വിശ്വാസവും സമുദായവും
ഒരു പക്ഷിയുടെ ഇരു ചിറകുകള്‍
ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍ എഴുതി ക്രിസ്പിന്‍ പബ്ലിക്കേഷന്‍ 2012 ല്‍ പുറത്തിറക്കിയ വേട്ടമഗം ചരിത്രമെഴുതുന്നു എന്ന പുസ്തകത്തില്‍നിന്നെടുത്ത ഒരദ്ധ്യായം പുനപ്രസിദ്ധീകരിക്കുന്നു.
വിശ്വാസത്തിനാണോ സമുദായത്തിനാണോ ക്രിസ്തീയജീവിതത്തില്‍ പ്രാധാന്യം എന്ന ചോദ്യം ഉയര്‍ന്നാല്‍ എന്തുത്തരമാകും പറയാനാകുക? ചിലര്‍ പറയുന്നതു കേട്ടിട്ടുണ്ട് സഭയ്ക്കാണ് അതായത് വിശ്വാസത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന്; സമുദായം രണ്ടാമതു വരുന്ന കാര്യമാണെന്ന്. മനുഷ്യന്‍ ബോധപൂര്‍വ്വം സ്വീകരിക്കുന്ന ജീവിതചര്യയാണ് ക്രൈസ്തവവിശ്വാസം. അതൊരു വസ്തു എന്നതുപോലെ എടുത്തു കാട്ടുവാനാവില്ലല്ലോ. അതിനു പൊതുവായ ഒരു നിര്‍വ്വചനവും ഉണ്ടായെന്നുവരില്ല. സ്വീകരിച്ച വിശ്വാസത്തിന്റെ അനുരണനങ്ങള്‍ ബുദ്ധിയിലും, പ്രവര്‍ത്തിയിലും, ഇടപെടലുകളിലും, തീരുമാനങ്ങളിലുമൊക്ക ഉണ്ടായിരിക്കും, ഉണ്ടായിരിക്കണം. വിശ്വാസത്തിന് വ്യക്തിപരമായ നിര്‍വ്വചനമാണ് കൃത്യമായിട്ടുള്ളത്.
വ്യത്യസ്തങ്ങളായ കമ്പനികള്‍ രാസവളങ്ങള്‍ വിവിധ ആകൃതിയില്‍ നിര്‍മ്മിക്കുന്നുണ്ട്. തരിതരിയായും പൊടിയായും കാണുന്ന വസ്തുക്കളില്‍ ചില രാസഘടകങ്ങള്‍ ചേര്‍ക്കുമ്പോഴാണ് ആ വസ്തു രാസവളമാകുന്നത്. റൂബറം എന്ന വെളുത്തുരുണ്ട വസ്തുവിന്മേല്‍ രോഗിയുടെ പ്രത്യേകതയനുസരിച്ച് തുള്ളിമരുന്ന് ചേര്‍ക്കുമ്പോഴാണ് അത് ഹോമിയോ ഗുളികയാകുന്നത്. ഒരു സമുദായം ക്രൈസ്തവസമൂഹമാണെന്നറിയപ്പെടണമെ ങ്കില്‍ വ്യത്യസ്തമായ പല ലക്ഷണങ്ങളും പ്രത്യേകതകളും ആ സമൂഹത്തില്‍ ഉണ്ടായിരിക്കണം. പ്രഥമദൃഷ്ട്യാ തിരിച്ചറിയപ്പെടുവാന്‍ ഉത്തരീയം എന്നറിയപ്പെടുന്ന വെന്തിങ്ങയും കുരിശുരൂപവും ക്രൈസ്തവര്‍ ധരിച്ചിരുന്ന കാലമുണ്ടായിരുന്നല്ലോ! ഇന്ന് ഇത്തരം അടയാളങ്ങളെക്കാള്‍ ഇടപെടലുകളിലെ ക്രൈസ്തവചൈതന്യത്തിനാണ് ഏറെ പ്രസക്തി.
പ്രപഞ്ചത്തിന്റെ ഉടയവനായ ദൈവം തന്റെ സ്‌നേഹം പ്രകടിപ്പിക്കുവാന്‍ വേണ്ടി മനുഷ്യനു രൂപം കൊടുക്കുകയും അത് തന്റെ തന്നെ ആകൃതിയില്‍ ആയിരിക്കണമെന്ന് നിശ്ചയിക്കുകയും ചെയ്തു. കാലാന്തരത്തില്‍ അവരില്‍ ഒരു വിഭാഗത്തെ പ്രത്യേകമായ ഒരു ദൗത്യം ഏല്പിക്കുന്നതിനായി തെരഞ്ഞെടുക്കുകയും ചെയ്തു. അവര്‍ ഒരു സമുദായമായി അറിയപ്പെട്ടു. ബലവും ബലഹീനതയുമുള്ള ഒരു വംശീയസമൂഹം. ദൈവത്തിന്റെ പദ്ധതികള്‍ നിര്‍വ്വഹിക്കുന്നതിനായി വേറെയും തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനെക്കുറിച്ചും തിരുവചനത്തില്‍ നാം വായിക്കുന്നുണ്ട്. ഭിന്നത കൂടാതെ ഒറ്റക്കെട്ടായി നില്ക്കും എന്നതാണ് ഒരു സമുദായകൂട്ടായ്മയുടെ പ്രത്യേകത. ഏകദൈവവിശ്വാസത്തിനുപുറമെ ഒന്നിച്ചുനിര്‍ത്തുന്ന പല ഘടകങ്ങളും ഒരു സമുദായസംവിധാനത്തിലുണ്ട്.
