Wednesday, May 27, 2015

ക്‌നാനായക്കാരന്റെ ആത്മവീര്യം ചോര്‍ത്തി 
വംശഹത്യനടത്തുന്ന സീറോമലബാര്‍ നേതൃത്വം

     AD 345 ല്‍ പ്രേഷിത പ്രവര്‍ത്തനത്തിനായി കുടിയേറിയ സുറിയാനി ക്രൈസ്തവ ജനതയാണ് ക്‌നാനായ സമൂഹം. അവരുടെ കുടിയേറ്റം വഴി നാട്ടിലുണ്ടായിരുന്ന മര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്കു ഉന്നതിയും, സമൂഹത്തില്‍ പദവികളും, ശക്തമായ ഒരു നേതൃത്വവും ലഭിച്ചിരുന്നു എന്നത് അംഗീകരിക്കപ്പെട്ട ചരിത്രമായിരുന്നു. അവര്‍ ഒരു വംശീയ സമൂഹമായി നൂറ്റാണ്ടുകള്‍ നിലനിന്നതിന്റെ ഫലമായി 1911 ല്‍ കത്തോലിക്കാ സഭ രൂപതയും മെത്രാനെയും നല്‍കി ഒരു വംശീയ വിഭാഗമായി ക്‌നാനായ സമുദായത്തെ അംഗീകരിച്ചു. 2005 ല്‍ രൂപത അതിരൂപത ആക്കുകയും ചെയ്തു.
    ക്‌നാനായക്കാരുടെ അവകാശ അധികാരങ്ങളും തനിമയും സംസ്‌ക്കാരവും അംഗീകരിച്ചുപോന്ന ഇവിടുത്തെ ഭൂരിപക്ഷ വടക്കുംഭാഗ സമൂഹത്തിലെ ന്യൂജനറേഷന്‍ നേതൃത്വം ക്‌നാനായ സമുദായത്തിന്റെ സാംസ്‌ക്കാരിക തനിമയെ ചോര്‍ത്തിക്കളഞ്ഞും സമുദായത്തെ നിലനിര്‍ത്തുന്ന സ്വവംശവിവാഹ നിഷ്ഠയെ തള്ളികളഞ്ഞും ഒരുതരം സാംസ്‌ക്കാരിക ഫാസിസം അഴിച്ചു വിട്ടിരിക്കുകയാണ്. സ്വവംശവിവാഹനിഷ്ഠ (എന്‍ഡോഗമി) മ്ലേഛതയാണെന്നു പ്രചരിപ്പിക്കുമ്പോഴും അവര്‍ അവരുടെ മക്കള്‍ക്കായി ഇണയെകണ്ടെത്തുന്നത്, പുരാതന പാരമ്പര്യവും സാംസ്‌ക്കാരിക ഉന്നതിയും നോക്കിയാണെന്ന വസ്തുത രഹസ്യമായി നിലനില്‍ക്കുകയും പരസ്യമായി വ്യക്തമാകുകയും ചെയ്യുന്നുണ്ട്. പള്ളിഭരണത്തിലും, ഇടവകയോഗങ്ങളിലും, സ്ഥാപനങ്ങളില്‍ വരുന്ന ജോലി ഒഴിവുകളിലും പുതുക്രിസ്ത്യാനികളെന്നു പറഞ്ഞ് മാറ്റി നിര്‍ത്തിയിരിക്കുന്നവരെ അടുപ്പിക്കുകപോലും ചെയ്യുന്നില്ല.
     2014 ജൂണ്‍ 2 നു സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുംമായി കൂടികാഴ്ച്ച നടത്തിയ അഞ്ചംഗ കാല്‍നടയാത്രാസംഘത്തോടു പിതാവു സംസാരിച്ചപ്പോഴും ക്‌നാനായ ജനതയുടെ തനിമ ബോധത്തെ ഉദാര ഭാവത്തില്‍ ജ്വലിപ്പിച്ചു സൂത്രത്തില്‍ അതിന്റെ മര്‍മ്മം ചോര്‍ത്തി കളയുന്നതായിട്ടാണു കണ്ടത്. പിതാവ് നീണ്ടൂര് ക്‌നാനായ പള്ളിയില്‍ വന്നപ്പോള്‍ നടവിളിച്ചു സ്വീകരിച്ചു, കോട്ടയത്തുവന്നപ്പോള്‍ നടവിളിക്കാത്തതിനാല്‍ പരിഭവം പറഞ്ഞു. എന്നു ഞങ്ങള്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു. അതിനു പിതാവു പറഞ്ഞത് എന്നെ നടവിളിച്ചു സ്വീകരിക്കണം അതെനിക്ക് ഇഷ്ടമാണ് വിളിക്കാത്തിടത്ത് പറഞ്ഞു വിളിപ്പിക്കും എന്നാണ്.
