ത്ഥിക്കാതിരുന്ന പ്രാര്‍ത്ഥനയുടെ ആരംഭം. എനിക്കെന്റെ പിതാവിനോടപേക്ഷിക്കാന്‍ കഴിയുകയില്ലന്നും ഉടന്‍ തന്നെ അവിടുന്ന് എനിക്കു തന്റെ ദൂതന്‍ന്മാരുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങളെ അയച്ചുതരികയില്ലന്നും നീ വിചാരിക്കുന്നുവോ? യേശു മുപ്പത്തിമൂന്നാംവയസില്‍ തോട്ടത്തില്‍ വച്ചു ചൊല്ലാതിരുന്ന പ്രാര്‍ത്ഥന നമ്മുടെ എഴുപതാം വയസിലോ ഗുരുതരമായ രോഗാവസ്ഥയിലോ ഒന്നുപരീക്ഷിക്കരുതോ?
അധികാരികളുടെയോ പിന്‍ഗാമികളുടേയോ (മക്കളുടെ) അവഗണനയെന്ന കുരിശില്‍ കിടന്നുകൊണ്ട്  മഹത്വീകരണത്തിലേക്കു കടക്കുന്നവരുടെ ഒരേയൊരു പ്രാര്‍ത്ഥന എല്ലാകാലത്തും അതുമാത്രമായിരിക്കണം. പാതാവേ എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ.
ഒലിവുമലയിലെ തോട്ടത്തിലിരുന്നുള്ള പ്രാര്‍ത്ഥനയ്ക്കുശേഷം കുരിശില്‍കിടന്ന് യേശുപ്രാര്‍ത്ഥിക്കുന്നുണ്ട്. അതുമറ്റുള്ളവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയായിരുന്നു. ഇവര്‍ ചെയ്യുന്നതെന്തെന്നറിയായ്കയാല്‍ ഇവരോടു ക്ഷമിക്കണമേ എന്നായിരുന്നു ആ പ്രാര്‍ത്ഥന (ലൂക്കാ.23:34). 
ദൈവം മഹത്വപ്പെടുത്തുന്നത് മരണത്തിലൂടെ മാത്രമല്ല. ദൈവവും മനുഷ്യനുമായുള്ള ബന്ധത്തിന്റെ ഉന്നതനിലയാണ് മഹത്വീകരണം. ഇത് മനുഷ്യര്‍ക്ക് ഭൂമിയില്‍ വെച്ചുതന്നെ ലഭ്യമാക്കാവുന്നതാണ്. മരണമെന്നതു മഹത്വീകരണത്തിന്റെ പൂര്‍ത്തീകരണമായ ഉയിര്‍പ്പിന്റെ ആരംഭമാകുന്നു. ദൈവത്താല്‍ മഹത്വീകരിക്കപ്പെട്ടവര്‍ക്കുമാത്രമേ മറ്റുമനുഷ്യരേയും മഹത്വത്തിലേക്ക് ആനയിക്കാനാകു. ആദ്യം നാം കണ്ടത് ശത്രുക്കളാല്‍ യേശുവിന്റെ  മഹത്വീകരണം ആരംഭിക്കുന്നതാണ്. മനുഷ്യരായ നമ്മുടെ മഹത്വീകരണം ആരംഭിക്കുന്നതും ശത്രുക്കളാലായിരിക്കാം, അല്ലായിരിക്കാം. നമ്മള്‍ മഹത്വപ്പെടുകയെന്നാല്‍ നമ്മുടെ ജീവിതത്തില്‍ യേശുവിന്റെ നാമം മഹത്വപ്പെടുകയെന്നാകുന്നു. ഇക്കാര്യം യോഹന്നാന്റെ സുവിശേഷം 17-ാം ആധ്യായത്തില്‍ ആദ്യം മുതലേ നമുക്കുകാണാവുന്നതാണ്. ശിഷ്യന്മാര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന തുടങ്ങുന്നതിങ്ങനെയാണ്. പിതാവേ സമയമായിരിക്കുന്നു പുത്രന്‍ അങ്ങയെ മഹത്വപ്പെടുതേണ്ടതിന് പുത്രനെ നീ മഹത്വപ്പെടുത്തേണമേ! അല്ലാ ഇതിനു വേണ്ടിയാണെല്ലോ ഈ മണിക്കൂറിലേക്കു ഞാന്‍ വന്നത്. പിതാവേ നിന്റെ നാമത്തെ മഹത്വപ്പെടുത്തണമേ! അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നൊരു സ്വരമുണ്ടായി. ഞാന്‍ മഹത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹത്വപ്പെടുത്തുകയും ചെയ്യും (യോഹ.12:27). ഇതിനു ശേഷമാണ് നമ്മള്‍ പറയുന്ന പീഡാസഹനം യേശു അഭിമുഖീകരിക്കാന്‍ തുടങ്ങിയത്. 
മരിച്ച ലാസറിനെ ഉയിര്‍പ്പിക്കാന്‍ തുടങ്ങിയപ്പോള്‍ സംശയം പ്രകടിപ്പിച്ച സഹോദരിയോടു യേശു പറഞ്ഞു; വിശ്വസിച്ചാല്‍ നീ ദൈവമഹത്വം കാണുമെന്ന്. തുടര്‍ന്നു യേശു പ്രാര്‍ത്ഥിക്കുന്നു. പിതാവേ എന്നെ അയച്ചതു നീയാണെന്നു ചുറ്റും നില്ക്കുന്ന ജനം വിശ്വസിക്കേണ്ടതിനു ഇതു ചെയ്തു തരണമേ.
ജീവിത പ്രശ്‌നങ്ങളെ നേരിടാന്‍ പിതാവിന്റെ ശക്തിലഭിക്കുവാന്‍വേണ്ടി പ്രാര്‍ത്ഥിച്ച് മാതൃകകാണിച്ച യേശു, ജീവിതത്തിന്റെ പ്രത്യേകഘട്ടത്തില്‍ പ്രാര്‍ത്ഥനയെല്ലാം നിര്‍ത്തി നേരിടേണ്ടിവരുന്ന അനര്‍ത്ഥങ്ങള്‍ക്ക് വിധേയപ്പെടുന്നു. യേശുവിനെ പിന്‍പറ്റുന്നവരായ  നമ്മള്‍ അവന്‍ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടതിനാല്‍ പ്രാര്‍ത്ഥനയെല്ലാം നിര്‍ത്തി വിധേയപ്പെട്ടു മഹത്വീകരണത്തിലേക്കു പ്രവേശിക്കേണ്ട ഒരു സമയമുണ്ട്. ആണ്ടുവട്ടത്തിലെ വിശുദ്ധവാരത്തിലെങ്കിലും അതിനുള്ള സമയം നമ്മള്‍ കണ്ടെത്തുകതന്നെ വേണം. 
എനിക്കെല്ലാം ദൈവം ചെയ്തുതരുമെന്നറിയാം, എന്നാല്‍ ഇനി എനിക്കതുവേണ്ട എന്ന പ്രാര്‍ത്ഥനഎല്ലാ പ്രാര്‍ത്ഥനയുടേയും മുകളിലാണ്. മഹത്വത്തിലേക്കു പ്രവേശിപ്പിക്കുന്നതും പ്രാര്‍ത്ഥിക്കാത്ത ഈ പ്രാര്‍ത്ഥനയാണ്. 

ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍ Mob- 9446140026
കോട്ടയെ അതിരൂപതയുടെ മുഖപത്രമായ അപ്നാദേശില്‍ 2006 ഏപ്രില്‍ 2 ന് പ്രസിദ്ധീകരിച്ച ലേഖനം

No comments:

Post a Comment