ഉദരത്തില്‍ കിടന്ന് കുഞ്ഞുങ്ങള്‍ മല്ലിട്ടപ്പോള്‍ കര്‍ത്താവിന്റെ മനസറിയാന്‍ ഗര്‍ഭാവസ്ഥയില്‍ റെബേക്ക കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുന്നു.അതിനു മറുപടിയായി കിട്ടിയ ദൈവീക വെളിപ്പെടുത്തല്‍ ഇങ്ങനെയായിരുന്നു രണ്ടു വംശങ്ങളാണ്‌നിന്റെ ഉദരത്തിലുള്ളത് നിന്നില്‍ നിന്നും പിറക്കുന്നവര്‍ രണ്ടു ജനതയായി പിരിയും. ഒന്ന് മറ്റൊന്നിനെക്കാള്‍ ശക്തമായിരിക്കും (ഉല്പത്തി 25/23)
ജാതിവ്യവസ്ഥയും വര്‍ഗ്ഗീയതയും സ്ഥലകാലത്തോടു ബന്ധപ്പെട്ടതും മനുഷ്യനിര്‍മ്മിതവുമാണ്.എന്നാല്‍ വംശീയത ജന്മനാ ലഭിക്കുന്നതും സ്വാഭാവികവും ജന്മാവകാശവുമാണ്. വംശീയത ദൈവത്തിന്റെ ദാനമാണ്. തുല്യരാണെങ്കിലും മനുഷ്യരെ അത് വ്യത്യസ്തരാക്കുന്നു. യഹൂദസമുദായത്തെ വിളിച്ചു ചേര്‍ത്തുനിര്‍ത്തിയപ്പോള്‍ അവര്‍ ദൈവത്തിന്റെ സ്വന്തം ജനം എന്നറിയപ്പെട്ടു. എന്നാല്‍ പിന്നീട് പുതിയനിയമകാലത്ത് യേശുവിന്റെ ഉത്ഥാനശേഷം അപ്പസ്‌തോലന്മാരുടെ നടപടികളിലൂടെ യേശുവിനെ വിളിച്ചപേക്ഷിക്കുന്നവര്ക്കെല് ലാം യേശുക്രിസ്തുവഴി പിതാവായ ദൈവത്തോടു ബന്ധം സ്ഥാപിക്കപ്പെട്ടു. അപ്പോഴും ദൈവത്തിന്റെ ആദ്യതെരഞ്ഞെടുപ്പായ യഹൂദസമുദായകൂട്ടായ്മ അപ്രസക്തമാകുകയല്ല ദൈവത്തെ അറിഞ്ഞവര്‍ എന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ വേണ്ടി നിലനിര്‍ത്തുകയാണു ചെയ്തത്. ദൈവത്തിന്റെ ഒരു തെരഞ്ഞെടുപ്പ് മറ്റൊരു തെരഞ്ഞെടുപ്പു മൂലം അസാധുവാകുന്നില്ല. ദൈവവുമായി നടത്തിയ ഉടമ്പടിയില്‍ വീഴ്ച വരുത്തിയപ്പോഴും യഹൂദനോടുള്ള കൂട്ടായ്മ നിലനിര്‍ത്തി, അവരെ കൂടെ ചേര്‍ത്ത്
നിര്‍ത്തി, അവരില്‍ നിന്നൊരാളെ പരുവപ്പെടുത്തിയെടുത്ത് തന്റെ രക്ഷാകരപദ്ധതിയുടെ ഫലം അനുഭവിപ്പാന്‍ ഏകജാതനായ യേശുക്രിസ്തുവിലൂടെയും ദൈവം പ്രവര്‍ത്തിക്കുന്നതായി നമ്മള്‍ കാണുന്നു.