    സംഭാഷണത്തിന്റെ ആദ്യം മുതല്‍ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത് ക്‌നാനായക്കാര്‍ക്ക് രൂപത കൊടുത്തത്ത് മാര്‍പാപ്പയ്ക്കുപറ്റിയ തെറ്റാണെന്നും, ഇനി എന്‍ഡോഗമസ് പള്ളികള്‍ അനുവദിക്കുകയില്ലന്നും, ക്‌നാനായ മിഷനറിമാര്‍ ലത്തീന്‍കാര്‍ക്കു വേണ്ടിയാണ് വേല ചെയ്യുന്നതെന്നും മറ്റും പറഞ്ഞ് ക്‌നാനായക്കാരന്റെ ആത്മവീര്യം ചേര്‍ത്തിയ ശേഷം, നടവിളിയിലും ചന്തം ചാര്‍ത്തലിലും മൈലാഞ്ചി ഇടീലിലും ഒതുങ്ങിയാല്‍ മതിയെന്ന ധ്വനിയാണ് മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ ആലഞ്ചേരി കാല്‍നടക്കാരായി എത്തിയ ഞങ്ങളുടെ മുന്നില്‍ നിരത്തിയത്.
    ചോര്‍ത്തിക്കളഞ്ഞ സംസ്‌ക്കാരത്തിന്റെയും ആത്മ ദര്‍ശനത്തിന്റെയും സ്ഥാനത്തു മറ്റൊരു സംസ്‌ക്കാരവും ദര്‍ശനവും കടത്തിവെയ്ക്കുക എന്നതാണ് സീറോമലബാര്‍ നേതൃത്വത്തിന്റെ പുതിയ അജണ്ട. കുമ്പളങ്ങ മുറിക്കാതെ കുരു എടുക്കുന്നതന്ത്രം.  ക്‌നാനായക്കാരന്റെ ചോര്‍ത്തിക്കളഞ്ഞ സാംസ്‌ക്കാരിക തനിമയുടെ വിടവില്‍ ക്‌നാനായ സങ്കരപള്ളികള്‍ അനുവദിച്ചുകൊണ്ട് വടക്കേ അമേരിക്കയിലെ ക്‌നാനായരുടെമേല്‍ ഒരു കുത്തിപരീക്ഷണത്തിന് തയ്യാറെടുത്തിരിക്കുന്നു. ഇതുവരെ പറഞ്ഞു നടന്നിരുന്ന ഭാവനയിലെ പരീക്ഷണമാണ് ഇവിടെ നേരിട്ടുള്ള പരീക്ഷണത്തിനു വിധേയമാക്കിയിരിക്കുന്നത്. അതിന്റെ ഫലം കണ്ടുകൊണ്ട് സമുദായത്തെ ഒന്നാകെ വേട്ടയാടാമെന്ന് ഭൂരിപക്ഷ വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ കണക്കുകൂട്ടുന്നു.
എന്‍ഡോഗമിയാണ് പ്രശ്‌നം?
    നിങ്ങളുടെ എന്‍ഡോഗമിയാണ് പ്രശ്‌നം എന്നാണ് മാര്‍ ആലഞ്ചേരിയുമായുള്ള സംഭാഷണത്തിന്‍അദ്ദേഹം പറഞ്ഞ മറ്റൊരുകാര്യം. കഴിഞ്ഞ 17 നൂറ്റാണ്ടുകള്‍ സ്വീകരിച്ചുപോന്ന സ്വവംശ വിവാഹ നിഷ്ഠ മറ്റുള്ളവര്‍ക്കു പ്രശ്‌നമായത് എന്നു മുതലാണ്!? മാര്‍ പാറേക്കാട്ടിലിന്റെ കാലം വരെ യാതൊരു പ്രശ്‌നവും ഇല്ലായിരുന്നു. മാര്‍ പടിയറയുടെ കാലത്തും വലിയ കുഴപ്പമില്ലാതെ കടന്നുപോയി. മാര്‍ വിതയത്തിലിന്റെ കാലം ആയപ്പോള്‍ എതിര്‍പ്പുകാര്‍ രംഗത്തുവന്നു. ഒരു സാധാരണ സന്യാസി വൈദികനായിരുന്ന വര്‍ക്കിയച്ചനെ മേജര്‍ ആര്‍ച്ചുബിഷപ്പാക്കിയത് സീറോമലബാറിലെ തമ്മില്‍ തല്ലിയിരുന്ന രണ്ടു മെത്രാന്‍ ചേരിയുടെയും സമാധാനത്തിനു വേണ്ടിയായിരുന്നു. ക്‌നാനായക്കാരോടു വലിയ താല്പര്യമില്ലാത്ത അദ്ദേഹം രണ്ടു കൂട്ടരെയും തൃപ്തിപ്പെടുത്താന്‍ അവര്‍ പൊതു ശത്രുവായി കരുതിയിരുന്ന ക്‌നാനായക്കാര്‍ക്കെതിരെ തിരിയുകയും ചെയ്തു. അന്നു മുതല്‍ സമുദായം വേട്ടയാടപ്പെടു കയാണ്.
