പിള്ളവാതത്തിനെതിരെ സൗജന്യ കുത്തിവെയ്പ്പ്
22/2/2015
കേരളത്തിലെ ഒരു മെത്രാന്‍ തന്റെ അജഗണത്തിനായി ഇറക്കിയ സര്‍ക്കുലറാണ് ഇതെഴുതാന്‍ പ്രേരണ, സര്‍ക്കുലര്‍ തുടങ്ങുന്നതിങ്ങനെ. ദൈവജനത്തിന്റെ സജീവ പങ്കാളിത്തം നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകുവാന്‍ സഹായിക്കുന്ന സഭാ സംവിധാനങ്ങളാണ് അതിരൂപതാതലത്തില്‍ പാസ്റ്ററല്‍ കൗണ്‍സിലും ഇടവകതലത്തില്‍ പാരിഷ്‌കൗണ്‍സിലും. ദൈവജനമാണ് സഭയെന്ന രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനം പൂര്‍ണമായ അര്‍ത്ഥത്തില്‍ ഈ സമിതികളിലൂടെ നമ്മുടെ അതിരൂപതയില്‍ പ്രകാശിതമാക്കുന്നതില്‍ ദൈവത്തിനു നന്ദിപറയാം.
ഇത്രയും പറഞ്ഞിട്ട് മുന്‍പറഞ്ഞ രണ്ടു സമിതികളിലേക്കും തെരഞ്ഞെടുക്കപ്പെടുന്നവര്‍ എങ്ങനെയുള്ളവരായിരിക്കണമെന്നും തെരഞ്ഞെടുപ്പ് എങ്ങനെയായിരിക്കണമെന്നും കൃത്യമായ നിര്‍ദ്ദേശവും കൊടുത്തിരിക്കുന്നു.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ ചില രംഗത്ത് പ്രവര്ത്തിക്കാത്തവരായിരിക് കണമെന്നും നിര്‍ദ്ദേശിച്ചിരിക്കുന്നു. ആതായത് തെരഞ്ഞെടുക്കപ്പെട്ടു വരുന്നവര്‍ ആരൊക്കെ ആയിരിക്കുമെന്നു തെരഞ്ഞെടുപ്പിനു മാസങ്ങള്‍ക്കു മുന്‍പേ മെത്രാനു നിശ്ചയിക്കാനാകും. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് കൂരിയായുടെ അംഗീകാരത്തിനായി സമര്‍പ്പിക്കണമെന്നും വികാരിമാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തിരിക്കുകയാണ്. ദൈവജനം ആര് എന്നതിനുള്ള വിശദീകരണം രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ രേഖകളില്‍നിന്നും കൊടുത്തതിനു ശേഷം തനിക്ക് അപ്രീയരായ കുറെപേര്‍ ദൈവജനമല്ല എന്നുകൂടി മെത്രാന്‍ തീരുമാനിച്ചിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ടുവരുന്നവരെ കൂരിയായിലുള്ളവര്‍ക്കും കൂടി ഇഷ്ടപെടേണ്ടതുണ്ട്. ചുരുക്കത്തില്‍ തെരഞ്ഞെടുപ്പ് വെറും പ്രഹസനം മാണെന്നു നേരത്തെ പറഞ്ഞുവെച്ചിരിക്കുന്നു.
ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് എന്തിനാണെന്ന് മനസിലാക്കാന്‍ ഒരു പ്രയാസവുമില്ല. മെത്രാനു ദൈവജനത്തെ പേടിതന്നെ കാരണം. ഒരു സംഘത്തില്‍ എതിരഭിപ്രായം പറയില്ലന്ന് ഉറപ്പുള്ളവരെ മാത്രം ചേര്‍ക്കുകയെന്നാല്‍ ആ നേതാവ് ഏകാധിപതിതന്നെയാണെന്ന് തീരുമാനിക്കാവുന്നതാണ്. മാത്രമല്ല ഏകാഭിപ്രായമുള്ളവരുടെ കമ്മറ്റിയില്‍ നിന്നും പുതിയതൊന്നും ഉരുതിരിയുകയില്ലന്നു വളരെ വ്യക്തവുമാണ്, എന്തിനിങ്ങനെ മനുഷ്യരെമെനക്കെടുത്തുന്നു എന്നു മനസിലാകുന്നില്ല.
ഇക്കാലത്ത് ഒരു കല്യാണം വിളിച്ചാല്‍ പോലും പോകാന്‍ ആളുകള്‍ക്കു മടിയാണ് കാരണം ഒരു ദിവസം നഷ്ടപ്പെടും. അവിടെയും ഒരു ഊണ് കിട്ടും പാസ്റ്ററല്‍ കൗണ്‍സിലും ഉച്ച ഊണ്കിട്ടും. കല്യാണത്തിന് ചെന്നാല്‍ ബന്ധുക്കളെയും കൂട്ടുകാരെയും കാണാം സംസാരിക്കാം പാസ്റ്ററല്‍ കൗണ്‍ലില്‍ മിണ്ടാതിരിക്കണം. ഈ അവസരത്തില്‍ ഫ്രാന്‍സീസ് പാപ്പായുടെ ചില വാക്കുകള്‍ ഓര്‍ക്കുന്നത് ഉചിതമായിരിക്കും.