അപ്പസ്‌തോലന്മാരുടെ പിന്മുറക്കാരായ മെത്രാന്മാരുടെ നേതൃത്വത്തില്‍ നയിക്കപ്പെടുന്ന രൂപതകളിലും ഈ വിധമുള്ള പല പ്രത്യേകതകളും കാണുവാന്‍ കഴിയും. പ്രത്യേക സംസ്‌ക്കാരങ്ങളും തനിമയും പാരമ്പര്യങ്ങളും മറ്റും കാത്തുസൂക്ഷിക്കുന്ന ജനതയോ ജനതകളെയോ ഓരോ രൂപതകളിലും കാണാവുന്നതാണ്. പ്രമുഖ പള്ളികളെ കേന്ദ്രീകരിച്ചും പ്രത്യേക സമൂഹങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇക്കാരണത്താല്‍ രണ്ടായിരവും അതിലധികവും കുടുംബങ്ങളുള്ള പല പള്ളികളും വിഭജിക്കാനാകാതെ അധികാരികള്‍ പ്രയാസപ്പെടാറുണ്ട്. പ്രസിദ്ധമായ പല പള്ളികളില്‍ നിന്നും ഇടവക പിരിയാനാകാത്തവിധം അവര്‍ അവിടെ തന്നെ സമൂഹമായി കഴിയാനാണിഷ്ടപ്പെടുന്നത്. വളരെ അകലെ താമസിച്ചാലും ഇടവക മാറുവാന്‍ താല്പര്യം കാട്ടാത്തവിധം വികാരപരമായി നിലകൊള്ളുന്നവരും ഉണ്ട്. ചില സ്ഥലങ്ങളില്‍ നിര്‍ബന്ധമായി ഇടവക വിഭജിച്ചതില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുകയും ആ തീരുമാനം പിന്‍വലിച്ച് കൂടുതല്‍ അസിസ്റ്റന്റ് വികാരിമാരെ നിയമിച്ച് പ്രശ്‌നം അവസാനിപ്പിക്കേണ്ടിയും വന്നിട്ടുണ്ട്.
തെക്കുംഭാഗ സമുദായത്തെ സംബന്ധിച്ചിടത്തോളം അവരുടേതായ സംസ്‌ക്കാരവും തനിമയും നൂറ്റാണ്ടുകളോളം നിലനിര്‍ത്തി പോരുവാന്‍ സഹായകരമായ പാരമ്പര്യങ്ങളും കീഴ്‌വഴക്കങ്ങളും കലകളും പാട്ടുകളും അവര്‍ക്കുണ്ടായിരുന്നു. ശക്തമായ ഈ നിലപാട് കണ്ടുകൊണ്ടു കൂടിയാണ് സഭാപരമായ ചട്ടക്കൂടെന്ന നിലയില്‍1911 ല്‍ വികാരിയാത്ത് അനുവദിച്ചത്. ഒരു വലിയപള്ളിയെ കേന്ദ്രീകരിച്ചല്ല തെക്കുംഭാഗരുടെ കൂട്ടായ്മ നിലനില്ക്കുന്നത്. ഏതെങ്കിലുമൊരു ഇടവക വിഭജിക്കേണ്ടിവരുമ്പോള്‍ അവരുടെ നേതൃത്വത്തിന് യാതൊരു പ്രതിസന്ധിയും നേരിടേണ്ടിവരുന്നില്ല. അതിരൂപതയിലെ ഏതിടവകയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനും ക്‌നാനായര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ല അവര്‍ ഒരു ജനതയാണ്. അതിരൂപതയിലെ ഏതിടവകയില്‍ ചെന്നാലും അവരെ അറിയുന്നവരോ ബന്ധുക്കളോ ഉണ്ടാകും അതിനാല്‍ തന്നെ അവര്‍ ഒരിടവകയിലും അന്യരല്ല.
ഓരോ ജനസമൂഹങ്ങളിലാണ് വിശ്വാസം സന്നിവേശിച്ചു ക്രൈസ്തവകൂട്ടായ്മകളായി വളര്‍ന്നതെങ്കിലും വിശ്വാസത്തിന്റെ വിന്യാസത്തിലൂടെപുതിയജനതകളും രൂപം കൊണ്ടിരുന്നു. വിവിധങ്ങളായ ജാതിസമൂഹങ്ങള്‍ ഏകസത്യവിശ്വാസത്തില്‍ ഒരുമിച്ചു ചേര്‍ന്നതാണ് ഇന്നുള്ള പ്രാദേശിക സഭകള്‍ പലതും. സീറോ മലബാര്‍ സഭ അതിലൊന്നാണ്. ഇതില്‍നിന്നും വ്യത്യസ്തമായി പുനരൈക്യപ്പെട്ടു വന്നവരെയും ഒരു പ്രത്യേക ജനതയായി കണക്കാക്കി പരിഗണിക്കുവാന്‍ ആഗോളസഭ തയ്യാറായി. സീറോമലങ്കര ഹയരാര്‍ക്കിയുടെ ചരിത്രം അതാണ്. ഒരു ജനതയില്ലാതെ വിശ്വാസം നിലനിര്‍ത്താനാവില്ല; സഭക്ക് നിലനില്ക്കാനാവില്ല. വ്യക്തികളില്‍ രൂപം കൊണ്ട വിശ്വാസം ദൃഢപ്പെടുന്നത്് ഒരു കൂട്ടായ്മയിലാണ്. കൂട്ടായ്മയുടെ ഐക്യം മൂലം