    ആരധനക്രമവിഷയം മെത്രാന്മാര്‍ക്കിടയില്‍ കത്തിനിന്ന സമയമായിരുന്നു അത്. രണ്ടു ചേരിയിലെയും സീറോമലബാര്‍ ഭീകരവാദികളില്‍ ഒരു പുതിയ സ്വത്വബോധം വളര്‍ന്നുവന്നു. അത് വേരുപിടിപ്പിക്കണമെങ്കില്‍ ക്‌നാനായ സമൂഹത്തിന്റെ സാംസ്‌ക്കാരിക തനിമയെ ഇല്ലാതാക്കണമായിരുന്നു. ക്‌നാനായര്‍ ഇന്നനുഭവിക്കുന്ന ദുരിതങ്ങള്‍ക്കുകാരണം സീറോമലബാര്‍ മെത്രാന്മാര്‍ക്കിടയിലെ ഭിന്നതയും ഹയരാര്‍ക്കിയുടെ ഈ ഫാസിസമനോഭാവമാണ്. ഭിന്നിച്ചു നിന്നിരുന്ന മെത്രാന്‍ ചേരിയിലൊന്നില്‍ ചേര്‍ന്നിരുന്നെങ്കില്‍ സമുദായത്തിനീ ദുര്‍ഗതി വരില്ലായിരുന്നു. സത്യത്തിനു നിരക്കാത്തതിനു ഓശാന പാടുക എന്നത് ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യമല്ലാത്തതിനാല്‍ സമുദായ മെത്രാന്മാര്‍ അതിനു തയ്യാറായില്ല.
    ക്‌നാനായക്കാരന്റെ തനിമ ബോധത്തിന്റെ ഭാഗമായിരുന്ന തനിമയാര്‍ന്ന സാംസ്‌ക്കാരിക പൈതൃകവും  അവര്‍ നസ്രാണി സമൂഹത്തിനു നല്‍കിയ സംഭാവനകളും എല്ലാം പരിഗണിച്ചുകൊണ്ട് കാല്‍ നൂറ്റാണ്ടു ദീര്‍ഘിച്ച ആലോചനയുടെയും ചര്‍ച്ചകളുടെയും ഫലമായി വടക്കുംഭാഗ മെത്രാന്മാരുടെ അറിവോടെ വത്തിക്കാന്‍ നേതൃത്വം അനുവദിച്ച ക്‌നാനായ വംശീയ രൂപതയെയാണ് തെറ്റെന്നും, വിശുദ്ധനായ പത്താം പിയൂസിനു തെറ്റിയെന്നും പറയാന്‍ വലിയ മെത്രാപോലീത്താക്ക് പ്രേരണനല്കിയത്. സീറോമലബാര്‍ ഹയരാര്‍ക്കി ഒരു പുത്തന്‍ കോളനി വാഴ്ച്ചയ്ക്കും വംശഹത്യയ്ക്കും തയാറെടുക്കുന്നു എന്ന സൂചനയാണിതു തരുന്നത്. കോളനി വാഴ്ച്ചക്കൊരുങ്ങുന്ന ഏകാധിപതി വിജയകരമായി ഉപയോഗിക്കുന്ന ആയുധമാണ് സംസ്‌ക്കാരം ചോര്‍ത്തല്‍, അതോടെ ഇരയുടെ ആത്മശക്തി നശിച്ചുപോകുന്നു. അവിടം കൊണ്ട് അവസാനിക്കുന്നില്ല. ചോര്‍ത്തിക്കളഞ്ഞ സംസ്‌ക്കാരത്തിന്റെയും ആത്മദര്‍ശനത്തിന്റെയും സ്ഥാനത്ത് മറ്റൊരു സംസ്‌ക്കാരവും ദര്‍ശനവും കടത്തിവെയ്ക്കുകയും ചെയ്യും. സഭയാണ് വലുതെന്നും സഭയോടൊത്തു ചിന്തിക്കണമെന്നും  എന്‍ഡോഗമി പാലിക്കേണ്ടവര്‍ അത് സ്വന്തം വീട്ടില്‍ പ്രാക്ടീസ് ചെയ്തു കൊള്ളുക എന്നു പതുക്കെ പറയുന്നതിന്റെയും ഉള്ളടക്കം മറ്റൊന്നല്ല. എന്‍ഡോഗമി പാലിക്കാത്തവരുടെ ക്‌നാനായപള്ളി എന്ന ആശയം ക്‌നാനായ സമൂഹത്തിനുമേല്‍  പരീക്ഷിക്കുന്ന നവ കൊളോണിസത്തിന്റെ ഭാവനാ സൃഷ്ടിയാണ്.