1) സഭാമേലദ്ധ്യക്ഷന്മാര്‍ പലപ്പോഴും ആത്മാനുരാഗികളായിരുന്നിട്ടുണ്ട് കൊട്ടാരവിദൂഷകരുടെ മുഖസ്തുതികളില്‍ കോള്‍മയിര്‍ കൊള്ളുന്ന ആത്മാനുരാഗികള്‍, ഈ കൊട്ടാര വിദൂഷകരാണ് പേപ്പസിയുടെ കുഷ്ഠരോഗം.
2) സഭയോടൊത്ത് ചിന്തിക്കുക എന്നുപറഞ്ഞാല്‍ സഭയുടെ ഹയരാര്‍ക്കിയോടൊത്തു ചിന്തിക്കുകയാണെന്നു നാം ഒരിക്കലും കരുതരുത്.
3) ചിലപ്പോഴൊക്കെ സഭ ചെറിയകാര്യങ്ങളിലും ഇടുങ്ങിയ മനസിന്റെ നിയമങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്.
4) നമ്മുടെ അല്പത്വത്തെ സംരക്ഷിക്കുന്ന കിളികൂടായി ആഗോള സഭയുടെ മടിത്തട്ടിനെ നാം ചുരുക്കരുത്.
5) അജപാലകരെയാണ് ദൈവത്തിനാവശ്യം. അല്ലാതെ സര്‍ക്കാരുദ്യോഗസ്ഥരെ പോലെ പെരുമാറുന്ന പുരോഹിതരെയല്ല.
6) ഇടവകയിലെ പാസ്റ്ററല്‍ (പാരിഷ്) കൗണ്‍സിലിന്റെ പ്രാധാന്യം വളരെവലുതാണ് അല്മായരുടെ വ്യത്യസ്തങ്ങളായ കഴിവുകളും സമര്‍പ്പണവും അംഗീകരിക്കപ്പെടണം. വൈദിക മേധാവിത്തം അല്മായരുടെ വളര്‍ച്ചയെ മുരടിപ്പിക്കും. ക്രിസ്തുവിന്റെ മൗതിക ശരീരമായ സഭ വ്യത്യസ്തതകളുടെ കൂട്ടായ്മയാണ്.
നോക്കു എത്ര കൃത്യതയോടെയാണ് പാപ്പ പാരിഷ്, പാസ്റ്ററല്‍ കൊണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പിനെക്കുറിച്ചും മറ്റും പറഞ്ഞിരിക്കുന്നത് അതൊന്നും ശ്രദ്ധിക്കാതെ പഴയ ബ്രിട്ടീഷുകാരന്റെ കമ്പനിപട്ടാളത്തിന്റെ ശൈലി ഇപ്പോഴും തുടരുന്ന മെത്രാന്മാരെയാണ് നാം കാണുക. ഓരോ ഫോറോനായില്‍ നിന്നും തെരഞ്ഞെടുത്തുവരുന്ന നാലുപേരില്‍ പകുതി സ്ത്രീകളാണ്. പുരുഷന്മാര്‍പോലും മെത്രാനെ പേടിച്ച്മിണ്ടാതിരിക്കുന്നിടത് ത് സ്ത്രീകള്‍ എന്തെങ്കിലും അഭിപ്രായം പറയുമെന്ന് വിചാരിക്കുന്നുണ്ടോ? ഇനി ഒരു പുരുഷന്‍ വല്ലതും പറഞ്ഞാല്‍ അതിനെ പിന്താങ്ങാന്‍ ആരും കാണുകയുമില്ല.
മറ്റുള്ളവര്‍ ചേര്‍ന്ന് അദ്ദേഹത്തെ എതിര്‍ക്കുകയും ചെയ്യും. അജപാലന കമ്മീഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കണമെന്നതാണ് പാരിഷ് കൗണ്‍സില്‍ മെംബര്‍മാരുടെയൊക്കെ ജോലി എന്നൊക്കെയാണ് സര്‍ക്കുലറില്‍ പറയുന്നത്. അതിനു യോഗ്യതയുള്ള സാങ്കേതിക വിഭഗ്ദ്ധരെ നിയമിക്കുന്നതല്ലേ നല്ലത്. പാരിഷ് കൗണ്‍സില്‍ ആംഗങ്ങളെ അജപാലന കമ്മറ്റിയില്‍ അംഗമാക്കുമെങ്കിലും ഇവരെയോഗത്തിലേക്കു വിളിക്കാറേയില്ല.