ദൃഢപ്പെടുന്ന വിശ്വാസവും ഉണ്ട്. കൂട്ടായ്മകള്‍ ചേരുന്ന പ്രദേശികസഭകള്‍, ഇവയെല്ലാം ചേരുന്ന ആഗോളസഭ. ജനസമൂഹങ്ങളാകട്ടെ വംശീയതയുടെയും സംസ്‌കാരത്തിന്റെയും തനിമയുടെയും ഇടവകയുടെയും ആരാധനക്രമത്തിന്റെയും ഒക്കെ വികാരങ്ങളാല്‍ നിലനില്ക്കുകയും ചെയ്യുന്നു. ഇതെല്ലാം അംഗീകരിച്ചുകൊണ്ടാണ് 1599ല്‍ നടന്ന ഉദയംപേരൂര്‍ സൂനഹദോസിനെ വരെ തള്ളി പറഞ്ഞുകൊണ്ട്, ഉറവിടങ്ങളിലേക്ക് തിരികെ പോകാനും, ഉറവിടം ഏതെന്ന് അവരവര്‍ തന്നെ കണ്ടുപിടിക്കണമെന്നും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തത്. സുറിയാനിക്കാര്‍ അമൂല്യമായി സൂക്ഷിച്ചത് പലതും നഷ്ടപെട്ടത് ഉദയംപേരൂര്‍ സൂനഹദോസില്‍ വെച്ചായിരുന്നല്ലോ! അവിടെ അഗ്നിക്കിരയാക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ പലതും അമൂല്യങ്ങളായവയായിരുന്നു. കളകളെ നശിപ്പിക്കുവാന്‍ വയലിനു തീവെച്ചതുപോലെയാണ് പ്രസ്തുത സൂനഹദോസ് സമാപിച്ചതെന്നു പറയുന്നതാവും ശരി. സുറിയാനി സമൂഹത്തെ ഒന്നിപ്പിച്ചു നിര്‍ത്തിയിരുന്ന ആചാരാനുഷ്ഠാനങ്ങള്‍ നിരോധിച്ചത് ഉദയംപേരൂര്‍ സൂനഹദോസായിരുന്നു. അതിനെതിരെ സംഘംചേര്‍ന്ന് പ്രതിഷേധിച്ച തെക്കുംഭാഗസമുദായനേതാക്കള്‍ക്ക് അവയൊക്കെ നിഷേധിച്ചവര്‍തന്നെ തുടരാന്‍ അനുവാദം കൊടുക്കുകയായിരുന്നു എന്നത് ചരിത്രത്തിന്റെ ഭാഗം. പ്രതിഷേധിക്കാതിരുന്ന സുറിയാനിക്കാരിലെ വലിയ വിഭാഗമായ വടക്കുംഭാഗക്കാര്‍ക്ക് സുറിയാനി ആചാരാനുഷ്ഠാനങ്ങളും മറ്റും എന്നന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്തു.
ഈ പശ്ചാത്തലത്തില്‍ സഭാചരിത്രകാരനായ സേവ്യര്‍ കൂടപ്പുഴ അച്ചന്റെ വാക്കുകള്‍ പ്രസക്തമാണ്. ''വത്തിക്കാന്‍ കൗണ്‍സില്‍ നവീകരണത്തിനും പുനഃരൈക്യത്തിനുമായി സമ്മേളിച്ചു. സഭയുടെ നവീകരണത്തിന്റെ പാതയില്‍ വെളിച്ചം വീശാന്‍ വളരെയധികം സഹായിച്ച ദൈവശാസ്ത്രവീക്ഷണമാണ്, ഇീാാൗിശീി ീള രവൗൃരവ (സഭകളുടെ കൂട്ടായ്മ) എന്ന പ്രബോധനം. കത്തോലിക്കാസഭ ഏകസഭയാണെന്നും അവിടെ ഭരണരീതിയും ആദ്ധ്യാത്മികതയും ദൈവശാസ്ത്രവീക്ഷണവും ശിക്ഷണക്രമവുമെല്ലാം ഐക്യരൂപ്യമുള്ളതാണെന്നും തെറ്റിദ്ധരിച്ചിരുന്നൊരു കാലഘട്ടമുണ്ടായിരുന്നു. വൈവിധ്യം അനൈക്യത്തിനു വഴിതെളിക്കുമെന്നൊരു ധാരണയും നിലവിലിരുന്നു. എന്നാല്‍, ഈ കാഴ്ചപ്പാടിനെ പാടെ തിരുത്തികൊണ്ട് വൈവിധ്യത്തില്‍ വരുത്തിയ ഗാഢമായ ഐക്യമാണ് സഭയുടേതെന്ന് കഴിഞ്ഞ വത്തിക്കാന്‍ കൗണ്‍സില്‍ ഔദ്യോഗികമായി പഠിപ്പിച്ചു. ഈ വീക്ഷണത്തില്‍ കത്തോലിക്കാസഭ സഭകളുടെ കൂട്ടായ്മയാണ്.'' ബഹു: കൂടപ്പുഴ അച്ചന്റെ ഈ പരാമര്‍ശനത്തിന്റെ വിശദാംശത്തിലേക്ക് വന്നാല്‍ കത്തോലിക്കാസഭ സഭകളുടെ കൂട്ടായ്മയും ഓരോ സഭകളും വിവിധ സംസ്‌ക്കാരങ്ങളും പാരമ്പര്യങ്ങളും വെച്ചു പുലര്‍ത്തുന്നവരുടെ കൂട്ടായ്മയാണെന്നും വ്യക്തമാകുകയാണ്. ഓരോ പ്രാദേശിക സഭയും തനതായ പാരമ്പര്യം വച്ചുപുലര്‍ത്താന്‍ റോം ആഗ്രഹിക്കുകയും ചെയ്യുന്നു.
