Wednesday, May 27, 2015

മര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ എങ്ങനെ സുറിയാനിക്കാരായി

ഇക്കഴിഞ്ഞ ജൂണ്‍ 29 ന് പള്ളികളില്‍ വായിക്കുന്നതിനായി സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഒരു ഇടയലേഖനം പുറപ്പെടുവിച്ചിരുന്നു. ഭാരതത്തിന്റെ അപ്പസ്‌തോലനായ തോമാശ്ലീഹായുടെ ഓര്‍മ്മപ്പെരുനാള്‍ ആഘോഷിക്കുന്ന ജൂലൈ 3 ദുക്‌റാനാ ദിനം പ്രമാണിച്ചുകൊണ്ടുള്ള ഇടയലേഖനമായിരുന്നു അത്.

തോമാ ശ്ലീഹായില്‍ നിന്നും വിശ്വാസം സ്വീകരിച്ചെന്നു വിശ്വസിക്കുന്ന കേരളസഭയെ മര്‍ത്തോമ്മാ ക്രിസ്ത്യനികളുടെ സഭ എന്നാണ് മാര്‍ ആലഞ്ചേരി അഭിസംബോധന ചെയ്തിരിക്കുന്നത്. എന്നാല്‍ മര്‍ത്തോമ്മാ കത്തോലിക്കാസഭ എന്നതിനുപകരം സീറോമലബാര്‍ സഭ എന്നാണ് മര്‍ത്തോമ്മാ സഭ അറിയപ്പെട്ടുവരുന്നത്; ഇതെങ്ങനെ വന്നു എന്ന് അദ്ദേഹം പറയുന്നില്ല. ഇത്രയും പറഞ്ഞപ്പോള്‍ അതുകൂടി വിസ്തരിക്കേണ്ടതായിരുന്നു. അതുണ്ടായില്ല.

വിശ്വാസ പാര്യമ്പര്യങ്ങളുടെ വൈവിധ്യം ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പ്രത്യേകതയാണെന്ന് മാര്‍ ആലഞ്ചേരിപറയുന്നുണ്ട്. ഭാരതത്തിന്റെ മത,ഭാഷ, ജാതി,സംസ്‌ക്കാര വൈവിധ്യങ്ങളുടെ നടുവില്‍ നിന്നുവേണം നാമിന്നു ക്രസ്തുവിനെ പ്രഘോഷിക്കുവാനും അവിടുത്തേക്ക് സാക്ഷ്യം വഹിക്കുവാനും എന്ന് ഇടയലേഖനത്തിന്റെ രണ്ടാം പേജില്‍ പറഞ്ഞിരിക്കുന്നു. പിതാവിന്റെ ഈ പ്രസ്താവനയ്ക്ക് കടകവിരുദ്ധമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍. സീറോമലബാര്‍ ഹയരാര്‍ക്കിയോട് ചേര്‍ന്നുനില്‍ക്കുന്ന കോട്ടയം അതിരൂപതയില്‍പെട്ട തെക്കുംഭാഗ സമുദായത്തിന്റെ ജാതിയതയേയും സംസ്‌ക്കാരത്തെയും അവര്‍ പാലിച്ചുപോരുന്ന സ്വവംശവിവാഹ നിഷ്ഠയേയും ഉള്‍ക്കോള്ളാന്‍ അദ്ദേഹത്തിനിപ്പോള്‍ ആകുന്നില്ല. 1911 ല്‍ വികാരിയാത്തും 1923ല്‍ രൂപതയും 2005 ല്‍ അതിരൂപതയുമായി പരിശുദ്ധ സിംഹാസനത്താല്‍ ഉയര്‍ത്തപ്പെട്ടതും, അറുപതോളം രാജ്യങ്ങളിലായി സീറോമലബാര്‍ സഭയുടെ വക്താക്കളായി കഴിയുന്ന ഒന്നേമുക്കാല്‍ലക്ഷം വിശ്വാസി സമൂഹത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം സീറോമലബാര്‍ ഹയരാര്‍ക്കിയുടെ പരസ്‌നേഹത്തിന്റെ നീര്‍ച്ചാലുകള്‍ വറ്റിപ്പോയിരിക്കുന്നു. ഉത്തരേന്ത്യയിലെ ആദിവാസി ഗോത്രങ്ങളുടെ ജാതിയും സംസ്‌ക്കാരവും ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനു പൊന്നു മനസാണ്. ക്‌നാനായ വംശീയതയെ ഉള്‍കൊണ്ടാല്‍ ഭൂരിപക്ഷമായ വടക്കുംഭാഗ വിഭാഗം രണ്ടാംതരക്കാരാകുമോ എന്ന ഭയം മാര്‍ ആലഞ്ചേരിയെ അലട്ടുന്നുണ്ടാകാം.