മെത്രാനെ ഉപദേശിക്കലാണ് പാസ്റ്ററല്‍ കൗണ്‍സിലിന്റെ ജോലി എന്നാണ് വെയ്പ്. ഉപദേശം തള്ളിക്കളഞ്ഞ് തന്നിഷ്ടം നടത്താന്‍ മെത്രാന് ആധികാരമുണ്ട്. അടുത്ത കൗണ്‍സില്‍ കൂടുമ്പോള്‍ കഴിഞ്ഞതവണത്തെ ഉപദേശം വല്ലതും സ്വീകരിച്ചോ എന്നൊന്നും ചോദിക്കാനും പാടില്ല എന്നാണ് നിയമം. മെത്രാന് ഇഷ്ടപ്പെടാത്തതുവല്ലതും പറഞ്ഞാല്‍ അദ്ദേഹവും അനുചരന്മാരും പിണങ്ങും പറഞ്ഞവന്‍ നോട്ടപ്പുള്ളിയാകും. കൗണ്‍സിലില്‍ എതിരഭിപ്രായം എന്നല്ല ഒരഭിപ്രായവും പറയാത്തവരെ മെത്രാന്‍ വിൡച്ചിരുത്തുകയും ചെയ്യുന്നു. മെത്രാനു വിശ്വാസികളെ പേടി വിശ്വാസികള്‍ക്കു മെത്രാനെയും. പരസ്പരം പേടിക്കുന്ന രണ്ടുകൂട്ടര്‍ ഒരുമിച്ചുകൂടുന്ന പാസ്റ്റല്‍ കൗണ്‍സില്‍കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ ചിന്തിക്കുന്നതു നല്ലതാണ്. മെത്രാനെ ഉപദേശിക്കുന്ന, യാതൊരു ഗുണവുമില്ലാത്ത പണിക്ക് കുടുംബം പോറ്റാന്‍ പാടുപെടുന്ന വിശ്വാസികളെ എന്തിന് ക്ഷണിച്ചിരുത്തുന്നു?
പ്രത്യേക നിര്‍ദ്ദേശം ഒന്നും കൊടുക്കാതെ ഇടവകയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടുവരുന്ന, സ്വന്തമായി അഭിപ്രായങ്ങളുള്ളവരെ ഉള്‍പ്പെടുത്തി അവരുടെ അഭിപ്രായങ്ങളും സ്വീകരിച്ച് പോകുമ്പോഴാണ് പുതിയ ആശയങ്ങള്‍ രൂപപ്പെടുന്നതും ഈ സഭ എന്റേതും കൂടി ആണെന്ന തോന്നല്‍ വിശ്വാസികള്‍ക്കുണ്ടാകുന്നതും. വിശ്വാസികള്‍ സഭാകാര്യങ്ങളില്‍ വ്യാപൃതരാകണമെന്ന മെത്രാന്മാരുടെ സ്റ്റേജ് പ്രസംഗങ്ങള്‍ അപ്പോള്‍ യഥാര്‍ത്ഥ്യമാകുന്നതും.
സിനഡില്‍ ഓരോമെത്രാനും മനസില്‍തോന്നിക്കുന്ന കാര്യങ്ങള്‍ ആരെയും ഭയപ്പെടാതെ തുറന്നുപറയണമെന്നാണ് മാര്‍പാപ്പ പറഞ്ഞിരിക്കുന്നത്. ഇക്കാര്യം മെത്രാന്‍ പാസ്റ്ററല്‍കൗണ്‍സില്‍ അംഗങ്ങളോടും തുറന്നു പറയണം.
മാര്‍പാപ്പായുടെ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ മെത്രാന്മാര്‍ എല്ലാ രംഗത്തും പുതിയ കാഴ്ച്ചപാടോടെ വിശ്വാസികളെ കാണുവാനും ഇടപെടുവാനും തയ്യാറാകുകതന്നെവേണം. മെത്രാനെ കോള്‍മയിര്‍കൊള്ളിക്കുന്ന വിദൂഷകരെയും മുഖസ്തുതിക്കാരെയും അകറ്റിനിര്‍ത്തി കാര്യങ്ങള്‍ നേരിട്ടുമനസിലാക്കാന്‍ ശ്രമിക്കണം. നേതൃത്വത്തെ വിമര്‍ശിക്കുന്നവര്‍ ചിന്തിക്കുന്നവരും, കാര്യങ്ങള്‍ നന്നാകണമെന്ന് ആഗ്രഹമുള്ളവരും, മെത്രാനെയും വൈദികരെയും മറ്റും സ്‌നേഹിക്കുന്നവരാണെന്നും അംഗീകരിക്കണം.
പേപ്പസിക്ക് കുഷ്ഠരോഗമുണ്ടെന്ന് മാര്‍പാപ്പാ സ്ഥിരീകരിച്ചുകഴിഞ്ഞു. ഇനി പിള്ളവാതം കൂടി പിടിപെടാതിരിക്കാനുള്ള സൗജന്യ കുത്തിവെയ്പ്പാണ് പാപ്പ നടത്തികൊണ്ടിരുന്നത്. അതിനെതിരെ പിറുപിറുക്കാതെ നല്ലമനസോടെ കേരളത്തിലെ സഭാ നേതൃത്വം അംഗീകരിച്ചു മുന്നോട്ടുപോയാല്‍ നന്നായിരുന്നു.
ഡോമിനിക്ക് സാവിയോ
വാച്ചാച്ചിറയില്‍
9446140026
No comments:
Post a Comment