ക്‌നാനായക്കാര്‍ വിദേശങ്ങളില്‍ നേരിടുന്ന പ്രതിസന്ധി
ഗള്‍ഫ് മേഖലയില്‍ നാലുലക്ഷത്തിമുപ്പതിനായിരം സീറോമലബാര്‍ ക്രൈസ്തവരുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്. 2010 ഒക്‌ടോബറില്‍ മദ്ധ്യപൂര്‍വ്വദേശത്തു നിന്നുള്ള മെത്രാന്മാരുടെ ഒരു സിനഡ് മാര്‍പാപ്പ റോമില്‍ വിളിച്ചു കൂട്ടിയിരുന്നു. സീറോമലബാര്‍ സഭയില്‍ നിന്നും പ്രത്യേക ക്ഷണിതാവായി കൂരിയാ ബിഷപ്പ് മാര്‍ ബോസ്‌ക്കോ പുത്തൂര്‍ അതില്‍ സംബന്ധിച്ച് സീറോമലബാര്‍ സഭ ഗള്‍ഫില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. അവിടങ്ങളില്‍ നമുക്കു പള്ളികളും വൈദികരും ഇല്ലാത്തതിനാല്‍ പെന്തക്കോസ്തു പോലുള്ള വിഘടിതഗ്രൂപ്പുകളിലേക്ക് നമ്മുടെ വിശ്വാസികള്‍ പോകുന്നു എന്നാണ് മാര്‍ പുത്തൂര്‍ മുഖ്യമായും വിവരിച്ചത്. ഒരു വ്യക്തി സ്വയം സ്വീകരിച്ചതോ പരമ്പരാഗതമായി ലഭിച്ചതോ ആയ വിശ്വാസം നിലനിര്‍ത്തണമെങ്കില്‍ ഒരു കൂട്ടായ്മ അനിവാര്യമാണെന്നു വരുന്നു. ആ കൂട്ടായ്മ സ്വന്തം ഭാഷയും ആരാധനക്രമവും പാരമ്പര്യങ്ങളും പാലിക്കുന്ന സഹോദരരും സ്വന്തം സംസ്‌ക്കാരം കാത്തുസൂക്ഷിക്കുന്ന നേതൃത്വങ്ങളും ചേര്‍ന്നതാകുമ്പോള്‍ അതിനു ഊര്‍ജ്ജസ്വലതയും ജീവനും പ്രധാനം ചെയ്യുന്നു. വിശ്വാസം നിലനില്ക്കാനും പരിപോഷിപ്പിക്കാനും തനിമയിലും സംസ്‌ക്കാരത്തിലും ഒന്നിച്ചുചേരുന്ന പരസ്പരം അറിയുന്ന ഒരു ജനസമൂഹം ഉണ്ടായിരിക്കണം എന്നു തന്നെയാണ് ഇതു തെളിയിക്കുന്നത്.
ഗള്‍ഫിലെ സീറോമലബാറുകാരുടെ അജപാലനശുശ്രൂഷ സീറോമലബാര്‍ നേതൃത്വത്തെ തന്നെഏല്പ്പിക്കണമെന്നും ബിഷപ്പ് മാര്‍ പുത്തൂര്‍ സിനഡില്‍ ആവശ്യപ്പെട്ടിരുന്നു. ഗള്‍ഫ് മേഖലയിലെ ലത്തീന്‍ മെത്രാന്മാര്‍ക്ക് വ്യക്തിഗതസഭകളുടെ പാരമ്പര്യത്തിനനുസൃതമായ അജപാലനശുശ്രൂഷ നല്‍കുവാന്‍ പ്രാപ്തിയില്ലന്നും കൂരിയാ ബിഷപ്പ് സിനഡില്‍ വെളിപ്പെടുത്തിയിരുന്നു. ഞായറാഴ്ച്ചകളില്‍ നിര്‍ബന്ധമായും സീറോമലബാറുകാര്‍ സ്വന്തം ഇടവകയില്‍ തന്നെ കുര്‍ബാനയില്‍ പങ്കെടുക്കണമെന്ന് മെത്രാന്മാര്‍ മുന്‍പ് കര്‍ശന നിലപാടെടുത്തിരിക്കുന്നത് ഈ അടിസ്ഥാനത്തിലാണല്ലോ.