ക്‌നാനായക്കാര്‍ എന്ന് ഇന്നറിയപ്പെടുന്ന തെക്കുംഭാഗ സമുദായത്തിന്റെ തനതായ നിലനില്‍പ്പിനാധാരമായ സ്വവംശവിവാഹം റോം അംഗീകരിക്കുന്നില്ലന്നാണ് സീറോമലബാര്‍ ഹയരാര്‍ക്കി പറയുന്നത്. ഈ സമുദായത്തിന്റെ തനതായിട്ടുള്ളതെല്ലാം അംഗീകരിച്ചുകൊണ്ട്. രൂപത അതിരൂപത ആക്കിയതിനുശേഷം ഇവിടെ എന്താണുണ്ടായത്. റോമിനു താല്പര്യമില്ല എന്നു വെറുതെ പറഞ്ഞൊഴിയാനാവില്ല. 2005നുശേഷം സീറോമലബാര്‍ ഹയരാര്‍ക്കിയില്‍ നിന്നും കോട്ടയം അതിരൂപതയ്‌ക്കെതിരെ സംഘടിതമായ നീക്കമുണ്ടായെന്ന് സ്വാഭാവികമായും അനുമാനിക്കാം.

തോമാശ്ലീഹ സുറിയാനിക്കാരാനാണോ?

വ്യക്തമായ രേഖകള്‍ ഇല്ലങ്കില്‍കൂടി കേരളത്തിലെ ക്രിസ്ത്യാനികളുടെ പാരമ്പര്യം മര്‍ത്തോമ്മാ ശ്ലീഹായില്‍ നിന്നുമാണെന്ന് അഭിമാനിക്കുന്നു നല്ലതുതന്നെ. തോമാശ്ലീഹാ വേദം പ്രചരിപ്പിച്ചു എന്നു വിശ്വസിക്കുന്ന, ശ്ലീഹായുടെ പാരമ്പര്യം അവകാശപ്പെടുന്ന തമിഴ്‌നാട്, കാശ്മീര്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ മര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ ലത്തീന്‍ ആരാധന ക്രമമാണ് പിന്തുടരുന്നത്. എങ്ങനെ കേരളത്തില്‍ മാത്രം തോമാശ്ലീഹാ സുറിയാനിക്കാരനായി? സുറിയാനി ഭാഷയും ആരാധനക്രമവും എവിടെനിന്നും മര്‍ത്തോമ്മാ ക്രിസ്ത്യനികള്‍ സ്വീകരിച്ചുഎന്ന് സീറോമലബാര്‍ ചരിത്രകാരന്മാര്‍ വ്യക്തമാക്കുന്നില്ല. സീറോമലബാര്‍ സഭയുടെ സത്യസന്ധമായ ഒരു ചരിത്രം രചിക്കുന്നതില്‍ നിന്നും ചരിത്രകാരന്മാര്‍ വിട്ടുനില്‍ക്കുന്നതിനു കാരണം ക്‌നാനായ സമുദായത്തെ പരാമര്‍ശിക്കേണ്ടിവരും എന്നതു കൊണ്ടു മാത്രമാണ്.