    ക്‌നാനായക്കാരന്റെ ഭാവി നിശ്ചയിക്കേണ്ടത് വത്തിക്കാന്റെ കോടതിയിലാണെന്നു പറഞ്ഞു നടക്കുകയായിരുന്നു ഇവര്‍ ഇതുവരെ. അമേരിക്കയിലെ സീറോമലബാറുകാരുടെമേല്‍ അധികാരമില്ലന്നു പറഞ്ഞു നടന്ന മാര്‍ ആലഞ്ചേരിയും മാര്‍ മൂലക്കാട്ടും ചേര്‍ന്നാണ് അമേരിക്കയിലെ ക്‌നാനായരുടെ മേല്‍ വംശഹത്യയുടെ കൊടുവാള്‍ തൂക്കിയിരിക്കുന്നത്. സമുദായമെത്രാന്‍ ശത്രുക്കളോടു ചേര്‍ന്നു നില്ക്കുന്നു എന്ന ദുര്യോഗവും, ക്‌നാനായ സമുദായം ഹൃദയം തകര്‍ന്ന് കണ്ണുനീരോടെ നോക്കി നില്ക്കുന്നു.  
    ഒരു ആര്‍ച്ചു ബിഷപ്പ് എന്ന നിലയില്‍ നിന്നും ഒരിക്കലും ഉയരാനാവില്ല എന്ന സത്യം അറിയാമായിരുന്നിട്ടും മാര്‍ വര്‍ക്കി വിതയത്തില്‍ കോട്ടയത്ത് ഒരു ക്‌നാനായ യോഗത്തില്‍ പറഞ്ഞത് മൂലക്കാട്ടുമെത്രാന്‍ സീറോമലബാര്‍ സഭയിലെ ഉദിച്ചുയര്‍ന്ന നക്ഷത്രമാണെന്നാണ്. മൂലക്കാട്ടുമെത്രാന് വലിയൊരു ഭാവിയുണ്ട്; കോട്ടയം അതിരൂപതയ്ക്കും അപ്പുറം ആ വളര്‍ച്ച സംഭവിച്ചേക്കാം. മെത്രാന്മാര്‍ പറയുന്ന സത്യ സന്ധമായ നുണകള്‍ വിശ്വാസികള്‍ക്കെന്ന പോലെ സഹമെത്രാന്മാര്‍ക്കും തിരിച്ചറിയാതായിരിക്കുന്നു. മാര്‍ മൂലക്കാട്ടിലിനും സംഭവിച്ചത് അതാണ്. സീറോമലബാര്‍ നേതൃത്വം വെച്ചു നീട്ടിയിരിക്കുന്ന എന്തൊക്കെയോ മോഹന വാഗ്ദാനങ്ങള്‍ക്കും അതി മോഹത്തിനും അടിമപ്പെട്ടു നില്‍ക്കുന്നതുകൊണ്ടാണ്; ക്‌നാനായ സമുദായത്തിന്റെ ആഗ്രഹങ്ങള്‍ക്കും അവകാശങ്ങള്‍ക്കും എതിരെ ചരിത്രബോധമില്ലാതെ എതിരു നില്‍ക്കുന്നതും സംസ്‌ക്കാരം ചോര്‍ത്തുന്നതിന് കൂട്ടു നില്‍ക്കുന്നതും.
    സഭയോടു ചേര്‍ന്നു നില്‍ക്കണമെന്നും, സഭയോടൊത്തു ചിന്തിക്കണമെന്നും നിരന്തരം ആവര്‍ത്തിക്കുമ്പോള്‍, സമുദായത്തെക്കുറിച്ചു ചിന്തിക്കുന്നതു തെറ്റാണെന്നും അത്തരക്കാര്‍ വിശ്വാസികളല്ലന്നും, മെത്രാനോടൊത്തു ചിന്തിക്കാത്തവര്‍ക്ക് കത്തോലിക്കാ സഭയില്‍ നിലനില്‍പ്പില്ലന്ന ഭീക്ഷണിയാണു മുഴങ്ങുന്നത്. മെത്രാനെ ചാരിനിന്ന് സ്വന്തം കരിയറില്‍ നേട്ടം കാംക്ഷിക്കുന്ന അഭിഷിക്തരായ ചില ക്‌നാനായ യുവതിടമ്പുകള്‍ വലിയ സമുദായ സ്‌നേഹം ഉണ്ടെന്നു പറയുകയും ആരെങ്കിലും മുഖത്തുനോക്കി ചര്‍ച്ചയ്ക്കു വിളിച്ചാല്‍ സൂത്രത്തില്‍ മുങ്ങിക്കളയുകയും ചെയ്യും. 
    സമുദായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനോ സമുദായ താല്പര്യം പ്രകടിപ്പിക്കുന്നവരോടു സംസര്‍ഗ്ഗം ചെയ്യുന്നതിനോ ഇവര്‍ ഭയപ്പെടുന്നു. 2005 നു ശേഷം സമുദായ പ്രശ്‌നങ്ങളോ സമുദായ ചരിത്രമോ   പരാമര്‍ശിച്ച് ഒരു ലേഖനം പോലും സമുദായ സ്‌നേഹം പറയുന്ന വൈദികര്‍ എഴുതിയിട്ടില്ല. ഇവരൊക്കെ മെത്രാന്‍ ചിന്തിക്കുന്നതുപോലെ ചിന്തിക്കുകയും സ്വന്തം തലച്ചോറ് ഡോളറുകള്‍ക്കായി പണയപ്പെടുത്തിയിരിക്കുകയുമാണ്. സഭയെക്കുറിച്ചുള്ള ഫ്രാന്‍സീസ് പാപ്പയുടെ ചിന്തകള്‍ക്ക് കടകവിരുദ്ധമാണിത്. അദ്ദേഹം സിനഡില്‍ പിതാക്കന്മാരോടായി പറഞ്ഞു ഓരോ മെത്രാനും മനസില്‍ തോന്നി ക്കുന്ന കാര്യങ്ങള്‍ ആരെയും ഭയപ്പെടാതെ തുറന്നു പറയേണ്ട വേദിയാണ് സിനഡ്. മാര്‍പാപ്പ എന്തു ചിന്തിക്കുന്നു എന്നു നോക്കേണ്ട കാര്യമില്ല. അതോടൊപ്പം മറ്റുള്ളവര്‍ പറയുന്നത് എളിമയോടെ ശ്രവിക്കുകയും വേണം. ഇത് തന്റെ സഹപ്രവര്‍ത്തകരായ വൈദികരോട്, വൈദികയോഗത്തില്‍ വെച്ചു പറയാന്‍ ഏതെങ്കിലും മെത്രാനു ധൈര്യമുണ്ടോ? ഏതെങ്കിലും വൈദികന് മെത്രാനെ ഈ കാര്യം ഓര്‍മ്മിപ്പിക്കാന്‍ ധൈര്യമുണ്ടോ?
    ന്യൂനപക്ഷ ക്‌നാനായ സമുദായത്തെ ഇല്ലാതാക്കിയാല്‍ സീറോമലബാര്‍ സഭയുടെ ഒരു കുനുഷ്ട്ടു ചരിത്രം രചിക്കാമെന്നവര്‍ കണക്കുകൂട്ടുന്നുണ്ട്. ക്‌നാനായ സംസ്‌ക്കാരത്തിനെതിരായി നില്ക്കുന്ന ശത്രുക്കള്‍ക്കെതിരായ പോരാട്ടത്തിനൊടുവില്‍ നടുവൊടിഞ്ഞു മുന്നില്‍ വീഴുമെന്ന് കണക്കുകൂട്ടി ഭൂരിപക്ഷ ഫാസിസ്റ്റുകള്‍ ആവേശം കൊള്ളുന്നു.
    വിശുദ്ധപത്താംപിയൂസ് മാര്‍പാപ്പയുടെ പേര് ദുരുപയോഗിച്ചുകൊണ്ടാണ് സീറോമലബാര്‍ ഹയരാര്‍ക്കി അതിക്രമം കാട്ടുന്നത്. ഇപ്പോള്‍ പൗരസ്ത്യ തിരുസംഘമാണ് ക്‌നാനായരുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നു പറയുന്നു. സംഘം ചേര്‍ന്നു ചിന്തിക്കുന്ന കാര്യലയത്തില്‍ നിന്നും ക്‌നാനായ ന്യൂനപക്ഷത്തിന് നീതിലഭിക്കുകയില്ലന്ന് ഉറപ്പാണ്. അവസാന തീരുമാനം എടുക്കുന്നത് മാര്‍പാപ്പ ആയിരുന്നെങ്കില്‍ കാര്യങ്ങള്‍ കുറെ കൂടി എളുപ്പമാകുമായിരുന്നു. കാര്യങ്ങള്‍ അവതരിപ്പിക്കേണ്ട സമുദായമെത്രാന്‍ വിഘടിച്ചു നില്ക്കുമ്പോള്‍ പ്രതിസന്ധി കൂടുന്നു. അതിനാല്‍ ഇനി നീതി, ആകാശവും ഭൂമിയും സൃഷ്ടിക്കുകയും തന്റെ പ്രത്യേക ലക്ഷ്യത്തിനായി ഒരു സമുദായത്തെ രൂപപ്പെടുത്തുകയും ചെയ്ത ദൈവത്തില്‍ നിന്നുമാണ് ലഭിക്കുക.