കത്തോലിക്കാസഭയില്‍ ഇരുപത്തിമൂന്നു ആരാധനക്രമങ്ങള്‍ (റീത്തുകള്‍) ഉണ്ട്. അതിന്റെ ഇരട്ടിയോളം വ്യക്തിഗത സഭകളും ഉണ്ട്. അതായത് ഒരേ ആരാധനാക്രമം ഉള്ള ഒന്നിലധികം സഭകള്‍ ഉണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യത്തില്‍ നിലനില്ക്കുന്ന ഈ സ്വയാധികാരസഭകളെല്ലാം തന്നെ വിവിധ സമുദായങ്ങള്‍ക്കോ വംശങ്ങള്‍ക്കോ ഭാഷക്കാര്‍ക്കോ വേണ്ടി നിലനില്ക്കുന്നവയാണ്. സ്വയാധികാരസഭയായ സീറോമലബാര്‍ സഭയുടെ അംഗങ്ങള്‍ ഉള്ളിടങ്ങളിലെല്ലാം അവരുടെ തന്നെ ആരാധനക്രമം പിന്തുടരണമെന്നും അവരുടെ വൈദികരുടെ സേവനം ആവശ്യപ്പെടുന്നതിനും കാരണം കത്തോലിക്കാവിശ്വാസം നിലനിര്‍ത്തുന്നതിനുവേണ്ടി മാത്രമല്ല അവരുടെ ആരാധനാക്രമവും വംശീയതയും ദേശീയതയും സംസ്‌ക്കാരവും നിലനിര്‍ത്തുന്നതിനുവേണ്ടി കൂടിയാണ്. ഞായറാഴ്ച കുര്‍ബാനക്ക് സ്വന്തം ഇടവകയില്‍ തന്നെ പോകണമെന്നു നിര്‍ബന്ധിക്കാന്‍ കാരണവും മറ്റൊന്നല്ല. വിശ്വാസം തനിയെ ഒരാളില്‍ നിലനില്ക്കുകയില്ല എന്നതുകൊണ്ടു തന്നെയാണ് മെത്രാന്മാര്‍ അങ്ങനെ നിര്‍ദ്ദേശിക്കാന്‍ കാരണം.
കോട്ടയം അതിരൂപതയിലെ ദൈവജനം സീറോമലബാര്‍ ഹയരാര്ക്കിയോടാവശ്യപ്പെടുന്നതു ം ഇതു തന്നെയാണ്, ഞങ്ങളുടെ ക്‌നാനായ പാരമ്പര്യത്തിനനുസൃതമായ ശുശ്രൂഷ നല്‍കുവാന്‍ സീറോമലബാര്‍ സഭയിലെ മറ്റ് വൈദികര്‍ക്കു സാധിക്കില്ല, സമുദായ വൈദികര്‍ക്കു മാത്രമേ കഴിയൂ എന്നാണ്. ക്‌നാനായക്കാര്‍ അമൂല്യമായി കരുതി സൂക്ഷിക്കുന്നതെല്ലാം നിലനിര്‍ത്തുവാന്‍ കേരളത്തിനുപുറത്തും വിദേശങ്ങളിലും ഇടവകയും മറ്റു സംവിധാനങ്ങളും വേണമെന്നാണ് ആവശ്യപ്പെടുന്നത്. പരസ്പരം അറിയുന്ന, തനിമയിലും, പാരമ്പര്യങ്ങളാലും ബന്ധിതമായ ഒരു സമൂഹത്തിലാണ് വിശ്വാസം ദൃഢമായി നിലനില്ക്കുന്നത്. കൂട്ടായ്മകള്‍ നഷ്ടപ്പെട്ട സമൂഹത്തിലെ വ്യക്തികള്‍ മറ്റു വിശ്വാസകൂട്ടങ്ങളില്‍ ചെന്നുചേരുവാന്‍ കാരണമാകുന്നു; അങ്ങനെയാണ് പെന്തക്കോസ്തു സമൂഹങ്ങള്‍ രൂപപ്പെടുന്നതും. സാമ്പത്തികമായി ഉന്നതി നേടുമ്പോള്‍ സംസ്‌ക്കാരങ്ങള്‍ക്കും ജാതിമതങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും വിലകല്പിക്കാതെ പണത്തിന്റെ തുല്യതയും അതിന്റെ കൂടുതല്‍ സാദ്ധ്യതയും കണക്കാക്കി ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുകയും കുറേകഴിഞ്ഞ് ഉപേക്ഷിക്കുകയും ചെയ്യുന്ന പ്രവണത പരിഷ്‌കൃത യൂറോപ്യന്‍ രാജ്യങ്ങളില്‍ കണ്ടു വരുന്നുണ്ട്. ഇത്തരക്കര്‍ ക്രൈസ്തവ സിശ്വാസവും ഈ വിധമുള്ള കാഴ്ച്ചപാടിനു വിധേയമാക്കിക്കൊണ്ടിരിക്കുന്നതാ യും നമ്മള്‍ കാണുന്നു സഭയുടെ നിയമങ്ങളും വിശ്വാസ സംഹിതകളും അവര്‍ക്കു പ്രശ്‌നമല്ല. സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഓരോ ദിവസവും തോന്നുന്ന ഇഷ്ടങ്ങള്‍ അവര്‍ നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമെന്തായി എന്നു ചോദിച്ചാല്‍ ക്രൈസ്തവ വിശ്വാസികള്‍ പള്ളികള്‍ ഉപേക്ഷിക്കുകയും പിന്നെ വിശ്വാസം തന്നെ ഉപേക്ഷിക്കുകയും ചെയ്യുന്നു. അനാഥമാകുന്ന പള്ളി മറ്റുകാര്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട പള്ളികളാണ് നമ്മുടെ ആളുകള്‍ അമേരിക്കയിലും മറ്റും വാങ്ങുന്നത്.