AD 345 ല്‍ ക്‌നായിതൊമ്മന്റെ നേതൃത്വത്തില്‍ മലങ്കരയില്‍ വന്നിറങ്ങിയ യൗസേപ്പുമെത്രാനും  വൈദികരും ശെമ്മാശന്മാരും നാന്നൂറോളം വിശ്വാസികളും അടങ്ങിയ സുറിയാനി സമൂഹമാണ് സുറിയാനി ആരാധനക്രമവും സുറിയാനിഭാഷയും ഇവിടെ കൊണ്ടുവന്നത്.

ഈ ഒരു യാഥാര്‍ത്ഥ്യം ചരിത്രത്തിന്റെ പിന്‍ബലത്തോടെ നിലനില്‍ക്കുമ്പോള്‍ അതിനെ അംഗീകരിക്കാതെ, തോമ്മാശ്ലീഹാ കേരളത്തില്‍ വന്നതിനു യാതൊരുതെളിവും ഇല്ലാതിരിക്കെ അതിനെ കണ്ണടച്ച് അംഗീകരിക്കുകയും ചെയ്യുന്ന വിരോധാഭാസമാണ് ഇവിടെ നിലവിലുള്ളത്.

പിതാവിന്റെ ഇടയലേഖനത്തില്‍ സീറോമലബാര്‍ സഭയെന്ന് ഉദ്ധരിക്കാതെയിരുന്നതിന്റെ കാരണം, ക്‌നാനായ പ്രേഷിത കുടിയേറ്റ സമൂഹത്തെ പരാമര്‍ശിക്കേണ്ടി വരുമെന്നതുകൊണ്ടാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. തെക്കുംഭാഗ സമുദായത്തിന്റെ കുടിയേറ്റചരിത്രത്തെ തമസ്‌ക്കരിച്ചാല്‍,മര്‍ത്തോമ്മാസഭ സുറിയാനി സഭ ആയതെങ്ങനെയെന്ന് നിങ്ങള്‍ക്ക് വിശദീകരിക്കാനാകാതെവരും എന്നോര്‍ക്കണം. സീറോമലബാര്‍ സഭ വെറും മലബാര്‍ സഭയായി ചുരുങ്ങി പോകും എന്ന വിചാരം ഉണ്ടായാല്‍ നന്ന്.

മര്‍ത്തോമ്മാ ശ്ലീഹാക്ക് ശേഷംനിലവില്‍വന്ന മര്‍ത്തോമ്മാ മാര്‍ഗമെന്ന ഭരണരീതിയാണ് സീറോമലബാര്‍ സഭ ഒഴികെയുള്ള കേരളത്തിലെ മര്‍ത്തോമ്മാ പാരമ്പര്യമുള്ള ഇരതസഭകള്‍ ഇന്നും പിന്തുടരുന്നത്.

മെത്രാന്‍ ആത്മീയ കാര്യങ്ങളുടെ മേലന്വേഷകനും ഇടവകയോഗക്കാര്‍ ഒന്നടങ്കം തെരഞ്ഞെടുക്കുന്ന ജാതിക്കു തലവന്‍ അര്‍ക്കദിയാര്‍ക്കോന്‍ ഭൗതിക കാര്യങ്ങളുടെ നടത്തിപ്പുകാരനുമായുള്ള തോമാമാര്‍ഗത്തെ ദൂരെ എറിഞ്ഞും,മെത്രാന്‍ കേന്ദ്രീകൃതമായ ലത്തീന്‍ ഭരണക്രമം ആവാഹിച്ചെടുത്തും, ക്‌നാനായ്ക്കാര്‍ കൊണ്ടുവന്ന സുറിയാനി ആരാധനാക്രമം എടുത്തണിഞ്ഞും, നിലനില്‍ക്കുന്ന സീറോമലബാര്‍ എന്ന സങ്കരസഭ അവരുടെ യത്ഥാര്‍ത്ഥ ചരിത്രത്തെയോ തോമാമാര്‍ഗത്തെയോ പരിഗണിക്കുന്നേയില്ല.