സങ്കരപള്ളി എന്ന ആറ്റം ബോംബ്
  
   ക്‌നാനായ സമുദായത്തെ  മൂന്നു മെത്രാന്മാര്‍ ചേര്‍ന്ന് പരീക്ഷണ വസ്തു ആക്കിയിരിക്കുന്നു. കുടുംബത്തെ വിഘടിപ്പിച്ചു കൊണ്ടാണ് വടക്കേ അമേരിക്കയില്‍ പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. ആറ്റം വിഘടിച്ചപ്പോള്‍ എന്തു സംഭവിച്ചു എന്ന് ഹിറോഷിമായിലും നാഗസാക്കിയിലും നമ്മള്‍ കണ്ടതാണ്. ഒരു വസ്തുവിന്റെ എല്ലാ ഗുണങ്ങളോടും കൂടിയ ഏറ്റവും ചെറിയ ഘടകമാണ് അണു അഥവാ ആറ്റം. പ്രോട്ടോണ്‍ ഇലക്ട്രാണ്‍ ന്യൂട്രോണ്‍ എന്നീ മൂന്നുതരം സവിശേഷ കണങ്ങള്‍കൊണ്ടാണ് അണു നിര്‍മ്മിച്ചിരിക്കുന്നത്. പ്രോട്ടോണിനു പോസിറ്റീവ് ചാര്‍ജും ഇലക്‌ട്രോണിനു നെഗറ്റീവ് ചാര്‍ജുമാണുള്ളത് ന്യൂട്രോണിനാകട്ടെ ചാര്‍ജോന്നുമില്ല. പ്രോട്ടോണും ന്യൂട്രോണും ഒരുമിച്ചു ചേര്‍ന്നിരിക്കുന്ന ആറ്റത്തിന്റെ കേന്ദ്രഭാഗമാണ് അണുകേന്ദ്രം(ന്യൂക്ലിയസ്).
    ഈ യാഥാര്‍ത്ഥ്യത്തെ ഞങ്ങള്‍ വിഭാവനം ചെയ്യുന്നതിങ്ങനെയാണ്. സീറോമലബാര്‍ സിനഡിലെ ഏറ്റവും ചെറിയ അണുവാണ് കോട്ടയം രൂപത അഥവാ ക്‌നാനായ സമുദായം. പ്രോട്ടോണ്‍, ഇലക്‌ട്രോണ്‍, ന്യൂട്രോണ്‍ എന്ന കണങ്ങള്‍ കൊണ്ടു ആറ്റം നിര്‍മ്മിച്ചിരിക്കുന്നു എന്നതുപോലെ സമൂഹത്തിനു ഗുണകരമായ എല്ലാ സവിശേഷ പാരമ്പര്യങ്ങളും ക്‌നാനായ സമുദായത്തിലുണ്ടെന്ന് സാരം. പ്രോട്ടോണിന്റെ പോസിറ്റീവ് ചാര്‍ജുപോലെ, മാര്‍ ആലഞ്ചേരിക്ക് സീറോമലബാറിലെ സങ്കരവിഭാഗത്തോട് ഈ സമുദായത്തെ ചേര്‍ക്കണമെന്ന പോസിറ്റീവ് മനോഭാവമാണുള്ളത്. വടക്കേ അമേരിക്കയിലെ ക്‌നാനായക്കാര്‍ക്കു പ്രത്യേക സംവിധാനം ഒന്നും  തരില്ല, അവര്‍ സീറോമലബാറിലെ അംഗങ്ങളായിരിക്കും എന്ന നെഗറ്റീവ് എനര്‍ജ്ജിയായിരുന്നു മാര്‍ അങ്ങാടിയത്തിന്. പ്രത്യേക ചാര്‍ജോന്നും ഇല്ലാതെ ന്യുട്രടിച്ചു നില്ക്കുന്ന ന്യുട്രോണാണ് മാര്‍ മൂലക്കാട്ട്. ഇവര്‍ മൂന്നുപേരും ചേര്‍ന്നാണ് ക്‌നാനായ സങ്കരപള്ളി എന്ന അണുബോംബ് ഉണ്ടാക്കി വെച്ചിരിക്കുന്നത്. ഈ ആറ്റത്തിന്റെ അണുകേന്ദ്രമായ ന്യൂക്ലിയസ്സാണ് സീറോമലബാര്‍ സിനഡ്. അമേരിക്കയിലെ ക്‌നാനായക്കാര്‍ വിലയ്ക്കുവാങ്ങിയ പള്ളികളില്‍ സങ്കര വിഭാഗക്കാര്‍ ഇടവക ചേരാന്‍വരുമ്പോള്‍ ഈ ബോംബ് പൊട്ടും.   
ഫ്രാന്‍സീസ് മാര്‍പാപ്പായുടെ വാക്കുകളിലേക്ക്
   * സഭ അതിന്റെ പതിവുമാര്‍ഗ്ഗങ്ങളില്‍ നിന്നും വ്യതിചലിച്ച് കരുണകാണിക്കേണ്ട സമയമാണിത്. പല വൈദികരുടെയും നിഷേധാത്മകമായ നിലപാടുകള്‍ വിശ്വാസികളില്‍ വലിയ മുറിവുകള്‍ ഉണ്ടാക്കീട്ടുണ്ട്. വിശ്വാസികള്‍ക്കെതിരെ ഉള്ള സഭയുടെ ചില നിലപാടുകളും മുറിവുകള്‍ ഉണ്ടാകുന്നുണ്ട്.