കേരളത്തില്‍ നിന്നും കുടിയേറിയ ക്‌നാനായ ക്രൈസ്തവരും മറ്റ് സിറിയന്‍, ലത്തീന്‍, മലങ്കര കത്തോലിക്കരും കത്തോലിക്കാ വിശ്വാസത്തിനു പുറമെ ഏതെങ്കിലുമൊരു വംശീയ കൂട്ടായ്മയിലും അംഗമായിരിക്കും. ഏതു രാജ്യത്തു ചെന്നാലും അവരെ ആദ്യം ഒന്നിച്ചു ചേര്‍ക്കുന്നത് ഈ വംശീയ കൂട്ടായ്മയാണ്. ക്‌നാനായക്കാരും സുറിയാനിക്കാരും ലത്തീന്‍ക്കാരും മലങ്കരക്കാരും വംശീയതയും ആരാധനാക്രമവും എന്ന വികാരത്താല്‍ ഒരുമിച്ചു ചേര്‍ന്നാണ് വിശ്വാസം പ്രഘോഷിക്കുന്നതും ആരാധന നടത്തുന്നതും. സുറിയാനിക്കാരെ അവരുടെ വൈദീകരാല്‍ നയിക്കപ്പെടണമെന്ന് പുത്തൂര്‍ പിതാവ് റോമില്‍ ആവശ്യപെടുവാനും അതാണ് കാരണം.യൂറോപ്യന്മാരില്‍ നിന്നും ക്രൈസ്തവ വിശ്വസം ഒഴിഞ്ഞു പോകുവാനുണ്ടായ കാരണം സമുദായികമായ ഒരു കൂട്ടായ്മ ഇല്ലാതെ പോയി എന്നു തന്നെയാണെന്നു കണ്ടെത്തുവാന്‍ പ്രയാസമില്ല.
ഇവിടെ ആദ്യം സൂചിപ്പിച്ച ഇസ്രായേല്‍ ജനതയെ ദൈവം തെരഞ്ഞെടുത്തത് അവര്‍ വിശ്വാസത്തിലും സംസ്‌ക്കാരത്തിലും വംശീയതയിലും നിലനില്ക്കുന്ന ഒരു സമൂഹം ആകേണ്ടതിനായിരുന്നു. കത്തോലിക്കാമിഷണറിമാര്‍ കടന്നു ചെന്നിടങ്ങളിലെല്ലാം അതാതു സമൂഹങ്ങളുടെ സംസ്‌ക്കാരങ്ങളിലൂടെയാണ് വിശ്വാസം സന്നിവേശിപ്പിച്ചിരുന്നത്. 1605-ല്‍ ഇന്‍ഡ്യയില്‍ സേവനം ആരംഭിച്ച ഇറ്റാലിയന്‍ ഈശോ സഭാവൈദികനായ റോബര്‍ട്ട് ഡിനോബിലി ക്രൈസ്തവവിശ്വാസത്തിനു ഭാരതീയ മുഖം നല്‍കിയാണ് ചരിത്ര പുരുഷനായത്. സവര്‍ണ്ണര്‍ക്കും അവര്‍ണ്ണര്‍ക്കും ഇടയില്‍ പ്രവര്‍ത്തിക്കാന്‍ രണ്ടുവിഭാഗം മിഷനറിമാരെ അദ്ദേഹം സജ്ജരാക്കി.
യഹൂദനായ വിശുദ്ധ മത്തായി സുവിശേഷം എഴുതിയത് യഹൂദക്രൈസ്തവരെ മുന്നില്‍ കണ്ടുകൊണ്ടാണ്. വിജാതീയ ക്രൈസ്തവനായ വിശുദ്ധ ലൂക്കാ വിജാതീയ ക്രൈസ്തവരെ മുന്നില്‍ കണ്ടുകൊണ്ടും സുവിശേഷം എഴുതിയെന്നാണ് നമ്മള്‍ പഠിക്കുന്നത്. അവര്‍ ആ നയം സ്വീകരിച്ചില്ലായിരുന്നെങ്കില്‍ പ്രസ്തുത സമൂഹങ്ങളെ ക്രൈസ്തവരാക്കുവാന്‍ കഴിയുമായിരുന്നില്ല.