അല്മായ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും ഡയറക്ടര്‍മാരുടെ സമ്മേളനത്തില്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ആവശ്യം വ്യക്തമാക്കുകയുണ്ടായി എന്ന് ആലഞ്ചേരിപിതാവ് ഇടയലേഖനത്തില്‍ എഴുതുന്നുണ്ട്. സീറോമലബാര്‍ സഭയിലെ സംഘടനകളുടെയെല്ലാം ഡയറക്ടര്‍മാര്‍ വൈദികരാണെന്നോര്‍ക്കണം. ഇവര്‍ ചേര്‍ന്നിരുന്നാണ് അല്മായര്‍ക്കായി ഭാവിപരിപാടികള്‍ ആസൂത്രണംചെയ്യുന്നത് എന്തൊരു വിരോധാഭാസം. മെത്രാനാല്‍ നയിക്കുന്ന ഔദ്യോഗിക അത്മായ സംഘടനകള്‍ മെത്രാന്റെ വാലായി മാറുക എന്ന ദൗത്യമാണ് ഏറ്റെടുക്കാനാകുക എന്നത് തെളിയിക്കപ്പെട്ട സത്യമാണ്.

പിതാവെഴുതുന്നു; അന്യായ പലിശ, സാധുജന ചൂഷണം, കരാര്‍ ലംഘനങ്ങള്‍, ആഡംമ്പരചിലവുകള്‍ തുടങ്ങിയ തിന്മകളില്‍ നിന്നും സഭാമക്കള്‍ അകന്നു നില്‍ക്കണമെന്ന്. ഇതിലെ യാത്ഥാര്‍ത്ഥ്യം പരിശോധിക്കേണ്ടതുണ്ട്. സാധുജന സേവനം ചെയ്തുവന്നിരുന്ന സന്യാസി, സന്യാസിനികള്‍ സാധുജനങ്ങളെ വിട്ട് ഹൈടക് വിദ്യാലയങ്ങള്‍ നടത്തി സാധുജന ചൂഷണം നടത്തുകയാണ്. വൈദികരുമായുള്ള കരാറുകള്‍, കന്‍സ്ട്രക്ഷന്‍ മേഖല ഉള്‍പ്പെടെ കരാര്‍ ലംഘനങ്ങള്‍ നടത്തുന്നത് സഭാനേതൃത്വമാണ്. ആഡംബര ചിലവുകളുടെ കാര്യത്തില്‍ സഭാനേതൃത്വവും സമ്പന്ന വിശ്വാസികളും തമ്മില്‍ മത്സരം തന്നെയുണ്ട്. അതിനാല്‍ സഭാമക്കളെക്കാള്‍ ആദ്യം ആഡംബരത്തില്‍നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ടത് മെത്രാന്മാര്‍തന്നെയാണ്.

സീറോമലബാര്‍ സഭാകേന്ദ്രത്തില്‍നിന്നും പുറത്തുവന്ന പ്രസ്തുത ഇടയലേഖനം വളരെ ദുര്‍ബലവും, ബാലിശവും, പരസ്പര വിരുദ്ധവും, ചരിത്രവസ്തുതകളോട് നീതി പുലര്‍ത്തുന്നതായിരുന്നില്ല എന്ന് ഖോദപൂര്‍വ്വം പറയട്ടെ.
   
സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപനത്തിന്റെ ആഘോഷങ്ങള്‍ വരുന്ന കാലത്തെങ്കിലും സുറിയാനിയുടെ ആവിര്‍ഭാവത്തെക്കുറിച്ചും ക്‌നാനായക്കാരുടെ സംഭാവനയെക്കുറിച്ചും മറ്റും പരാമര്‍ശിക്കുമെന്ന് കരുതുന്നു. കാനാനായ സമൂഹത്തിനു ബാധകമാകാത്ത ഒരു ഇടയലേഖനം അവരുടെ അതിരൂപതയില്‍ വായിക്കാന്‍ അയച്ചുകൊടുത്തത് അവിവേകമായി പോയിഎന്നും പ്രസ്താവിച്ചുകൊള്ളുന്നു.

ഡോമിനിക്ക് സാവിയോ
വാച്ചാച്ചിറയില്‍
Mob - 9446140026

No comments:

Post a Comment