   * ശരിയെന്നു ഉറപ്പുള്ളകാര്യങ്ങള്‍ വെല്ലുവിളികളായി ഏറ്റെടുത്തു ചെയ്യുവാന്‍ പാപ്പ ആഹ്വാനം ചെയ്യുന്നു.
   * നമ്മുടേത് ഒരിക്കലും പരീക്ഷണശാലയിലെ വിശ്വാസമല്ല; മറിച്ച് ഒരു ജീവിതയാത്രയിലെ വിശ്വാസമാണ്. ഒരു ചരിത്ര വിശ്വാസമാണ്. ദൈവം ചരിത്രമായിട്ടാണ് നമുക്ക് സ്വയം വെളിപ്പെടുത്തിയിരിക്കുന്നത്. അല്ലാതെ അമൂര്‍ത്ത സത്യങ്ങളുടെ സംഗ്രഹമായിട്ടല്ല. ഞാന്‍ പരീക്ഷണശാലകളെ ഭയപ്പെടുന്നു; കാരണം പരീക്ഷണശാലകളില്‍ നമ്മുടെ പ്രശ്‌നങ്ങളെ അവയുടെ ഉത്ഭവസാഹചര്യങ്ങളില്‍ നിന്നും അടര്‍ത്തി മാറ്റി പരിഹരിക്കാന്‍ ശ്രമിക്കുന്നു. പിന്നീട് അവയെമെരുക്കാനും ചായമടിച്ച് ഭംഗി യാക്കാനുമായി നമ്മുടെ വീട്ടിലേക്ക് കൊണ്ടുവരുന്നു.
   * ക്രിസ്ത്യാനികള്‍ ഒന്നും കീഴടക്കാന്‍ വന്നവരല്ല. ആരുടെയും സാംസ്‌കാരിക തനിമകവര്‍ന്നെടുക്കില്ല. വിവിധ സംസ്‌കാരമുള്ള ജനങ്ങളെ ശ്രവിക്കണമെന്നും അവരെ സത്യവിശ്വാസത്തില്‍ നയിക്കണമെന്നും മെത്രാന്മാരെ പാപ്പ ഓര്‍മ്മിപ്പിച്ചു.
  * ഒരു ജനതയുടെ ഭാഗമാകാതെ ഒരുവന് പൂര്‍ണ്ണമായ സ്വത്വമുണ്ടാവില്ല.
  * ചില അവസരങ്ങളില്‍ നന്നായി പ്രവര്‍ത്തിക്കാതെ സെന്‍സര്‍ഷിപ്പിനുള്ള സ്ഥാപനങ്ങളായി ''റോമന്‍ കൂരിയായിലെ ഡിക്കാസ്റ്ററികള്‍ (ഡിപ്പാര്‍ട്ടുമെന്റുകള്‍) മാറുന്ന അപകടത്തില്‍ അവ ചെന്നുപെടാറുണ്ട്. കുറ്റം വിധിക്കാനും തെറ്റു തിരുത്താനുമായി റോമിലേക്കെത്തുന്ന രേഖകള്‍ വിസ്മയകരമാണ്. പ്രാദേശിക മെത്രാന്‍ സംഘങ്ങള്‍ തന്നെ ഇത്തരം കേസുകള്‍ അന്വേഷിക്കണമെന്നാണ് എനിക്കു തോന്നുന്നത്. റോമില്‍ നിന്നും മെത്രാന്‍ സംഘങ്ങള്‍ക്ക് സഹായം ലഭിക്കും. ഈ പ്രശ്‌നങ്ങളൊക്കെ നന്നായി കൈകാര്യം ചെയ്യാവുന്നത് പ്രാദേശിക സഭകള്‍ക്കാണ്. റോമന്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ മധ്യസ്ഥരാണ്. മറിച്ച് അവര്‍ ഇടനിലക്കാരോ, മാനേജര്‍മാരോ ആകുന്നത് ശരിയല്ല.''
  * ''നമ്മുടെ വ്യത്യാസങ്ങളോടുകൂടെ നാം ഐക്യത്തോടെ മുന്നോട്ടു നടക്കണം.സഭൈക്യത്തിന് മറ്റൊരു വഴിയുമില്ല. ഇതാണ് യേശുവിന്റെ വഴി.''
     ക്‌നാനായ സമുദായത്തെ സീറോമലബാര്‍ സിനഡ് പരീക്ഷണ വസ്തു ആക്കിയിരിക്കുന്നു. സമുദായത്തിന്റെ യഥാര്‍ത്ഥ ഉല്‍ഭവ സാഹചര്യങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി, എന്‍ഡോഗമസ് പള്ളികള്‍ക്ക് വിലക്കേര്‍പ്പെടുത്തി പുതിയ ചായമടിച്ച സങ്കരപള്ളികളിലേക്ക് സമുദായത്തെ നയിക്കുകയാണ്. 