പുരാതന ഈജിപ്തില്‍ ജീവിച്ചിരുന്ന പേഗന്‍മതക്കാര്‍ കൂട്ടത്തോടെ ക്രൈസ്തവരായി, എങ്കിലും അവര്‍ ആരാധിച്ചിരുന്ന സൂര്യദേവന്റെ ജന്മദിനം അവര്‍ക്ക് വികാരപരമായ ഒരോര്‍മ്മയായിരുന്നു. അക്കാലത്ത് യേശുവിന്റെ ജന്മദിനത്തിന് ക്രൈസ്തവര്‍ക്കിടയില്‍ ഒരു ഏകീകരണം ഉണ്ടായിരുന്നില്ല. സൂര്യദേവന്റെ ജന്മദിനമായ ഡിസംബര്‍ 25 ക്രൈസ്തവരായ പേഗന്‍മതക്കാര്‍ക്ക് ഉപേക്ഷിക്കാനാവാത്ത ഓര്‍മ്മയായി നിലനില്ക്കുകയും ചെയ്തു. ഇതു കണക്കാക്കി സൂര്യതേജസ്വിയായ യേശുവിന്റെ ജന്മദിനം ഡിസംബര്‍ 25 ആയി സഭ നിജപ്പെടുത്തി. ഇതുപോലുള്ള പാരമ്പര്യങ്ങളും സാംസ്‌ക്കാരികാനുരൂപണങ്ങളും സഭയുടെ ഭാഗത്തുനിന്നും ഉണ്ടായതുകൊണ്ടാണ് വിവിധങ്ങളായ സംസ്‌ക്കാരങ്ങളില്‍ സഭ വളരാന്‍ ഇടയായത്. 1921ല്‍ മലങ്കര ആരാധനാക്രമം അംഗീകരിച്ചതുവഴി പുനരൈക്യം എളുപ്പമായി. 2009ല്‍ ആംഗ്ലിക്കല്‍ ആരാധനക്രമം അംഗീകരിച്ചതുവഴി 16-ാം നൂറ്റാണ്ടില്‍ വേര്‍പെട്ടുപോയ ഇംഗ്ലണ്ടിലെ സഭയും സത്യസഭയോടു ചേര്‍ന്നുകൊണ്ടിരിക്കുന്നു. ഈ സമൂഹങ്ങളെയൊക്കെ സത്യസഭയോടു ചേര്‍ക്കാന്‍ അവര്‍ക്കു സ്വന്തമായതൊക്കെ അംഗീകരിക്കുകയായിരുന്നു. ഇവിടെ ചിലര്‍ പറഞ്ഞു നടക്കുന്നതുപോലെ ജാതികള്‍ക്കതീതമായി മനുഷ്യരെ ഒന്നാക്കുന്നത് സഭയുടെ പദ്ധതിയല്ല. എല്ലാ ജാതി മത സമൂഹങ്ങളിലും യേശുവിന്റെ സ്‌നേഹം കൊടുക്കുകമാത്രമാണ് സഭയുടെ ലക്ഷ്യം. വ്യക്തിപരമോ തൊഴില്‍പരമോ ആയ കാരണങ്ങളാല്‍ ഒറ്റപ്പെട്ടു കഴിയേണ്ടി വരുമ്പോഴാണ് പരമ്പരാഗതമായ കൂട്ടായ്മ നഷ്ടപ്പെടുന്നതും, മറ്റു പല പ്രാര്‍ത്ഥനാകൂട്ടങ്ങളില്‍ ചെന്നുപെടുന്നതും,
എന്നന്നേക്കുമായി ഒറ്റപ്പെട്ടു നാശമടയുന്നതും. പല കാരണങ്ങളാല്‍ പലയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആടുകളെ അന്വേഷിച്ച് ഇടയന്മാര്‍ പുറപ്പെടുകയും അവര്‍ക്കാവശ്യമായ ആലകള്‍ ഉണ്ടാക്കുവാനുള്ള അനുവാദം കൊടുക്കുകയും വേണം. വിശ്വാസമാണോ സമുദായമാണോ ആദ്യം പ്രസക്തമാകുന്നത് എന്ന ഒരു ചോദ്യം ഉണ്ടെങ്കില്‍ വിശ്വാസവും സമുദായവും ഒരു പക്ഷിയുടെ ഇരു ചിറകുകളാണ്. രണ്ടിനും തുല്യപ്രാധാന്യമാണ് എന്നാണതിനുത്തരം. വിശ്വാസത്തിനു താഴെയായി സമുദായസ്‌നേഹം കാണാനാവില്ല. സമുദായത്തിനുവേണ്ടി സ്ഥാപിതമായ കോട്ടയം അതിരൂപത ഇന്നും പ്രസക്തമാകുന്നതും അതുകൊണ്ടാണ്. സമുദായക്കാരുടെ പരസ്പര സ്‌നേഹത്തിന്റെയും പരസ്‌നേഹത്തിന്റെയും കെട്ടുപാടില്‍ വിശ്വാസം കൂടുതല്‍ ദൃഢപ്പെടുകയും ചെയ്യുന്നു. ചെല്ലുന്ന ഇടങ്ങളില്‍ സീറോമലബാര്‍ സഭയുടെ പതാക വാഹകരാകുവാനും പെട്ടെന്ന് ഒന്നിച്ചു ചേരുവാനും ഇടയാകുന്നതിനു കാരണം തെക്കുംഭാഗന്റെ ഉടല്‍ ഒന്നുതന്നെ ആയതു കൊണ്ടാണ്. ഉടല്‍ ഇക്കരെയും ഉയിര് അക്കരെയുമായി കഴിയാന്‍ ക്‌നാനായക്കാരനാവില്ല.
No comments:
Post a Comment