Wednesday, May 27, 2015

കോട്ടയം അതിരൂപതയിലെ വൈദികരുടെ 
സ്ഥലം മാറ്റം ചര്‍ച്ചയാകുന്നു.

മെയ് 17 നു നടപ്പിലാക്കുന്നതിനായി വൈദികരുടെ സ്ഥലം മാറ്റലിസ്റ്റ് പ്രസിദ്ധീകരിച്ചത് എതാനും ദിവസം മുന്‍പാണ്. മുമ്പന്മാര്‍ പലരും പിമ്പന്മാരും പിമ്പന്മാര്‍ പലരും മുമ്പന്മാരുമായിരിക്കുന്നു. വൈദികരുടെ സ്ഥലം മാറ്റത്തിലും വികാരി ജനറാള്‍ നിയമനത്തിലും മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്ന ആക്ഷേപം വൈദികരിലും വിശ്വാസികളിലും ഒരുപോലെയുണ്ട്.
മെത്രാന്‍ കഴിഞ്ഞാല്‍ പ്രധാനി വികാരി ജനറാള്‍ ആയിരിക്കും എന്നാണെല്ലോ വെയ്പ്പ്. വി.ജിക്ക് പ്രായം ഒരു പ്രധാന ഘടകമായി കരുതി പോന്നിരുന്നു. അതില്‍ പലസംഗതികളും അടങ്ങുന്നുണ്ട്. ഇവിടെ അതും ശ്രദ്ധിച്ചിട്ടില്ല. വളരെയേറെകാര്യങ്ങളില്‍ വ്യാപൃതനായിരുന്ന വ്യക്തി വി:ജിയായി വരുമ്പോള്‍ അതേ വ്യഗ്രത അതിരൂപതാ കേന്ദ്രത്തില്‍ പ്രകടിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്. അതിനു കഴിഞ്ഞില്ലെങ്കില്‍ നിഷ്‌ക്രിയനായെന്നുവരും. ഒരു വികാരിജനറാള്‍ ഇതുരണ്ടും ആയിരിക്കരുതെന്നാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത്.
വികാരിമാര്‍ മൂന്നു വര്‍ഷം ഒരിടവകയില്‍ ശുശ്രൂഷചെയ്യുകയെന്ന പരമ്പരാഗത കീഴ്‌വഴക്കം ഈ വേള തച്ചുതകര്‍ത്ത് പലരെയും പല വഴിക്കാക്കി. പരിണിത പ്രജ്ഞരായ വൈദികരെ അവഗണിച്ച് ന്യൂജനറേഷന് അമിത പരിഗണനയും ഭാരവും കൊടുത്തിരിക്കുന്നു. നല്ലതല്ലാത്ത ഒരു കീഴ്‌വഴക്കമാണ് ഇങ്ങനെ സൃഷ്ടിച്ചിരിക്കുന്നത്. അതിരൂപതയിലെ ഒരിടവകയില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ അഞ്ചാമത്തെ വികാരി അടുത്ത 17-ാം തീയതി ചാര്‍ജെടുക്കുകയാണ് അദ്ദേഹം ആണ്ടില്‍ രണ്ടുമാസം അമേരിക്കയില്‍ താമസിച്ച് ഗ്രീന്‍കാര്‍ഡ് പുതുക്കേണ്ട ആളാണെന്നും അറിയുന്നു.
ഈ വര്‍ഷത്തെ വൈദിക നിയമന പ്രക്രിയ വൈദികരെ വട്ടുതട്ടുന്ന പ്രതീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അനുസരണത്തിന്റെ പേരിലും ഭാവി ഇരുളടയാതിരിക്കുന്നതിനും വൈദികര്‍ പരസ്യമായി പ്രതീകരിക്കുന്നില്ലന്നുമാത്രം. 
നൂറ്റാണ്ടുകള്‍ക്കപ്പുറത്തുള്ള അനുസരണത്തിന്റെ ചെങ്കോലാണ് മെത്രാന്‍ന്മാര്‍ നീട്ടിക്കാണിക്കുന്നത്. തോട്ടത്തില്‍ ചെടിനട്ടുകൊണ്ടിരുന്ന ഫാ: ഫ്രാന്‍സീസ് അസീസിയുടെ അരികില്‍ സെമിനാരിയില്‍ ചേരുന്നതിനായി രണ്ടുപയ്യന്മാര്‍ചെന്നു. രണ്ടുചെടി തലതിരിച്ച് അവരുടെ കൈയ്യില്‍ നടുന്നതിനായി കൊടുത്തു അതില്‍ ഒരുവന്‍ തന്നതുപോലെ തലകീഴായിനട്ടു. മറ്റവന്‍ തല മുകളിലായും നട്ടു. തന്നതുപോലെ തല കീഴായി നട്ടവനെ സെമിനാരിയിലെടുത്തു. മറ്റവന്‍ അനുസരണം പാലിച്ചില്ലത്രെ. ഐ.എസ്. ഐ.എസ്. ഭീകരരുടെ മുമ്പില്‍ ഒന്നു ഞരങ്ങുകപോലും ചെയ്യാതെ കഴുത്തുനീട്ടി  നില്ക്കുന്നവരുടെ സ്ഥിതിയില്‍ നമ്മുടെ വൈദികര്‍ ആയിപ്പോയതു കഷ്ടംതന്നെ.
വൈദികര്‍ക്കും ഇടവക ജനത്തിനും ഏറെ ബുദ്ധിമുട്ടാണ്ടാക്കിയ സ്ഥലം മാറ്റ നിയമനം അത്യന്തം  പ്രതിഷേധാര്‍ഹമായിരിക്കുന്നു. അനാരോഗ്യകരമായ ചര്‍ച്ചക്ക് വഴിവെച്ചിരിക്കുകയാണ്.
മലങ്കരഫോറോനായിലേക്കുള്ള വികാരി ജനറാളിന്റെ നിയമനം അതിലും വലിയ പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്. നിലവിലെ വി:ജിപോലും അറിയാതെയാണ് പുതിയനിയമനം നടത്തിയിരിക്കുന്നതെന്നറിയുന്നു.. തരപ്പടിക്കാരായ ചെറുപ്പക്കാരുടെ ഇടയില്‍ വ്യാപരിച്ച് പാട്ടും കളികളുമായി നടന്നിരുന്ന ആള്‍ വി:ജിയായി എത്രനാള്‍ ഇരിക്കും എന്നു ആശങ്കയുള്ളവരുമുണ്ട്.
സുവിശേഷ വയലില്‍ കലപ്പപിടിക്കാന്‍ വന്നവരെ അതിരൂപതയുടെ ചില ബിസിനസുകള്‍ക്ക് വേണ്ടി നിയോഗിച്ചിരിക്കുന്നു എന്ന് ഈ വൈദികനിയമനലിസ്റ്റ് സസൂഷ്മ നിരീക്ഷണം ചെയ്യുന്നതില്‍ നിന്നും വ്യക്തമാകും.
വിശ്വാസികളുടെ  ഇടയില്‍ നിന്നും നാഥാന്മാരും സ്‌നാപക യോഹന്നാന്മാരും  എന്ന് ജന്മമെടുക്കുമോ ആവോ?

                                                 പ്രസിഡന്റ്,

ക്‌നാനായ ഫെലോഷിപ്പ്
9446140026
രണ്ടു വര്‍ഷത്തിനുള്ളില്‍ മാറിവന്ന വികാരിമാര്‍



No comments:

Post a Comment