    ഒരു ജനതയുടെ ഭാഗമാകാതെ ഒരുവന് പൂര്‍ണ്ണമായ സ്വത്വം ഉണ്ടാവില്ല എന്നു മാര്‍പാപ്പ പറഞ്ഞത്; ഒരു സമുദായത്തില്‍ അംഗത്വം ഉള്ളവനേ ശക്തമായ വിശ്വാസത്തിന് ഉടമയാകാന്‍ കഴിയു എന്നാണ്. വിശ്വാസവും സമുദായവും ഒരു പക്ഷിയുടെ ഇരു ചിറകുകളാണെന്ന് ഞങ്ങള്‍ നേരത്തെമുതല്‍ പറയുന്ന കാര്യമാണ്.
    പ്രാദേശിക സഭാ പ്രശ്‌നങ്ങള്‍ അവിടെ തന്നെ കൈകാര്യം ചെയ്യണമെന്ന പാപ്പയുടെ ആഹ്വാനം സീറോമലബാര്‍ സിനഡിനോടാണെന്നു പറയാം. ഒരു സ്വയാധികാര സഭയിലെ പ്രശ്‌നങ്ങള്‍ അവിടെ തന്നെ പരിഹരിക്കണമെന്നും റോമിലേക്ക് അതൊന്നും കൊണ്ടുവരരുതെന്നും പാപ്പ അറിയിച്ചിരിക്കുകയാണ്. ക്‌നാനായരുടെ ആവശ്യങ്ങള്‍ റോമില്‍നിന്നും വരണമെന്നു പറയുന്നവര്‍ ആവശ്യാനുസരണം മെത്രാന്മാരെ ഇവിടെത്തന്നെ സൃഷ്ടിക്കുകയും റോമില്‍ അറിയിച്ചു ഒപ്പുവാങ്ങുകയും ചെയ്യുന്നു. നീതിക്കു നിരക്കാത്ത വിവേചനമാണിത്. സീറോമലബാര്‍ സിനഡിലെ പിതാക്കന്മാരുടെ മനസ്സു നന്നായാല്‍ ക്‌നാനായരുടെ ആവശ്യങ്ങള്‍ ഇവിടെത്തന്നെ പരിഹരിക്കപ്പെടും. 
    നമ്മുടെ വ്യത്യാസങ്ങളോടെ ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് മാര്‍പാപ്പ പറഞ്ഞത് സീറോമലബാര്‍ നേതൃത്വം മുഖവിലക്കെടുക്കണം. ക്‌നാനായക്കാരെ വളമാക്കി വളരുകയല്ല അവരുടെ വ്യത്യാസങ്ങള്‍ അംഗീകരിക്കണമെന്നു തന്നെയാണ്. വേറെവഴിയില്ല, യേശുവിന്റെ വഴി അതാണെന്നും പറഞ്ഞ് അദ്ദേഹം ആണി അടിച്ചിരിക്കുന്നു.
    ഫ്രാന്‍സീസ് മാര്‍പാപ്പയുടെ വാക്കുകളില്‍നിന്നും സഭയെ പുതിയ ഒരു ദിശാ ബോധത്തിലേക്കാണ് കൊണ്ടുപോകുന്നതെന്ന് മനസിലാക്കാം. മനുഷ്യനാണ് പ്രാധാന്യം അല്ലാതെ നിയമങ്ങള്‍ക്കല്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 17 നൂറ്റാണ്ടു ചരിത്രമുള്ള ക്‌നാനായ ജനതയെ നുള്ളിയെടുത്ത് മാറ്റാമെന്ന സീറോമലബാര്‍ സിനഡിന്റെ അതിമോഹം അതിരൂവിട്ടതാണ്. ഇറാക്കിലും സിറിയയിലും പാക്കിസ്ഥാനിലും ഉത്തരേന്ത്യയില്‍ പല സ്ഥലങ്ങളിലും ക്രൈസ്തവരെ വേട്ടയാടുന്നുണ്ട്. അതിലും ഭീകരമാണ് ഒരു വിശ്വാസസമൂഹത്തിന്റെ ആത്മവീര്യം ചോര്‍ത്തി ഇല്ലാതാക്കുന്നത്. ശാരീരികമായ പീഡനംകൊണ്ട് വിശ്വാസം ദൃഢപ്പെടുന്നു. സാംസ്‌ക്കാരിക ഫാസിസം നടപ്പിലാക്കുമ്പോള്‍ ഒരു ജനതതന്നെ ഇല്ലാതാകുന്നു. 

ഡോമിനിക്ക് സാവിയോ
വാച്ചാച്ചിറയില്‍
mob-9446140026

No comments:

Post a Comment